പ്രേമം ചെയ്യുമ്പോൾ അൽഫോൺസ് പറഞ്ഞത് ഒരു കാര്യം; അങ്ങനെയാണ് പാട്ടെഴുതിയത്: ശബരീഷ് വർമ
Malayalam Cinema
പ്രേമം ചെയ്യുമ്പോൾ അൽഫോൺസ് പറഞ്ഞത് ഒരു കാര്യം; അങ്ങനെയാണ് പാട്ടെഴുതിയത്: ശബരീഷ് വർമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th August 2025, 11:59 am

നടൻ എന്ന നിലയിലും ഗാനരചയിതാവെന്ന നിലയിലും മലയാളികൾക്ക് സുപരിചിതനാണ് ശബരീഷ് വർമ. അൽഫോൺസ് പുത്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറിയ അദ്ദേഹം ചിത്രത്തിലെ ജഗതി ശ്രീകുമാർ എഴുതിയ വൈറൽ ഗാനം ‘പിസ്‌ത സുമാക്കിറായ’ എന്ന പാട്ട് പാടുകയും ചെയ്തു. പ്രേമത്തിന് വേണ്ടിയും മറ്റ് സിനിമകൾക്ക് വേണ്ടിയും അദ്ദേഹം പാട്ടിന് വരികൾ എഴുതിയിട്ടുണ്ട്.

പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദേവദത്ത് ഷാജി സംവിധാനം ചെയ്‌ത ധീരൻ എന്ന ചിത്രത്തിലും ശബരീഷ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അഭിനയവും എഴുത്തുമായിരുന്നു തനിക്ക് എപ്പോഴും ഇഷ്ടമെന്നും അന്നും ഇന്നും അത് തന്നെയാണ് ഇഷ്ടമെന്നും ശബരീഷ് വർമ പറയുന്നു. അതിന് വേണ്ടി തന്നെയാണ് പഠിച്ചതും സിനിമയിലേക്ക് വന്നതുമെന്നും അദ്ദേഹം പറഞ്ഞു.

‘കവിതകളൊക്കെ എഴുതുമെങ്കിലും സിനിമയിൽ പാട്ടെഴുതുന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. നേരത്തിൽ ‘പിസ്‌ത സുമാ കിറാ’ എഴുതുമ്പോൾപ്പോലും അതേപ്പറ്റി ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്‌തവം. പ്രേമത്തിലെ പാട്ടുകളെഴുതിയതിന് ശേഷമാണ് അതിലേക്ക് കൂടുതൽ ശ്രദ്ധ നൽകുന്നത്,’ ശബരീഷ് വർമ കൂട്ടിച്ചേർത്തു.

താൻ പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിലാണെന്നും മലയാളത്തിലെ വൃത്തം, അലങ്കാരം തുടങ്ങിയ ഭാഷയെപ്പറ്റി കൂടുതലൊന്നും താൻ പഠിച്ചിട്ടില്ലെന്നും തനിക്ക് അതിനെപ്പറ്റി അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതൽ താൻ കവിതകൾ എഴുമായിരുന്നെന്നും ശബരീഷ് പറയുന്നു.

പ്രേമം ചെയ്യുമ്പോൾ അൽഫോൺസ് പറഞ്ഞത് ‘പവിഴംപോൽ പവിഴാധരം പോൽ’ എന്ന പാട്ടിലെ വരികൾ പോലെ, ഭംഗിയുള്ള വാക്കുകൾ വേണമെന്നാണ്. അങ്ങനെയാണ് ‘മലരേ’ എന്ന ഗാനം എഴുതുന്നത്,’ ശബരീഷ് വർമ പറഞ്ഞു.

‘ആലുവാപ്പുഴയുടെ തീരത്ത്’ എന്ന പാട്ടാണ് പ്രേമത്തിന് വേണ്ടി ആദ്യമായി എഴുതിയത് എന്നും അതും അൽഫോൺ സിന്റെ നിർദേശമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേമലേഖനത്തിലെ ഉള്ളടക്കം പാട്ടിൽ വരണമെന്നാണ് അൽഫോൺസ് പറഞ്ഞതെന്നും ഈ സിനിമകളുടെയൊക്കെ കൂടെ തുടക്കം മുതൽ താനും സഞ്ചരിക്കുന്നതുകൊണ്ട് എഴുത്ത് കൂടുതൽ എളുപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ ആൻ്റ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Shabareesh Varma talking about Premam Songs