കിഷന്റെ മികവ് മാത്രമല്ല, ജാര്‍ഖണ്ഡിന്റെ വിജയത്തില്‍ ധോണിയുടെ അദൃശ്യ കൈകളും? ഷഹബാസ് നദീം പറയുന്നതിങ്ങനെ
Cricket
കിഷന്റെ മികവ് മാത്രമല്ല, ജാര്‍ഖണ്ഡിന്റെ വിജയത്തില്‍ ധോണിയുടെ അദൃശ്യ കൈകളും? ഷഹബാസ് നദീം പറയുന്നതിങ്ങനെ
ഫസീഹ പി.സി.
Thursday, 25th December 2025, 7:57 pm

 

സയ്യിദ് മുസ്താഖ് അലി ട്രോഫിയില്‍ ഇഷാന്‍ കിഷന്റെ ടീമായ ജാര്‍ഖണ്ഡ് ജേതാക്കളായിരുന്നു. ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ ഹരിയാനയെ തകര്‍ത്തായിരുന്നു ടീമിന്റെ കന്നി കിരീടനേട്ടം. മത്സരത്തില്‍ 69 റണ്‍സിന്റെ വിജയം സ്വന്തമാക്കിയായിരുന്നു കിഷനും സംഘവും തങ്ങളുടെ ആദ്യ കിരീടത്തില്‍ മുത്തമിട്ടത്.

ജാര്‍ഖണ്ഡ് തങ്ങളുടെ ആദ്യ സയ്യിദ് മുസ്താഖ് അലി കിരീടം അക്കൗണ്ടിലെത്തിക്കുമ്പോള്‍ അതിനായി ചുക്കാന്‍ പിടിച്ചത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനായിരുന്നു. ഫൈനലില്‍ സെഞ്ച്വറി അടിച്ച് ടീമിനെ മികച്ച സ്‌കോറില്‍ എത്തിക്കുക മാത്രമല്ല താരം ചെയ്തത്. ടൂര്‍ണമെന്റില്‍ ഒന്നാകെ ബാറ്റ് കൊണ്ട് തിളങ്ങിയായിരുന്നു 27കാരന്‍ തന്റെ ടീമിന് കിരീടം സമ്മാനിച്ചത്.

സയ്യിദ് മുസ്താഖ് അലി ടൂർണമെന്റിനിടെ ഇഷാൻ കിഷൻ. Photo: Arshy/x.com

എന്നാലിപ്പോള്‍ ജാര്‍ഖണ്ഡിന്റെ കിരീടനേട്ടത്തില്‍ സാക്ഷാല്‍ എം.എസ്. ധോണിക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ജെ.എസ്. സി.എ) ജോയിന്റ് സെകട്ടറി ഷഹബാസ് നദീം. 2024-25 സീസണിന് മുന്നോടിയായി ബോര്‍ഡില്‍ വരുത്തിയ വ്യാപകമായ ഭരണപരവും സാങ്കേതികവുമായ മാറ്റങ്ങളില്‍ ധോണിയുടെ ഉപദേശം സ്വീകരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ടീമിന്റെ മുഖ്യ പരിശീലകനെ നിയമിക്കുന്നതിലും ധോണിയുടെ ഉപദേശമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു ഷഹബാസ് നദീം.

ഷഹബാസ് നദീം. Photo: Mufaddal Vohra/x.com

‘ഈ സീസണിന്റെ തുടക്കത്തില്‍ പരിശീലക സംഘത്തിനെ നിയമിക്കുന്നതിലടക്കം ഞങ്ങള്‍ അദ്ദേഹത്തിന്റെ (എം.എസ് ധോണിയുടെ) ഉപദേശങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചിരുന്നു. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് മുഴുവനായും പിന്തുടര്‍ന്ന് അദ്ദേഹം മത്സരങ്ങള്‍ വിലയിരുത്തി. ടീമിന്റെ ശക്തിയും പോരായ്മകളും ഞങ്ങളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു,’ ഷഹബാസ് നദീം പറഞ്ഞു.

അതേസമയം, സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ജാര്‍ഖണ്ഡ് കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ കളിച്ച 11 മത്സരങ്ങളിലും പത്തിലും ടീം വിജയിച്ചിരുന്നു. ക്യാപ്റ്റന്‍ കിഷന് ഒപ്പം തന്നെ കുമാര്‍ കുശാഗ്ര, അനുകുല്‍ റോയ് എന്നിവരും മികവ് പുലര്‍ത്തി. ഇവരുടെ എല്ലാം കൂട്ടായ പ്രകടനമാണ് ജാര്‍ഖണ്ഡിന് ഈ സ്വപ്ന നേട്ടം സമ്മാനിച്ചത്.

Content Highlight: Shahbaz Nadeem revealed that MS Dhoni helped Jharkhand to win Syed Mushtaq Ali Trophy

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി