വയലാര്‍ എഴുതുവോ ഇതുപോലെ, മലയാളത്തനിമയുള്ള വരികളുമായി വാഴയെ 'ചുവന്ന കരങ്ങളില്‍ തൂക്കി' ശബരീഷ് വര്‍മ
Malayalam Cinema
വയലാര്‍ എഴുതുവോ ഇതുപോലെ, മലയാളത്തനിമയുള്ള വരികളുമായി വാഴയെ 'ചുവന്ന കരങ്ങളില്‍ തൂക്കി' ശബരീഷ് വര്‍മ
അമര്‍നാഥ് എം.
Wednesday, 8th April 2026, 2:07 pm

ബോക്‌സ് ഓഫീസില്‍ 75 കോടിയുടെ തിളക്കവുമായി മുന്നേറുകയാണ് വാഴ 2. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗത സംവിധായകന്‍ സവിന്‍ സാ സംവിധാനം ചെയ്ത ചിത്രം സമാനതകളില്ലാത്ത വിജയമാണ് സ്വന്തമാക്കുന്നത്. കേരളത്തിലെ സാധാരണ യുവാക്കളുടെ കഥ പറഞ്ഞ ചിത്രം ഈ വര്‍ഷം മോളിവുഡിലെ അടുത്ത 100 കോടി ചിത്രമായി മാറുമെന്നാണ് കണക്കുകൂട്ടല്‍.

അഭിനേതാക്കളുടെ പ്രകടനത്തോടൊപ്പം എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് ചിത്രത്തിലെ പാട്ടുകള്‍. ഒമ്പത് സംഗീത സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ പത്ത് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പാട്ടുകളുടെ എണ്ണം കല്ലുകടിയായി തോന്നാതെ കൃത്യമായി പ്ലെയ്‌സ് ചെയ്തതില്‍ അണിയറപ്രവര്‍ത്തകര്‍ കൈയടി അര്‍ഹിക്കുന്നുണ്ട്. ഓരോ പാട്ടും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വാഴ 2 Photo: Screen grab/ Think Music India

അതില്‍ ഏറ്റവും ഹിറ്റായി മാറിയത് ഇന്റര്‍വെല്ലിന് തൊട്ടുമുമ്പുള്ള ‘തൂക്കി’ എന്ന പാട്ടാണ്. കഥയുടെ ഗൗരവസ്വഭാവം കൃത്യമായി പ്രേക്ഷകരിലേക്കെത്തിച്ച പാട്ടെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. പാട്ടിന്റെ വരികളില്‍ അതിനിടയില്‍ കാണിക്കുന്ന രംഗവും തമ്മിലുള്ള സിങ്ക് ഗംഭീരമാണ്. ശബരീഷ് വര്‍മയാണ് ഈ ഗാനം രചിച്ചത്.

ഇംഗ്ലീഷ് പദങ്ങള്‍ ഒട്ടും ഉപയോഗിക്കാതെയാണ് ശബരീഷ് വര്‍മ ഈ പാട്ട് എഴുതിയത്. ജെന്‍ സീ പ്രേക്ഷകരിലേക്ക് പെട്ടെന്ന് കണക്ടാകുന്നു എന്നതും പാട്ടിന്റെ പ്രത്യേകതകളിലൊന്നാണ്. പാട്ട് തുടങ്ങുന്ന വരിയും എടുത്തുപറയേണ്ടതാണ്. കൈയോടെ പിടികൂടി എന്ന് അര്‍ത്ഥം വരുന്ന ‘Caught with Red-handed’ എന്ന ഇംഗ്ലീഷ് പദത്തെ അതേപടി മലയാളത്തിലേക്ക് തര്‍ജമ ചെയ്ത ‘തൂക്കി ചുവന്ന കരങ്ങളോടെ’ എന്ന വരിയില്‍ ശബരീഷിന്റെ ബ്രില്യന്‍സ് ഒളിഞ്ഞ് കിടക്കുന്നുണ്ട്.

ശബരീഷ് വര്‍മ Photo: OTTPlay

ആദ്യാനുരാഗം, ആപാദചൂഡം എന്നിങ്ങനെ പണ്ടുകാലം മുതലേ പല പ്രണയ ഗാനങ്ങളിലും ഉപയോഗിക്കുന്ന വാക്കുകളും വരികളില്‍ കൃത്യമായി കൂട്ടിച്ചേര്‍ത്ത ശബരീഷ് പ്രത്യേക കൈയടി അര്‍ഹിക്കുന്നുണ്ട്. നേരം എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി കരിയര്‍ ആരംഭിച്ച ശബരീഷ് പല ഹിറ്റ് പാട്ടുകളും ഒരുക്കിയിട്ടുണ്ട്.

കേരളക്കര മുഴുവന്‍ പാടിനടന്ന പ്രേമത്തിലെ പാട്ടുകളും, ലൂക്കയിലെ ‘വാനില്‍ ചന്ദ്രിക’, പടക്കളത്തിലെ ‘വിസില് ബിഗില്’ എന്നിങ്ങനെ എണ്ണം പറഞ്ഞ നല്ല പാട്ടുകള്‍ ശബരീഷിന്റെ തൂലികയില്‍ പിറന്നവയാണ്. ഇപ്പോഴിതാ വാഴ 2ലെ പാട്ടിലൂടെ മറ്റൊരു ചാര്‍ട്ട്ബസ്റ്ററും ശബരീഷ് സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്. സിമ്പിളായ വരികളും അതിലെ അര്‍ത്ഥങ്ങളും മനസിലാകുമ്പോള്‍ ‘വയലാര്‍ എഴുതുമോ ഇതുപോലെ’ എന്ന് ആര്‍ക്കും തോന്നിപ്പോകും.

Content Highlight: Shabareesh Varma’s song in Vaazha 2 discussing in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം