കേരളത്തിന് നേരെ കേന്ദ്രം പരോക്ഷമായ സാമ്പത്തിക ഉപരോധം നടപ്പാക്കിയപ്പോള്‍ അപ്പക്കഷ്ണം കണ്ട് ഓരിയിടുന്ന ഈ മാധ്യമങ്ങള്‍ എവിടെയായിരുന്നു
DISCOURSE
കേരളത്തിന് നേരെ കേന്ദ്രം പരോക്ഷമായ സാമ്പത്തിക ഉപരോധം നടപ്പാക്കിയപ്പോള്‍ അപ്പക്കഷ്ണം കണ്ട് ഓരിയിടുന്ന ഈ മാധ്യമങ്ങള്‍ എവിടെയായിരുന്നു
ഷഫീഖ് താമരശ്ശേരി
Tuesday, 25th April 2023, 11:02 pm
കേരളം പോലെ ഇത്രയുമധികം പേര്‍ ടിക്കറ്റെടുത്ത് തന്നെ ട്രെയിനില്‍ യാത്ര ചെയ്യുന്ന സംസ്ഥാനം വേറെയില്ല. റെയില്‍വേക്ക് ഇത്രയധികം വരുമാനം നല്‍കുന്ന സംസ്ഥാനമായിട്ടും അവഗണന മാത്രം തുടര്‍ന്നുപോരുന്നതിനിടയിലാണ്, മറ്റനേകം സംസ്ഥാനങ്ങള്‍ക്ക് നേരത്തെ നല്‍കിയിട്ടുള്ള, കേരളം എത്രയോ മുന്നേ അര്‍ഹിക്കുന്ന വന്ദേഭാരത് ഇപ്പോള്‍ നമുക്കും ലഭിക്കുന്നത്.

അപ്പക്കഷണം കണ്ട് ഓരിയിടുന്ന മാധ്യമങ്ങള്‍ ആരുടെ പക്ഷമെന്നതില്‍ ഇനിയും സംശയിക്കണോ? 3.875 ശതമാനമുണ്ടായിരുന്ന കേരളത്തിന്റെ കേന്ദ്ര നികുതി വിഹിതം ഇപ്പോഴുള്ളത് 1.92 ശതമാനം മാത്രമാണ്. (ഉത്തര്‍ പ്രദേശിന് 17.9 ശതമാനമാണ് ഇപ്പോഴും നല്‍കുന്നതെന്നോര്‍ക്കണം) രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കേരളത്തിന്റെ നികുതിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചത് വഴി 12,800 കോടി രൂപയോളം സംസ്ഥാനത്തിന് നഷ്ടമുണ്ട്.

വിവിധങ്ങളായ കേന്ദ്ര തീരുമാനങ്ങളുടെ ഭാഗമായി മുപ്പതിനായിരം കോടിയിലധികം രൂപയുടെ നഷ്ടം കേരളത്തിനുണ്ടായതായാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. പ്രളയം കേരളത്തിനുണ്ടാക്കിയ നഷ്ടത്തോളം വരുന്ന ആഘാതമാണിത്.
ജി.എസ്.ടി നടപ്പാക്കപ്പെട്ടതിന് ശേഷമുണ്ടായ റവന്യൂ കമ്മിയുടെ നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്നുള്ള ധനസഹായത്തിലും കേരളത്തിന്റെ വിഹിതം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.

വിവിധങ്ങളായ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയെല്ലാം വീതംവെപ്പില്‍ കേരളം രൂക്ഷമായ അവഗണനയാണ് നേരിടുന്നത്. 2014 ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഇതുവരെ കേന്ദ്രത്തിന് സവിശേഷ അവകാശമുള്ള ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാക്കപ്പെട്ടിട്ടില്ല. ദേശീയപാതാ വികസനം നടക്കുന്നുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എത്രയോ പിന്നില്‍ തന്നെയാണ്.

കിഫ്ബി പോലുള്ള പൊതുമേഖലാസ്ഥാപനങ്ങളെ ഉപയോപ്പെടുത്തി വായ്പയെടുത്ത് പദ്ധതികള്‍ നടപ്പിലാക്കാനുള്ള സംസ്ഥാനനീക്കങ്ങളെ സി.എ.ജി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ ഏജന്‍സികളെ വിട്ട് തുരങ്കം വെക്കാനുള്ള കേന്ദ്ര ശ്രമങ്ങളും നാം കണ്ടു.

കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി, എയിംസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അവഗണകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കേരളത്തിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും വിറ്റഴിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
ഓരോ ബജറ്റിലും വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട തുക തന്നിഷ്ടപ്രകാരം കേന്ദ്രധനമന്ത്രലയം തീരുമാനിക്കുകയാണ്. ഇതില്‍ കേരളത്തിനു ന്യായമായ വിഹിതം ഒരിക്കലും ലഭിക്കുന്നില്ല.

പ്രളയകാലത്ത് കേരളത്തിന് അര്‍ഹമായസഹായം നല്‍കിയില്ലെന്നു മാത്രമല്ല, യു.എ.ഇ പോലുള്ള സൗഹൃദരാജ്യങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവന്ന സഹായത്തിന് കേന്ദ്രസര്‍ക്കാര്‍ തുരങ്കം വെക്കുകയും ചെയ്തു. റെയില്‍വേ വികസനത്തിന്റെ കാര്യത്തിലും കേരളം നേരിടുന്നത് ഭീകരമായ അവഗണനകളാണ്.

കേരളത്തിന്റെ പാത ഇരട്ടിപ്പിക്കലും സിഗ്‌നല്‍ നവീകരണവുമെല്ലാം അങ്ങേയറ്റം ദുര്‍ബലമായാണ് മുന്നോട്ടുപോകുന്നത്. പുതിയ ട്രെയിനുകള്‍ അനുവദിക്കാനുള്ള കേരളത്തിന്റെ നിരന്തര അഭ്യര്‍ത്ഥനകളെ കേന്ദ്രം വര്‍ഷം തോറും ചവറ്റുകൊട്ടയിലെറിയുകയാണ്. ശബരിമലയിലേക്കുള്ള റെയില്‍പാതയ്ക്ക് പോലും സംസ്ഥാന സര്‍ക്കാര്‍ മുതല്‍ മുടക്കണമെന്നാണ് കേന്ദ്രം പറഞ്ഞത്.

കേരളം പോലെ ഇത്രയുമധികം പേര്‍ ടിക്കറ്റെടുത്ത് തന്നെ ട്രെയിനില്‍ യാത്ര ചെയ്യുന്ന സംസ്ഥാനം വേറെയില്ല. റെയില്‍വേക്ക് ഇത്രയധികം വരുമാനം നല്‍കുന്ന സംസ്ഥാനമായിട്ടും അവഗണന മാത്രം തുടര്‍ന്നുപോരുന്നതിനിടയിലാണ്, മറ്റനേകം സംസ്ഥാനങ്ങള്‍ക്ക് നേരത്തെ നല്‍കിയിട്ടുള്ള, കേരളം എത്രയോ മുന്നേ അര്‍ഹിക്കുന്ന വന്ദേഭാരത് ഇപ്പോള്‍ നമുക്കും ലഭിക്കുന്നത്.(അതും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് നിസ്സംശയം പറയാം) കേരളത്തിന് നേരെ പരോക്ഷമായ സാമ്പത്തിക ഉപരോധം പോലും കേന്ദ്രം നടപ്പാക്കിയപ്പോള്‍, ഫെഡറല്‍ മൂല്യങ്ങള്‍ക്ക് വേണ്ടിയും നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ശബ്ദിക്കേണ്ട മാധ്യമങ്ങളെ എവിടെയും കണ്ടില്ല. ഇന്നിപ്പോള്‍ നമുക്ക് നേരത്തെ നിഷേധിക്കപ്പെട്ട അവകാശങ്ങളിലൊന്നായ വന്ദേഭാരതിനെയാണ് കേന്ദ്രത്തിന്റെ സമ്മാനമെന്ന മട്ടില്‍ അവതരിപ്പിക്കുന്നത്.

രാഷ്ട്രീയ കുടിലതയുടെ ഭാഗമായി നമ്മുടെ നാടിനെ സാമ്പത്തിക കെണിയില്‍ തളച്ച കേന്ദ്രനടപടികള്‍ക്കെതിരായ കേരളത്തിന്റെ രാഷ്ട്രീയ സമരങ്ങളോട് മുഖം തിരിഞ്ഞുനിന്ന മാധ്യമങ്ങളിതാ 2024 ലെ തെരഞ്ഞെടുപ്പിലേക്കുള്ള ആര്‍.എസ്.എസ് പദ്ധതികള്‍ക്കായി തങ്ങളുടെ സ്‌ക്രീന്‍ ടൈം മുഴുവന്‍ പതിച്ചുനല്‍കിയിരിക്കുകയാണ്. ഇതിലപ്പുറമെന്ത് വെളിപ്പെടാനാണ്!

Content Highlight: shafeeq thamarassery’s writ up about mallu media celebration on vande bharat express

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍