എഡിറ്റര്‍
എഡിറ്റര്‍
ദീപികയ്‌ക്കെതിരായ ഭീഷണികള്‍ നാണക്കേട്; പത്മാവതി തങ്ങള്‍ക്കെല്ലാം അഭിമാനമാണെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്നും ഷാഹിദ് കപൂര്‍
എഡിറ്റര്‍
Monday 20th November 2017 10:18pm

പനാജി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രമായ പത്മാവതിയ്‌ക്കെതിരായ വിവാദത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകന്‍ ഷാഹിദ് കപൂര്‍. വിവാദത്തില്‍ രോക്ഷാകുലനാകുന്നതിനേക്കാള്‍ തനിക്ക് താല്‍പര്യം ശാന്തമായി ശുഭാപ്തി വിശ്വാസത്തോടെ കാത്തരിക്കുകയാണെന്നായിരുന്നു ഷാഹിദിന്റെ പ്രതികരണം.

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു ഷാഹിദ്. ‘ചിലപ്പോള്‍ ഇതുപോലുള്ള സിനിമകള്‍ പ്രതിസന്ധിയിലാകാറുണ്ട്. അവസാന നിമിഷം വരെ ശുഭാപ്തി വിശ്വാസത്തോടെയിരിക്കാനാണ് എനിക്കിഷ്ടം. ദേഷ്യപ്പെടേണ്ട സമയമല്ലിത്. നിങ്ങളുടെ കൂള്‍ നെസ് കൈവിടേണ്ട സമയവുമല്ല. അതൊക്കെ വേറെ ആളുകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ട് പ്രൊസസില്‍ വിശ്വസിക്കുന്നു എന്ന് പറയാനാണ് എനിക്ക് ഇഷ്ടം.’ താരം പറയുന്നു.

‘പത്മാവതി പുറത്തു വരുമെന്ന് എനിക്കുറപ്പാണ്. ചിത്രത്തെ കുറിച്ച് ഞങ്ങള്‍ക്കെല്ലാം അഭിമാനമാണ്. ആളുകള്‍ കാണുന്നതോടെ ഇതെല്ലാം മറക്കുമെന്നുറപ്പാണ്.’ ഷാഹിദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ചിത്രത്തിലെ നായികയായ ദീപിക പദുക്കോണിന് എതിരായ ഭീഷണികള്‍ നാണക്കേടാണെന്നും ഷാഹിദ് തുറന്നടിച്ചു. വിവാദം അനാവശ്യമാണെന്നും താരം പറഞ്ഞു. എന്നാല്‍ ഏതെങ്കിലും ഗ്രൂപ്പിനെ എടുത്ത് പറഞ്ഞ് പ്രതികരിക്കാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ചിത്രത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങും പറഞ്ഞിരുന്നു.

അതേ സമയം പത്മാവതിയുടെ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും ബോര്‍ഡിന്റെ പരിഗണനയിലുള്ള കാര്യത്തില്‍ കോടതി ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

നേരത്തെ ചിത്രത്തിനും സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിക്കും പത്മാവതിയായി വേഷമിട്ട ദീപിക പദുകോണിനെതിരെയും ആക്രമണത്തിന് ആഹ്വാനം വന്നിരുന്നു. ഹരിയാനയിലെ ബി.ജെ.പി നേതാവും മാധ്യമ കോര്‍ഡിനേറ്ററുമായ സൂരജ് പാല്‍ അമു ആണ് ഇരുവരെയും കൊല്ലുന്നവര്‍ക്ക് പത്തുകോടി വാഗ്ദാനം ചെയ്തിരുന്നത്.

Advertisement