അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടനാണ് ശബരീഷ്. അദ്ദേഹത്തിന്റെ തന്റെ പ്രേമം എന്ന സിനിമയിലൂടെ നടന്‍ ശ്രദ്ധേയനായി. ഇരുവരും സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ സുഹൃത്തുക്കളാണ്. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ഫോണ്‍സ് പുത്രനെ പരിചയപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കുകയാണ് ശബരീഷ്.
‘അല്‍ഫോണ്‍സ് ചെന്നൈയില്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്ങും ഞാന്‍ ഓഡിയോ എന്‍ജിനീയറിങ്ങുമാണ് പഠിച്ചത്. മുജീബിനെക്കൂടാതെ (സംഗീത സംവിധായകന്‍), രാജേഷ് മുരുകേശ്, സൗണ്ട് എന്‍ജിനീയര്‍ ശങ്കര്‍, എബിന്‍, ഗോവിന്ദ് വസന്ത, ക്രിസ്റ്റി, വിപിന്‍ ലാല്‍, കൈ ലാസ് മേനോന്‍, അമിത് കൃഷ്ണന്‍ തുടങ്ങി ധാരാളം സുഹൃത്തുക്കളെയും അവിടന്ന് കിട്ടി. തൊബാമ സിനിമയുടെ സംവിധായകന്‍ മൊഹസിന്‍ കാസിം, ഷിയാസ്, ഷറഫുദ്ദീന്‍ എല്ലാവരും ആലുവയിലുള്ളവരാണ്. ആലുവ എം.ഇ.എസ് കോളേജ് മാറമ്പള്ളിയിലാണ് അല്‍ഫോണ്‍സും ഞാനും കിച്ചുവും (കൃഷ്ണശങ്കര്‍) ഡിഗ്രി ചെയ്തത്,’ ശബരീഷ് പറയുന്നു.
അല്‍ഫോണ്‍സ് തങ്ങളുടെ സീനിയറായിരുന്നുവെന്നും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിയില്‍ ഒരു പൊടിക്ക് എക്‌സ്ട്രാ ആക്ടീവായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു. നാടോടിക്കാറ്റിലെ സി.ഐ.ഡി രാംദാസിനെപ്പോലെ ബികോം ഫസ്റ്റ് ക്ലാസായിരുന്നു തങ്ങളെന്നും ശബരീഷ് തമാശരൂപേണ പറഞ്ഞു.
‘അവസാനം എനിക്ക് ഒരു പേപ്പറാണ് കിട്ടാനുണ്ടായിരുന്നത്. അത് എഴുതിയെടുത്തു. പക്ഷേ, ഇതുവരെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. ക്വാളിഫിക്കേഷന്‍ തെളിയിക്കാനായിട്ട് പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് മാത്രമുണ്ട് കൈയിലിപ്പോള്‍. സിനിമ ചെയ്യാം എന്ന ഐഡിയ എന്റെ തലയിലേക്കിടുന്നത് അല്‍ഫോണ്‍സാണ്. അവസാനവര്‍ഷമായപ്പോള്‍, നമുക്ക് ഒരു ഷോര്‍ട്ട് ഫിലിം ചെയ്താലോ എന്ന് അല്‍ഫോണ്‍സ് ചോദിച്ചു. അതിന്റെ എഴുത്തിനൊപ്പം നായകനായും ഞാന്‍ അഭിനയിച്ചു. അങ്ങനെയാണ് ഞങ്ങളുടെ സിനിമാപിടിത്തം തുടങ്ങിയത്,’ ശബരീഷ് പറയുന്നു.
Content highlight: Shabareesh varma sharing his memories of meeting Alphonse Puthren