ആ യുവനടന്‍ ഭീകരമായ ജെന്റില്‍മാന്‍; സിനിമക്ക് വേണ്ടി നൈറ്റ് പെട്രോളിങ്ങിന് പോയി: ഷാഹി കബീര്‍
Entertainment news
ആ യുവനടന്‍ ഭീകരമായ ജെന്റില്‍മാന്‍; സിനിമക്ക് വേണ്ടി നൈറ്റ് പെട്രോളിങ്ങിന് പോയി: ഷാഹി കബീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th June 2025, 10:18 am

ഒട്ടും ഹൈപ്പില്ലാതെ വന്ന് ഹിറ്റായ ചിത്രമായിരുന്നു 2018ല്‍ പുറത്തിറങ്ങിയ ജോസഫ്. യഥാര്‍ത്ഥ ജീവിതത്തിലെ കഥകള്‍ കോര്‍ത്തിണക്കിയ ചിത്രത്തിന്റെ നട്ടെല്ല് തിരക്കഥയായിരുന്നു. ഷാഹി കബീര്‍ എന്ന രചയിതാവിന്റെ ഉത്ഭവം കൂടിയായിരുന്നു ജോസഫ്.

പിന്നീട് നായാട്ട് എന്ന സിനിമയിലൂടെ തന്റെ മികവ് ഒന്നുകൂടെ തെളിയിച്ച ഷാഹി ഇലവീഴാ പൂഞ്ചിറ എന്ന സിനിമയിലൂടെ തന്റെ സംവിധാന മികവും തളിയിച്ചു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ തിരക്കഥയും ഷാഹിയുടേതായിരുന്നു.

ഇപ്പോള്‍ ഷാഹി കബീറിന്റെ സംവിധാനത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റോന്ത്. രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തിജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് ഇത്.

യോഹന്നാന്‍ എന്ന പരുക്കനായ പൊലീസുകാരനായി ദിലീഷ് പോത്തന്‍ എത്തുമ്പോള്‍ ദിന്‍നാഥ് എന്ന പൊലീസ് ഡ്രൈവറായി അഭിനയിക്കുന്നത് നടന്‍ റോഷന്‍ മാത്യുവാണ്. ഇപ്പോള്‍ റോഷനെ കുറിച്ച് പറയുകയാണ് ഷാഹി കബീര്‍.

ഒരു ഭീകരമായ ജെന്റില്‍മാനാണ് റോഷന്‍ മാത്യുവെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ കൂടെ നടന്‍ ക്യാമ്പിലും നൈറ്റ് പെട്രോളിങ്ങിനും വന്നിരുന്നുവെന്നും ഷാഹി പറഞ്ഞു. റോന്ത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ഭീകരമായ ജെന്റില്‍മാനാണ് റോഷന്‍ മാത്യു. എന്റെ കൂടെ അവന്‍ കുട്ടിക്കാനം ക്യാമ്പിലും മണിയാര്‍ ക്യാമ്പിലും വന്നിരുന്നു. ഒരു സ്ഥലത്ത് നൈറ്റ് പെട്രോളിങ്ങിന് പോകുകയും അത് എക്സ്പീരിയന്‍സ് ചെയ്യുകയും ചെയ്തു. അവന്‍ തന്നെ ആഗ്രഹിച്ച് ചെയ്തതായിരുന്നു അത്,’ ഷാഹി കബീര്‍ പറയുന്നു.

അഭിമുഖത്തില്‍ ദിലീഷ് പോത്തനും റോഷന്‍ മാത്യുവിനെ കുറിച്ച് സംസാരിച്ചു. നടനൊപ്പമുള്ള അനുഭവം വളരെ നല്ലതായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വളരെ ഡെഡിക്കേറ്റഡായ നടനാണ് റോഷനെന്നും സിനിമയല്ലാതെ മറ്റൊന്നും അവന്റെ മനസിലില്ലെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു.


Content Highlight: Shahi Kabir Talks About Roshan Mathew