അംബാനിയുടെ വിവാഹ ചടങ്ങില്‍ 'ജയ് ശ്രീറാം' വിളിച്ച് ഷാരൂഖ് ഖാന്‍; ശ്രീരാമനെ അപമാനിച്ചെന്ന് ഒരു കൂട്ടര്‍, ഇ.ഡി പേടിയെന്ന് ചിലര്‍; വിവാദം
national news
അംബാനിയുടെ വിവാഹ ചടങ്ങില്‍ 'ജയ് ശ്രീറാം' വിളിച്ച് ഷാരൂഖ് ഖാന്‍; ശ്രീരാമനെ അപമാനിച്ചെന്ന് ഒരു കൂട്ടര്‍, ഇ.ഡി പേടിയെന്ന് ചിലര്‍; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2024, 1:19 pm

ഗുജറാത്ത്: അനന്ത് അംബാനിയുടെ വിവാഹ ചടങ്ങിനിടെ അതിഥികളെ ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ട് അഭിവാദ്യം ചെയ്ത ഷാരൂഖ് ഖാനെതിരെ വിമര്‍ശനം. ജാംനഗറില്‍ വെച്ചുനടക്കുന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിലേക്ക് അതിഥികളെ ക്ഷണിക്കുകയായിരുന്നു ഷാരൂഖ്.

കലാകാരന്മാരെ പരിചയപ്പെടുത്തുന്നതിന് മുമ്പ് ജയ് ശ്രീറാം എന്ന് പറഞ്ഞുകൊണ്ട് സദസിനെ ഷാരൂഖ് ഖാന്‍ അഭിവാദ്യം ചെയ്തു. ‘ജയ് ശ്രീറാം.., ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ. പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഇല്ലാതെ ഒരു കൂട്ടായ്മ മുന്നോട്ട് പോകില്ല,’ എന്ന് ഷാരൂഖ് പറഞ്ഞു.

എന്നാല്‍ ഷാരൂഖിനെതിരേ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് നിലവില്‍ ഉയരുന്നത്. ഹിന്ദു ദൈവമായ ശ്രീരാമനെ പൊതുസദസില്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇതുസംബന്ധിച്ച വീഡിയോകള്‍ക്ക് താഴെ വിദ്വേഷ കമന്റുകള്‍ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

‘പണത്തിനായി ഷാരൂഖ് എന്തും പറയും. സ്വന്തം മതത്തെ പോലും മറക്കുന്നു. ഷാരൂഖിന് ഇതിനായി വന്‍ തുക ലഭിച്ചിരിക്കണം,’ എന്ന് താരത്തിനെതിരെ ഒരാള്‍ ആരോപണം ഉയര്‍ത്തി. താരത്തിന്റെ കയ്യില്‍ കള്ളപ്പണം ഉണ്ടാവുമെന്നും ഇനി പേടിക്കേണ്ടതില്ലെന്നും വിമര്‍ശകര്‍ പറഞ്ഞു.

ജയ് ശ്രീറാം എന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് വരാതിരിക്കാനുള്ള മന്ത്രമാണെന്നും വിമര്‍ശകര്‍ പറയുന്നു. താരത്തിന്റെ മകനുമായി ബന്ധപ്പെട്ട കേസ് കുത്തിപ്പൊക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലക്കായിരിക്കും ജയ് ശ്രീറാം എന്ന് വിളിച്ചതെന്നും സമൂഹ മാധ്യമങ്ങള്‍ പറഞ്ഞു.

അംബാനിയുടെ വിവാഹ ചടങ്ങുകള്‍ക്ക് പ്രാധാന്യം കൊടുത്ത് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. രാജ്യത്ത് നടക്കുന്ന മറ്റു പ്രധാന വിഷയങ്ങളും മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

Content Highlight: Shah Rukh Khan chanted ‘Jai Shri Ram’ at Ambani’s wedding