ഷാഫി പറമ്പിലിന് തടവും പിഴയും; നടപടി ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍
Kerala
ഷാഫി പറമ്പിലിന് തടവും പിഴയും; നടപടി ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍
രാഗേന്ദു. പി.ആര്‍
Tuesday, 27th January 2026, 3:05 pm

പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വടകര എം.പിയും പാലക്കാട് മുന്‍ എം.എല്‍.എയുമായ ഷാഫി പറമ്പിലിന് തടവും പിഴയും.

കോടതി പിരിയും വരെ തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2022 ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായിരുന്ന ഷാഫി പറമ്പില്‍ ദേശീയപാത തടഞ്ഞത്.

ഷാഫിയും നാല്‍പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗതാഗതം തടസപ്പെടുത്തിയത്. പാലക്കാട്ടെ ചന്ദ്രനഗറിലെ ചെമ്പലോട് പാലത്തിനരികിലെ ദേശീയപാതയാണ് ഷാഫിയും സംഘവും തടഞ്ഞത്.

കഴിഞ്ഞയാഴ്ച ഷാഫി പറമ്പിലിനെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ ഹാജരാകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കേസിലെ ഒന്നാംപ്രതിയാണ് ഷാഫി പറമ്പില്‍. പാലക്കാട് കസബ പൊലീസാണ് ഷാഫിക്കെതിരെ കേസെടുത്തത്.

കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ പി. സരിന്‍ ഈ കേസിലെ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ സരിന് 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും വിധിച്ചിരുന്നു.

Content Highlight: Shafi Parambil sentenced to prison and fine; action in case related to blocking the national highway

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.