ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദി. ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഷഹീന്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ലാഹോറില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കെതിരെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയാണ് ഷഹീന്‍ തിളങ്ങിയത്.
ഓസീസ് ഓപ്പണര്‍ അലക്‌സ് ക്യാരിയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഷഹീന്‍ കരുത്തുകാട്ടിയത്. ഏകദിനത്തില്‍ പാകിസ്ഥാന് വേണ്ടി ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനായാണ് ഷഹീന്‍ മാറിയത്.
ഷഹീന് മുമ്പ് പാകിസ്ഥാന് വേണ്ടി രണ്ട് ക്യാപ്റ്റന്‍മാര്‍ മാത്രമാണ് ഈ അപൂര്‍വ്വ നേട്ടം കൈപ്പിടിയിലാക്കിയിട്ടുള്ളു. ആദ്യമായി ഈ നേട്ടത്തിലെത്തിയത് മുന്‍ നായകന്‍ വസീം അക്രമായിരുന്നു. 1993ല്‍ കറാച്ചിയില്‍ നടന്ന സിംബാബ്വേക്കെതിരെയുള്ള മത്സരത്തില്‍ ആന്‍ഡി ഫ്ലവറിനെ പുറത്താക്കിയാണ് വസിം ആദ്യമായി നേട്ടത്തില്‍ എത്തിയത്.
ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ് ആയിരുന്നു. 2001ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന മത്സരത്തില്‍ മസ്‌കസ് ട്രെസ്‌കോത്തിനെ ആദ്യ പന്തില്‍ പുറത്താക്കിയാണ് വഖാര്‍ ഈ നേട്ടം കൈവരിച്ചത്.
വഖാര്‍ യൂനിസ്
ഇപ്പോള്‍ നീണ്ട 25 വര്‍ഷങ്ങള്‍ക്കുശേഷം ഷഹീനും ഈ നേട്ടം തന്റെ പേരിലാക്കി മാറ്റിയിരിക്കുകയാണ്. മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് പാക് ക്യാപ്റ്റന്‍ തിളങ്ങിയത്.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് നേടിയത്. ഓസീസ് നിരയില്‍ കാമറൂണ്‍ ഗ്രീന്‍(53), ക്യാപ്റ്റന്‍ ജോഷ് ഇംഗ്ലിസ്(51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
പാകിസ്ഥാന്‍ ബൗളിങ്ങില്‍ ഷഹീന് പുറമേ ഹാരിസ് റൗഫ്, അറഫാത്ത് മിന്‍ഹാസ്, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
Content Highlight: Shaheen Afridi create a rare record in odi cricket for Pakisthan