പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൗരവതരമായ നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പില്‍ എം.പി.
ആക്ഷേപം വന്നയുടന്‍ പാര്‍ട്ടി നടപടി സ്വീകരിച്ചു. രേഖാമൂലം പരാതി ലഭിച്ചപ്പോള്‍ ആരെയും സംരക്ഷിക്കാനല്ല പാര്‍ട്ടി ശ്രമിച്ചത്, പരാതി ഡി.ജി.പിയ്ക്ക് കൈമാറുകയായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാങ്കൂട്ടത്തിലിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെ മാത്രമാണ് താൻ പിന്തുണച്ചത്. കോണ്‍ഗ്രസിലൂടെ തന്നെയാണ് രാഹുലുമായി ഒരു വ്യക്തിബന്ധം ഉണ്ടായതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പുതിയ തലമുറയെ പിന്തുണക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
ക്രിമിനല്‍ പശ്ചാത്തലമുള്ള പരാതികള്‍ ലഭിക്കുന്നതിന് മുമ്പേ രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. തുടക്കത്തിലെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചിരുന്നുവെന്നും ഷാഫി പറമ്പില്‍ ആവര്‍ത്തിച്ചു.
പാര്‍ട്ടിയുടെ തീരുമാനം തനിക്കും ബാധകമാണ്. പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് തന്റേതെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
എം.എ. ഷഹനാസിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഷാഫി പറമ്പില്‍ തയ്യാറായില്ല. രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ഷാഫി ഒഴുഞ്ഞുമാറുകയാണ് ചെയ്തത്.
രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫി പറമ്പിലിനോട് അപേക്ഷിച്ചിരുന്നുവെന്നായിരുന്നു ഷഹനാസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ പുച്ഛവും പരിഹാസവുമായിരുന്നു മറുപടിയെന്നും ഷഹനാസ് പറഞ്ഞിരുന്നു.
പിന്നാലെ കെ.പി.സി.സി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഷഹനാസിനെ പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് സഹയാത്രികയായ ഷഹനാസ് സംസ്‌കാര സാഹിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
അതേസമയം നടപടി വിവാദമായതോടെ ഷഹനാസിനെ തിരിച്ചെടുക്കുകയും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. രാഹുല്‍ തന്നോടും മോശമായി പെരുമാറിയെന്നും ഷാഫി പറമ്പിലിനോട് ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമായിരുന്നു ഷഹനാസിന്റെ പ്രധാന വെളിപ്പെടുത്തല്‍.
Content Highlight: Shafi Parambil says Congress has taken serious action against Rahul Mamkootathil