പിറന്നാള്‍ ദിനത്തില്‍ കിങ് ഖാന്റെ കത്തിക്കല്‍; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കുവെച്ച് ഷാരൂഖ് ഖാന്‍
Indian Cinema
പിറന്നാള്‍ ദിനത്തില്‍ കിങ് ഖാന്റെ കത്തിക്കല്‍; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കുവെച്ച് ഷാരൂഖ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd November 2025, 3:05 pm

തന്റെ 60ാം പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റുമായി ഷാരൂഖ് ഖാന്‍. സമൂഹമാധ്യങ്ങളിലൂടെയൊണ് താരം കിങ് സിനിമയുടെ ടൈറ്റില്‍ റിവീല്‍ ടീസര്‍ പങ്കുവെച്ചത്.

പഠാന്റെ സംവിധായകന്‍ സിന്ദാര്‍ഥ് ആനന്ദാണ് കിങ് സംവിധാനം ചെയ്യുന്നത്. ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, റാണി മുഖര്‍ ജി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. റെഡ് ചില്ലീസ് എന്റര്‍ടെയ്‌മെന്റും മാര്‍ഫ്‌ലിക്‌സ് പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഗംഭീര ഗെറ്റപ്പിലാണ് ഷാരൂഖ് എത്തിയിരിക്കുന്നത്. പതിവില്‍ നിന്ന് മാറി ഒരു സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരം ടീസറില്‍ പ്രത്യക്ഷപ്പെട്ടത്. വയലന്‍സും മാസുമൊക്കെ നിറഞ്ഞ ഒരു സിനിമയാകും കിങ് എന്നാണ് ടൈറ്റില്‍ റീവില്‍ ടീസര്‍ നല്‍കുന്ന സൂചന.

പഠാന്‍, ജവാന്‍, ഡങ്കി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്റേതായി ഒരു ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. പഠാന് ശേഷം സിദ്ധാര്‍ഥും ഷാരൂഖാനും ഒന്നിക്കുന്ന സിനിമക്ക് വന്‍ ഹൈപ്പാണുള്ളത്. 2026ല്‍ കിങ് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ഷാരൂഖ് സിനിമയിലേക്കെത്തിയത്. വില്ലനായി കരിയര്‍ ആരംഭിച്ച ഷാരൂഖ് പിന്നീട് ബോളിവുഡ് തന്റെ കാല്‍ക്കീഴിലാക്കുകയായിരുന്നു. ഇടയ്ക്ക് തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്ന കിങ് ഖാന്‍ നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.

Content highlight: Shah Rukh Khan has updated his new film on his 60th birthday