കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. മോദിയെ സുഖിപ്പിക്കാന്‍ വേണ്ടി എസ്.എഫ്.ഐയുടെ തെമ്മാടികള്‍ കാണിച്ച തോന്നിവാസമാണ് കല്‍പ്പറ്റയില്‍ നടന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
എസ്.എഫ്.ഐയുടെ ആക്രമണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സ്ഥലകാല ബോധവും ബുദ്ധിയും നഷ്ട്ടപ്പെട്ട എസ്.എഫ്.ഐ തെമ്മാടികള്‍ പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കാന്‍ കാണിച്ച തോന്നിവാസമാണ് കല്‍പ്പറ്റ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന ഗുണ്ടായിസം. ജനാധിപത്യ പ്രതിരോധം തീര്‍ക്കും. ഇതിനു മാപ്പില്ല.
സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കും.
മോദിക്കെതിരെ സമരം ചെയ്യാന്‍ മുട്ട് വിറക്കുന്ന സി.പി.ഐ.എമ്മും കുട്ടി സഖാക്കളും കാണിച്ച തെമ്മാടിത്തരത്തില്‍ യെച്ചൂരിയുടെ നിലപാട് അറിയണം.
രണ്ട് മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കള്ളക്കേസെടുത്ത പിണറായിയുടെയും സംഘത്തിന്റെയും മോദി പ്രീണനമാണ് കല്‍പറ്റയില്‍ കണ്ടത്,’ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.