എ.ഐയുടെ കാലത്ത് പലരുടെയും ക്രിയേറ്റിവിയുടെ വ്യത്യസ്ത തലങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയുന്നത്. ഇഷ്ട നടന്റെ മുഖം മറ്റ് സിനിമകളില്‍ മാച്ചാകുമോ എന്ന് പരീക്ഷിക്കുന്ന പല പോസ്റ്റുകളും അടുത്തിടെ വൈറലായി. മലയാളത്തിലെ പല ഹിറ്റ് സിനിമകളിലെയും നായകന്മാരെ മാറ്റി പകരം മറ്റൊരാളെ അതിലേക്ക് പരീക്ഷിക്കുന്ന എ.ഐ പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ്.
അത്തരത്തിലൊരു പോസ്റ്റാണ് കഴിഞ്ഞദിവസം സിനിമാപ്രേമികളെ ഞെട്ടിച്ചത്. വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റര്‍ എന്ന ചിത്രത്തിലെ നായകനായി ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാന്‍ എത്തിയാല്‍ എങ്ങനെയുണ്ടാകുമെന്ന പോസ്റ്റാണ് വൈറലായത്. ക്യാരക്ടര്‍ സ്വാപ് പോസ്റ്റുകളിലൂടെ ശ്രദ്ധ നേടിയ ആറ്റിപ്രാക്കല്‍ ജിമ്മി എന്ന പേജാണ് ഈ പോസ്റ്റും പങ്കുവെച്ചത്.
Shah Rukh Khan Photo: Facebook/ ആറ്റിപ്രാക്കല്‍ ജിമ്മി
വിജയ്‌യുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ ജെ.ഡി ഷാരൂഖ് ഖാന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ ഗംഭീരമായേനെ എന്നാണ് പല കമന്റുകളും. ഷാരൂഖിന് ടെയ്‌ലര്‍ മേഡ് കഥാപാത്രമാണിതെന്നും ഗംഭീര പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ചേനെയെന്നും പലരും അഭിപ്രായപ്പെടുന്നു. ആല്‍ക്കഹോളിക് കഥാപാത്രമായി കിങ് ഖാന്റെ മാസ്മരിക പ്രകടനം തന്നെയാകുമെന്നും ആരാധകര്‍ കമന്റ് പങ്കുവെച്ചു.
ജെ.ഡിയായി ഷാരൂഖാണെങ്കില്‍ വില്ലന്‍ കഥാപാത്രമായ ഭവാനിയായി അര്‍ജുന്‍ രാംപാലോ സെയ്ഫ് അലി ഖാനോ വേഷമിടണമെന്നും കമന്റുകളുണ്ട്. ഓരോ ചിത്രവും ഗംഭീരമായി റീ ക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നും ഇതുവരെ വന്നതില്‍ ഏറ്റവും മികച്ചത് ഈ പോസ്റ്റാണെന്നും നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു. ഭാവിയില്‍ മാസ്റ്റര്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കേണ്ടി വരില്ലെന്നും കമന്റുകളുണ്ട്.
Shah Rukh Khan Photo: Facebook/ ആറ്റിപ്രാക്കല്‍ ജിമ്മി
കഴിഞ്ഞദിവസം ഈ ഐ.ഡിയില്‍ നിന്നുവന്ന മറ്റ് പോസ്റ്റുകളും വൈറലായിരുന്നു. മോഹന്‍ലാല്‍ നായകനായ കണ്ണൂര്‍ സ്‌ക്വാഡ്, ദുല്‍ഖറിന്റെ തല്ലുമാല, പൃഥ്വിയുടെ എ.ആര്‍.എം, നിവിന്‍ പോളിയുടെ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, മമ്മൂട്ടിയുടെ ലൂസിഫര്‍ എന്നീ എ.ഐ പോസ്റ്റുകളെല്ലാം സിനിമാപേജുകളില്‍ ചര്‍ച്ചാവിഷയമായി.