'പ്രേമ'ത്തിലെ ആ പാട്ടുകളൊക്കെ സിനിമ ഇറങ്ങുന്നതിന് രണ്ട് വര്‍ഷം മുമ്പ് ഞാന്‍ എഴുതിയതാണ്: ശബരീഷ് വര്‍മ
Malayalam Cinema
'പ്രേമ'ത്തിലെ ആ പാട്ടുകളൊക്കെ സിനിമ ഇറങ്ങുന്നതിന് രണ്ട് വര്‍ഷം മുമ്പ് ഞാന്‍ എഴുതിയതാണ്: ശബരീഷ് വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th July 2025, 8:37 am

 

നടന്‍ എന്ന നിലയിലും ഗാനരചയിതാവെന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതനാണ് ശബരീഷ് വര്‍മ. 2013ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് ശബരീഷ് വര്‍മ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ രചിച്ച ‘പിസ്ത സുമാക്കിറായ’ എന്ന ഗാനമാലപിച്ചതും ശബരീഷ് തന്നെയായിരുന്നു.

പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ഗാനങ്ങളും അദ്ദേഹം തന്നെ എഴുതിയതാണ്. ഇപ്പോള്‍ പ്രേമത്തിലെ പല പാട്ടുകളും താന്‍ സിനിമയ്ക്ക് മുമ്പ് എഴുതിയതാണെന്ന് ശബരീഷ് പറയുന്നു. സിനിമയിലെ സീന്‍ കോണ്‍ട്രാ, കലിപ്പ് എന്നീ ഗാനങ്ങള്‍ താന്‍ സിനിമ റിലീസാകുന്നതിനും രണ്ട് വര്‍ഷം മുമ്പ് എഴുതിയതാണെന്നും പിന്നീട് അത് സിനിമയിലേക്ക് എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആ സമയത്തൊന്നും താന്‍ സിനിമയില്‍ പാട്ടെഴുതുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ലെന്നും താന്‍ തന്നെ ഒരു നല്ല ഗാനരചയിതാവായി കണ്ടിട്ടില്ലെന്നും ശബരീഷ് കൂട്ടിച്ചേര്‍ത്തു. കുറച്ച് മുമ്പ് വരെ ഗാനരചയിതാക്കള്‍ ഒരുപാട് ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ശബരീഷ്.

പ്രേമത്തിലെ സീന്‍ കോണ്‍ട്രാ, കലിപ്പ് എന്നീ പാട്ടുകളൊക്കെ ആ സിനിമ ഇറങ്ങുന്നതിനും രണ്ട് വര്‍ഷം മുമ്പ് എഴുതിയതും, പാടിയതുമായിട്ടുള്ള പാട്ടുകളാണ്. അത് പിന്നെ പ്രേമത്തിലേക്ക് എടുക്കുകയായിരുന്നു. അപ്പോഴൊന്നും ഒരു സിനിമയില്‍ പാട്ടെഴുതുക എന്ന ജോലിയെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല. ഇന്നും ഞാന്‍ എന്നെ ഒരു നല്ല ഗാനരചയിയാവായി കാണുന്നില്ല. ഇന്ന് നല്ല കുറെ ഗാനരചയിതാക്കള്‍ ഉണ്ട്.

മലയാളി പ്രേക്ഷകര്‍ വളരെ അനുഗ്രഹീതരയിട്ടുള്ള ആളുകളായിട്ടാണ് ഞാന്‍ കരുതുന്നത്. ഞാന്‍ വളര്‍ന്ന സമയത്ത് വളരെ ചുരുക്കം ആളുകളെ പാട്ടെഴുതാന്‍ ഉണ്ടായിരുന്നുള്ളു. ഒരു 90 മുതല്‍ 2010 വരെ, അതിനകത്ത് ഒരു കൈതപ്രം, ഒരു ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവര്‍ത്തി അങ്ങനെ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു,’ ശബരീഷ് വര്‍മ പറയുന്നു.

Content Highlight: Shabareesh varma says that he wrote many of the songs in Premam before the film.