മുസ്‌ലിം സ്ത്രീകളുടെ അവകാശ പോരാട്ടത്തിന്റെ ശബ്ദം, സാറ അബൂബക്കര്‍ എന്ന രാഷ്ട്രീയ ജീവിതം
DISCOURSE
മുസ്‌ലിം സ്ത്രീകളുടെ അവകാശ പോരാട്ടത്തിന്റെ ശബ്ദം, സാറ അബൂബക്കര്‍ എന്ന രാഷ്ട്രീയ ജീവിതം
ഷഫീഖ് താമരശ്ശേരി
Tuesday, 10th January 2023, 11:53 pm

രാഷ്ട്രീയമായി അടയാളപ്പെടുത്തേണ്ട ജീവിതമായിരുന്നു സാറ അബൂബക്കറിന്റേത്. ജന്മം കൊണ്ടും എഴുത്തിലെ ലോകം കൊണ്ടുമെല്ലാം പൂര്‍ണമായും മലയാളിയായിരുന്നിട്ടും കേരളം വേണ്ടവിധത്തില്‍ അറിയാതെ പോയ സാഹിത്യകാരി കൂടിയാണവര്‍.

എഴുതിയത് മുഴുവന്‍ കന്നഡയിലും സ്ഥിരതാമസം മംഗളൂരുവിലും ആയിരുന്നെങ്കിലും അവരുടെ എഴുത്തുകളില്‍ മുഴുവന്‍ ഉത്തരമലബാര്‍ ആയിരുന്നു. അവിടുത്തെ സ്ത്രീകളായിരുന്നു, ചന്ദ്രഗിരിയുടെ തീരങ്ങളിലെ ചോര പൊടിഞ്ഞ മുസ്‌ലിം സ്ത്രീ ജീവിതങ്ങളായിരുന്നു.
സ്വാതന്ത്ര്യലബ്ധിക്കും രണ്ട് പതിറ്റാണ്ട് മുമ്പ് കാസര്‍ഗോട്ടെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച സാറ എന്ന പെണ്‍കുട്ടി കന്നഡയിലെ അറിയപ്പെടുന്ന എഴുത്തുകാരിയിലേക്ക് നടന്ന യാത്ര അത്രമേല്‍ ചരിത്രപരമാണ്. ആന്ധ്രപ്രദേശും കര്‍ണാടകയും കേരളവും തമിഴ്‌നാടും തെലങ്കാനയും ഉള്‍പ്പെട്ട ദക്ഷിണേന്ത്യയില്‍ മെട്രിക്കുലേഷന്‍ പാസായ ആദ്യത്തെ മുസ്‌ലിം പെണ്‍കുട്ടിയാണ് സാറ എന്നാണ് പറയപ്പെടുന്നത്. (സ്ഥിരീകരിക്കപ്പെട്ട വിവരമാണോ എന്ന് ഉറപ്പില്ല).

കേരളത്തിന്റെ വടക്കേയറ്റത്തെ മുസ്‌ലിം സ്ത്രീകളുടെ ജീവിതമായിരുന്നു അവരുടെ മിക്ക രചനകളുടെയും പശ്ചാത്തലം. ആ ഭൂമികയില്‍ കണ്ടതും അനുഭവിച്ചതുമായ സാഹചര്യങ്ങളെയെല്ലാം കഥാപാത്രങ്ങളാക്കി മാറ്റി. മതത്തിലും കുടുംബത്തിലും നിലനിന്നിരുന്ന പുരുഷാധികാരത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങള്‍ നടത്തി. സ്ത്രീകളുടെ, പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അക്കാലത്തുയര്‍ന്നുവന്ന മുന്നേറ്റങ്ങളുടെ ഭാഗമായി.

ചന്ദ്രഗിരി പ്രകാശന എന്ന പേരില്‍ സ്വന്തമായി ഒരു പ്രസാധക സംരഭം നടത്തി, പരമാവധി സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് കര്‍ണാടക റൈറ്റേഴ്സ് ആന്‍ഡ് റീഡേഴ്സ് അസോസിയേഷന്‍ എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി. രാഷ്ട്രീയ ഹിന്ദുത്വ വെടിയുതിര്‍ത്തുകൊലപ്പെടുത്തിയ ഗൗരി ലങ്കേഷിന്റെ ഉറ്റസുഹൃത്ത് കൂടിയായിരുന്നു സാറ അബൂബക്കര്‍. ഗൗരി ലങ്കേഷ് നടത്തിയിരുന്ന ലങ്കേഷ് പത്രികയില്‍ സാമുദായിക സൗഹാര്‍ദ്ദത്തെക്കുറിച്ച് ലേഖനമെഴുതിക്കൊണ്ടാണ് സാറ അബൂബക്കര്‍ എഴുത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ. 1984ല്‍ സാറ അബൂബക്കര്‍ എഴുതിയ ചന്ദ്രഗിരിയ തീരദല്ലി(ചന്ദ്രഗിരിയുടെ തീരത്ത്)എന്ന നോവല്‍ ലങ്കേഷ് പത്രികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെതിരെ മതമൗലിക വാദികളില്‍ നിന്നും ഇസ്‌ലാമിസ്റ്റ് സംഘടനകളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുകയുണ്ടായി. നോവലിനെതിരെ കടുത്ത വിദ്വേഷ പ്രചരണങ്ങള്‍ നടന്നു. ഇസ്‌ലാമിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ സാറയേയും നോവലിനേയും അധിക്ഷേപിച്ചുകൊണ്ട് തുടര്‍ച്ചയായി രംഗത്ത് വന്നപ്പോള്‍ അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നിയമപോരാട്ടം നടത്തി വിജയിച്ചിട്ടുണ്ട് അവര്‍. ഈ പോരാട്ടങ്ങളിലെല്ലാം ഗൗരി ലങ്കേഷും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

മുസ്‌ലിം സ്ത്രീ ജീവിതം പ്രമേയമായി വന്ന മലയാളത്തിലെ ബര്‍സ, ബലി എന്നീ കൃതികളടക്കം വേറെയും ധാരാളം മലയാള രചനകള്‍ അവര്‍ കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കന്നഡ-മലയാള സഹിത്യങ്ങള്‍ തമ്മിലുള്ള ഒരു കണക്ടിങ് പോയിന്റ് കൂടിയായിരുന്നു അവര്‍.
സമ്മാനം വാങ്ങാനായി സ്റ്റേജിലേക്ക് സന്തോഷത്തോടെ ഓടിച്ചെല്ലുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ മുഖത്ത് നോക്കി ‘ആരാ… ഇവരെ ഇങ്ങോട്ട് കയറ്റിവിട്ടത്…” എന്ന് ഇന്നും ഉളുപ്പില്ലാതെ ആക്രോശിക്കുന്ന പൗരോഹിത്യങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ ജീവിച്ചുകാണിച്ച സാറ അബൂബക്കര്‍ ഒരു നീണ്ട കാലത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയ ഓര്‍മകള്‍ കൂടിയാണ്…

Content Highlight: Shafeeq Thamarassery’s write up about writer Sara Aboobacker

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍