എ ഗ്രൂപ്പ് യോഗം, വാര്‍ത്ത നിഷേധിച്ച് ഷാഫി പറമ്പില്‍; മണ്ഡലത്തില്‍ വരണോ വേണ്ടയോയെന്ന് രാഹുല്‍ തീരുമാനിക്കട്ടെ
Kerala
എ ഗ്രൂപ്പ് യോഗം, വാര്‍ത്ത നിഷേധിച്ച് ഷാഫി പറമ്പില്‍; മണ്ഡലത്തില്‍ വരണോ വേണ്ടയോയെന്ന് രാഹുല്‍ തീരുമാനിക്കട്ടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th August 2025, 9:05 pm

കോഴിക്കോട്: രാഹുല്‍ മാക്കൂട്ടത്തിലിനെ പാലക്കാട് സജീവമാക്കാന്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് ഷാഫി പറമ്പില്‍ എം.പി. താന്‍ ഓഫീസില്‍ ഇരുന്നാണ് ജനങ്ങളെ കണ്ടതെന്നും മാധ്യമങ്ങളും അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടില്‍ വെച്ച് എ ഗ്രൂപ്പ് യോഗം ചേര്‍ന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ പോകാത്ത വീട്ടില്‍ വെച്ച് യോഗം ചേര്‍ന്നുവെന്നാണ് വാര്‍ത്തയെന്ന് ഷാഫി പ്രതികരിച്ചു.

സി. ചന്ദ്രന്‍ പാലക്കാട് ഉണ്ടായിരുന്നില്ലെന്നും മാധ്യമങ്ങളുടെ വിശ്വാസ്യത കളയുന്ന വാര്‍ത്തയാണ് ഇതെന്നും ഷാഫി പറഞ്ഞു. വാര്‍ത്ത തെറ്റാണെന്ന് മനസിലായിട്ടും തിരുത്തി വാര്‍ത്ത നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും എം.പി ആരോപിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. മണ്ഡലത്തില്‍ വരണോ വേണ്ടയോയെന്ന് രാഹുല്‍ തീരുമാനിക്കട്ടേയെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം വടകരയില്‍ കേട്ടാലറക്കുന്ന തെറിയും ഭീഷണിയും ഉണ്ടായപ്പോഴാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു വടകരയില്‍ ഷാഫി പറമ്പിലിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ടൗണ്‍ മുനിസിപ്പല്‍ ഹാളില്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഷാഫി പറമ്പില്‍ എം.പി.

പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് ഡി.വൈ.എഫ്.ഐ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഈ പ്രതിഷേധത്തില്‍ അസ്വസ്ഥനായ എം.പി വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.

പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ഷാഫിയോട് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിന് തയ്യാറാകാതെ എം.പി വാഹനത്തില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടന്നുപോകുകയായിരുന്നു.

Content Highlight: Shafi Parambil denies news about A Group meeting in Palakkad