2026 ലോകകപ്പിന്റെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങുകയായി. കുട്ടിക്രിക്കറ്റിന്റെ നെറുകയിലേക്കെത്താനുള്ള 20 ടീമുകളുടെ പോരാട്ടം ഇപ്പോള്‍ എട്ട് ടീമിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
12 ടീമുകള്‍ ലോകകപ്പെന്ന മോഹം സ്വപ്‌നം മാത്രമായി അവശേഷിപ്പിച്ച് പടിയിറങ്ങേണ്ടി വന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം പല മികച്ച നിമിഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു. ഐ.സി.സി ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ ആദ്യ വിജയവും മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന്റെ മുട്ടിടിപ്പിച്ച നേപ്പാളിന്റെ പോരാട്ട വീര്യവും ഓസീസിന്റെ ഏര്‍ളി എലിമിനേഷനുമെല്ലാം ഗ്രൂപ്പ് ഘട്ടത്തിന്റെ ഹൈലൈറ്റായി.
മികച്ച പല വ്യക്തിഗത പ്രകടനങ്ങളും ഗ്രൂപ്പ് സ്റ്റേജിലുണ്ടായിരുന്നു. അതില്‍ എടുത്ത് പറയേണ്ടത് യു.എസ്. സൂപ്പര്‍ പേസര്‍ ഷാഡ്‌ലി വാന്‍ ഷാല്‍ക്‌വിക്കിന്റെ പ്രകടനമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയാണ് താരം കരുത്ത് കാട്ടിയത്.
നാല് മത്സരത്തില്‍ നിന്നും 13 വിക്കറ്റുകളാണ് ഷാല്‍ക്‌വിക് പിഴുതെറിഞ്ഞത്. ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ 10+ വിക്കറ്റുകളുള്ള ഏക ബൗളറും ഷാല്‍ക്‌വിക് മാത്രമാണ്.
2026 ടി-20 ലോകകപ്പ് – ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഏറ്റവുമധികം വിക്കറ്റ്
(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഷാഡ്‌ലി വാന്‍ ഷാല്‍ക്‌വിക് – യു.എസ്.എ – 13
വരുണ്‍ ചക്രവര്‍ത്തി – ഇന്ത്യ – 9
ബ്ലെസിങ് മുസരബാനി – സിംബാബ്‌വേ – 9
മൈക്കല്‍ ലീസ്‌ക് – സ്‌കോട്‌ലാന്‍ഡ് – 9
അസ്മത്തുള്ള ഒമര്‍സായ് – അഫ്ഗാനിസ്ഥാന്‍ – 9
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ യു.എസ്.എയുടെ ആദ്യ മത്സരം. റെഡ് ഹോട്ട് ഫോമില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനെ വിറപ്പിച്ചാണ് യു.എസ്.എ കീഴടങ്ങിയത്. അതിന് കാരണമായതാകട്ടെ ഷാല്‍ക്‌വിക് നേതൃത്വം നല്‍കിയ ബൗളിങ് യൂണിറ്റും.
സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് ആഘോഷിക്കുന്ന ഷാല്‍ക്വിക്. Photo: ICC
നാല് ഓവര്‍ പന്തെറിഞ്ഞ് 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, അര്‍ഷ്ദീപ് സിങ് എന്നിവരായിരുന്നു ആദ്യ മത്സരത്തില്‍ ഷാല്‍ക്‌വിക്കിന്റെ ഇരകളായത്.
പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തിലും നാല് വിക്കറ്റ് വീഴ്ത്തിയതോടെ ക്രിക്കറ്റ് ലോകം ഈ 37കാരനെ ശ്രദ്ധിച്ചുതുടങ്ങി. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങിയായിരുന്നു ഷാല്‍ക് വിക്കിന്റെ വിക്കറ്റ് നേട്ടം.
നെതര്‍ലന്‍ഡ്‌സിനെതിരെ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത താരം നമീബിയക്കെതിരെ രണ്ട് വിക്കറ്റും വീഴ്ത്തി.
അന്താരാഷ്ട്ര തലത്തില്‍ 18 ഇന്നിങ്‌സുകളിലാണ് വലംകയ്യന്‍ പേസര്‍ പന്തെറിഞ്ഞത്. 18.32 ശരാശരിയിലും 12.1 സ്‌ട്രൈക് റേറ്റിലും സ്വന്തമാക്കിയത് 28 വിക്കറ്റുകള്‍. ഈ ലോകകപ്പില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമെതിരെ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.