വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) ചരിത്രം കുറിച്ച് ദല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ഷെഫാലി വര്‍മ. ടൂര്‍ണമെന്റില്‍ 1000 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടമാണ് 21 കാരി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തിനിടെയാണ് താരത്തിന്റെ നേട്ടം.
ഇതോടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന് ശേഷം ഡബ്ല്യു.പി.എല്ലില്‍ 1000 റണ്‍സ് തികകുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ ഷെഫാലിയ്ക്ക് സാധിച്ചു. എന്നാല്‍, ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇവര്‍ മാത്രമല്ല ഇത്രയും റണ്‍സ് നേടിയവര്‍.
നാറ്റ് സിവര്‍ ബ്രണ്ട്, മെഗ് ലാനിങ് എന്നിവര്‍ നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. സിവര്‍ ബ്രണ്ടിന് 1246 റണ്‍സും ലാനിങ്ങിന് 1145 റണ്‍സുമാണുള്ളത്. ഹര്‍മന്‍ 1091 റണ്‍സും ടൂര്‍ണമെന്റില്‍ സ്‌കോര്‍ ചെയ്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റിന് 154 റണ്‍സെടുത്തിരുന്നു. നാറ്റ് സിവര്‍ ബ്രണ്ടും ഹര്‍മന്‍ പ്രീത് കൗറുമാണ് മികച്ച പ്രകടനം നടത്തിയത്. സിവര്‍ ബ്രണ്ട് 45 പന്തില്‍ 65 റണ്‍സും കൗര്‍ 33 പന്തില്‍ 41 റണ്‍സും നേടി.