ലോകകപ്പ്, പരമ്പരയിലെ താരം; ഏറെ കാലങ്ങള്‍ക്ക് ശേഷം താണ്ഡവമാടുന്ന ഷെഫാലി
Cricket
ലോകകപ്പ്, പരമ്പരയിലെ താരം; ഏറെ കാലങ്ങള്‍ക്ക് ശേഷം താണ്ഡവമാടുന്ന ഷെഫാലി
ഫസീഹ പി.സി.
Wednesday, 31st December 2025, 8:47 am

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി – 20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാം മത്സരത്തില്‍ ജയിച്ചാണ് ഇന്ത്യ പരമ്പര വൈറ്റ് വാഷ് ചെയ്തത്. അവസാന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും ശ്രീലങ്കയ്ക്ക് അവസരം നല്‍കാതെയായിരുന്നു ഇന്ത്യയുടെ സര്‍വാധിപത്യം. അവസാന രണ്ട് മത്സരങ്ങളില്‍ മാത്രമായിരുന്നു സന്ദര്‍ശകര്‍ ക്ക് ചെറിയ ചെറുത്ത് നില്‍പ്പ് നടത്താന്‍ സാധിച്ചത്.

ഈ പരമ്പരയില്‍ ഇന്ത്യയുടെ ആധിപത്യത്തിനൊപ്പം തന്നെ ഒരു താരത്തിന്റെ താണ്ഡവത്തിന് കൂടിയാണ് ക്രിക്കറ്റ് ലോകം സാക്ഷിയത്. അത് മറ്റാരുമല്ല, ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മയാണ്. താരമായിരുന്നു പരമ്പരയില്‍ മിന്നും ബാറ്റിങ്ങുമായി ഇന്ത്യയ്ക്ക് കരുത്തായത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് അടിച്ചെടുത്തത് 241 റണ്‍സാണ്.

ശ്രീലങ്കയ്ക്ക് എതിരെ ഷെഫാലി വർമ. Photo: Johns/x.com

മൂന്ന് അര്‍ധ സെഞ്ച്വറികളുടെ കരുത്തിലായിരുന്നു ഷെഫാലിയുടെ പ്രകടനം. 181.20 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം തന്നെയാണ് പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് സ്വന്തമാക്കിയത്. ഏകദിന ടീമിലേക്ക് തിരിച്ചെത്തി ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമായതിന് ശേഷമാണ് താരം ടി – 20യിലും വെടിക്കെട്ട് നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.

ഷെഫാലി ഏറെ കാലം ഇന്ത്യന്‍ ഏകദിന ടീമിന് പുറത്തായിരുന്നു. പിന്നീട് ഈ വര്‍ഷം ഒക്ടോബറിലായിരുന്നു ഏകദിനത്തിലേക്ക് താരം മടങ്ങിവന്നത്. അതാകട്ടെ ഐ.സി.സി. വനിതാ ലോകകപ്പ് സെമി ഫൈനലിലേക്കും ഫൈനലിലേക്കുമായിരുന്നു.

പ്രതിക റാവലിന് പരിക്കേറ്റത് കൊണ്ട് മാത്രം കൈവന്ന അവസരം പക്ഷേ ഷെഫാലി പാഴാക്കിയില്ല. ലോകകപ്പിലെ സെമി ഫൈനലില്‍ ഒന്ന് നിരാശപ്പെടുത്തിയെങ്കിലും ഫൈനലില്‍ ഷെഫാലിയുടെ താണ്ഡവമാണ് ക്രിക്കറ്റ് ലോകം കണ്ടത്.

ലോകകപ്പ് ഫൈനലിൽ ഷെഫാലി വർമ. Photo: BCCI Women/x.com

കലാശപ്പോരില്‍ ആദ്യം ഷെഫാലി ബാറ്റ് കൊണ്ട് തിളങ്ങി. പിന്നാലെ നിര്‍ണായകമായ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ഒപ്പം ഫൈനലിലെ താരമെന്ന പട്ടവും ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചു. ഫൈനലില്‍ താരം നടത്തിയ വെടിക്കെട്ടിന്റെ തുടര്‍ച്ചയാണ് ശ്രീലങ്കയ്ക്ക് എതിരെയുള്ള പരമ്പരയിലും നമുക്ക് കാണാനായത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ കാലിടറിയ ഷെഫാലി പിന്നീട് ഹാട്രിക്ക് അര്‍ധ സെഞ്ച്വറികളുമായി തിളങ്ങി. 69*, 79*, 79 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്‍. ഈ പ്രകടനത്തിന് പിന്നാലെ ഐ.സി.സിയുടെ ടി – 20 വനിതാ റാങ്കിങ്ങിലും നേട്ടമുണ്ടാക്കി. താരം പുതിയ റാങ്കിങ്ങില്‍ a ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാല് സ്ഥാനം മെച്ചപ്പെടുത്തിയാണ് താരത്തിന്റെ നേട്ടം.

Content Highlight: Shafali Verma bagged player of Series award in T20I series against Sri Lanka

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി