സതീശന് നാല് വരിയില്‍ അഭിനന്ദനവുമായി ഷാഫി പറമ്പില്‍; ഗ്രൂപ്പ് കളിക്കാര്‍ക്ക് അല്‍പം മാറിനില്‍ക്കാമെന്ന് കമന്റുകള്‍
Kerala
സതീശന് നാല് വരിയില്‍ അഭിനന്ദനവുമായി ഷാഫി പറമ്പില്‍; ഗ്രൂപ്പ് കളിക്കാര്‍ക്ക് അല്‍പം മാറിനില്‍ക്കാമെന്ന് കമന്റുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2026, 2:44 pm

 

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വി.ഡി സതീശന് നാല് വരിയില്‍ അഭിനന്ദവുമായി ഷാഫി പറമ്പില്‍ എം.പി.

‘കേരളത്തിന്റെ, കോണ്‍ഗ്രസിന്റെ, യു.ഡി.എഫിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍’ എന്നാണ് ഷാഫി പറമ്പില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

എന്നാല്‍ ഈ പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുടെ പെരുമഴയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ അവരോധിക്കാന്‍ ഷാഫി കരുനീക്കം നടത്തിയതാണ് അണികളെ ചൊടിപ്പിച്ചത്.

തെരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫിന്റെ ഏറ്റവും വലിയ ‘ക്രൗഡ് പുള്ളര്‍’ ആയി മാറിയ ഷാഫി പറമ്പില്‍, ഗ്രൂപ്പ് കളിച്ചെന്നാണ് ഭൂരിഭാഗം കമന്റുകളിലും അണികള്‍ പറയുന്നത്.

‘ആ വന്മരത്തെ അണികള്‍ തന്നെ വീഴ്ത്തി’ എന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഷാഫിയുടെ പേജില്‍ നിറയുകയാണ്.

എം.എല്‍.എമാര്‍ കാല് വാരിയപ്പോള്‍ പൊതുജനങ്ങള്‍ കൂടെ നിന്ന ഒറ്റക്കാരണം കൊണ്ട് മാത്രം മുഖ്യമന്ത്രി ആയ ആളാണ് വി.ഡി സതീശന്‍. ഷാഫിക്ക് കാര്യം മനസ്സിലായെന്ന് തോന്നുന്നു, എന്നായിരുന്നു ഒരു കമന്റ്.

അങ്ങനെ,സമാനതകളില്ലാത്തൊരു രാഷ്ട്രീയ വഞ്ചനയെ, നേരും നെറിയും കെട്ട അല്പത്തരത്തെ, പാലം കടന്നതിനുശേഷം കൂരായണ വിളിച്ച ഉപജാപക സംഘത്തിന്റെ കള്ളത്തരങ്ങളെ മറികടന്ന് സതീശന്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായിരിക്കുന്നു. പെട്ടിതാങ്ങികളുടെ ആസനം താങ്ങാന്‍ സൗകര്യമില്ല എന്ന് പ്രഖ്യാപിച്ച ജനശക്തിയുടെ വിജയം തുടങ്ങി നിരവധി കമന്റുകളാണ് ഷാഫിയുടെ പോസ്റ്റിന് താഴെ വരുന്നത്.

ഒത്തില്ല, ഷാഫിയുടെയും കുഴല്‍ നാടന്‍മാരുടെയും ചരടുവലികള്‍ ഒത്തില്ല. മൂഞ്ചിപ്പോയി.. ക്രൗഡ് പുളളര്‍ ഒക്കെ വെറും ചീപ്പ് പില്ലര്‍ ആണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. ജനം കൂടെയില്ലെങ്കില്‍ ഏത് ഷാഫിയും വെറും മധുരമില്ലാത്ത തണുത്താറിയ കോഫിയായി മാറും എന്നിങ്ങനേയും കമന്റുകളുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വി.ഡി. സതീശന്‍ എടുത്ത മുന്‍നിലപാടുകളാണ് സതീശനോടുള്ള ഷാഫിയുടെ എതിര്‍പ്പിന് കാരണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഷാഫി ഇട്ട പഴയ പോസ്റ്റിന് താഴെയും വിമര്‍ശന കമന്റുകള്‍ നിറയുകയാണ്.

ജനഹിതത്തിനൊപ്പം നില്‍ക്കാതെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ ഷാഫി യു.ഡി.എഫ് പ്രവര്‍ത്തകരോട് മാപ്പ് പറയണമെന്നാണ് കമന്റ് ബോക്‌സുകളിലെ പ്രധാന ആവശ്യം.

സോഷ്യല്‍ മീഡിയ വഴി വളര്‍ന്ന നേതാവിനെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അണികള്‍ വിചാരണ ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

കെ.സി. വേണുഗോപാലിന് വേണ്ടി ഷാഫി പറമ്പില്‍ വി.ഡി സതീശനെ ഒറ്റുകൊടുത്തെന്ന വിമര്‍ശനമാണ് സൈബര്‍ ഇടങ്ങളില്‍ ഉയര്‍ന്നത്.

യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ ഷാഫിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

ഷാഫി വി.ഡിയ്ക്ക് എതിരായത് രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ വി.ഡി എടുത്ത നിലപാടിന്റെ പേരിലാണെന്നും അന്ന് വി.ഡി അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ പാര്‍ട്ടിയ്ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ പറ്റുമായിരുന്നോ എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും കമന്റുകളുണ്ട്.

ജനഹിതം മനസ്സിലാക്കാതെ പ്രവര്‍ത്തിച്ചാല്‍ ഗ്രൂപ്പിന്റെ വക്താവായി മാറിയാല്‍ ഷാഫി ദു:ഖിക്കേണ്ടി വരുമെന്നും ഷാഫിയുടെ ജനസമ്മിതി കുറഞ്ഞു വരികയാണെന്നും ചിലര്‍ കമന്റില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ജനങ്ങളെ പറ്റിക്കാന്‍ നോക്കിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എം.എല്‍.എ സ്ഥാനവും എം.പി സ്ഥാനവും രാഷ്ട്രീയ ഭാവിയുമെല്ലാം പോകുമെന്നും കേരളം ആരേയും വെറുതെ വീട്ടിലിരുത്താറില്ലെന്ന കാര്യം ഓര്‍ത്താല്‍ നന്നെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി.

Content Highlight: Shafi Parambil congratulates Satheesan in four lines; comments suggest ‘group players’ should step aside