പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ പൊതുപരിപാടിയിൽ പങ്കെടുപ്പിക്കാൻ നീക്കവുമായി ഷാഫി – രാഹുൽ വിഭാഗം. പാർട്ടിക്കും ഗ്രൂപ്പിനും സ്വാധീനമുള്ള ക്ലബുകൾ, റെസിഡൻസ് അസോസിയേഷൻ തുടങ്ങിയ ഇടങ്ങളിലായിരിക്കും പങ്കെടുപ്പിക്കുകയെന്നാണ് വിവരം.
നേരത്തെ ചേർന്ന ഗ്രൂപ്പ് യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മാധ്യമങ്ങൾക്കുപ്പോലും വിവരം നൽകാതെ രഹസ്യമായി മാങ്കൂട്ടത്തിലിനെ പരിപാടിയിൽ എത്തിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. പരിപാടിയിൽ പോസ്റ്ററുകളോ പ്രചാരണമോ വേണ്ടെന്നും തീരുമാനമുണ്ട്.
പരിപാടിയിൽ പങ്കെടുക്കുന്നത് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു.
പാലക്കാട് നഗരസഭയിലെ 36ാം വാർഡിൽ നടന്ന കുടുംബശ്രീയുടെ വാർഷിക പരിപാടിയിലും കെ.എസ്. ആർ ടി.സി ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും രാഹുൽ പങ്കെടുത്തിരുന്നു.
ഈ രണ്ട് പരിപാടിയിലും രാഹുൽ പങ്കെടുക്കുന്നുണ്ടെന്ന വിവരം സംഘാടകർ രഹസ്യമായി സൂക്ഷിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ. യൂത്ത് കോൺഗ്രസ് ഭാരവാഹിയും കൗൺസിലറുമായ മൻസൂർ മണലാഞ്ചേരിയുടെ വാർഡിലാണ് പരിപാടി നടന്നത്.
പാലക്കാട് – ബെംഗളൂരു കെ.എസ് ആർ ടി സിയുടെ എ.സി ബസ് സർവീസ് രാഹുൽ ഫ്ലാഗ് ഓഫ് ചെയ്യാനും രാഹുൽ മാങ്കൂട്ടത്തിൽ രഹസ്യമായാണ് എത്തിയത്. പരിപാടിയുടെ ഫോട്ടോകൾ എം.എൽ.എയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ഡി.വൈ.എഫ്. ഐ, സി.പി.ഐ.എം, ബി.ജെ.പി സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ഉയർന്നുവരുന്നത്.
Content Highlight: Shafi – Rahul faction moves to have Rahul Mangkootatil participate in public events again