ബംഗ്ലാദേശ് സൂപ്പര്‍ താരം മുസ്തഫിസൂറിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ എസ്.ജി ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരുമായുള്ള സ്‌പോണ്‍സര്‍ഷിപ്പുകള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട്.
ബംഗ്ലാദേശിന്റെ പല ക്രിക്കറ്റ് താരങ്ങളും ഉപയോഗിക്കുന്നത് എസ്.ജിയുടെ ക്രിക്കറ്റ് കിറ്റുകളാണ്. പാകിസ്ഥാന്‍ ബംഗ്ലാദേശിന് ക്രിക്കറ്റ് കിറ്റുകള്‍ നല്‍കുന്നുണ്ടെങ്കിലും ഇന്ത്യ നല്‍കുന്നതിനേക്കാള്‍ കുറവാണിത്. ബംഗ്ലാദേശിന്റെ ടി-20 ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ്, മൊനീമുള്‍ ഹഖ്, യാസിര്‍ അലി എന്നിവരുമായുള്ള എസ്.ജിയുടെ കരാറുകള്‍ അവസാനിപ്പിച്ചേക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. എന്നിരുന്നാലും ബംഗ്ലാദേശിന് എസ്.ജിയില്‍ നിന്ന് ഇതുവരെ ഔദ്യോഗികമായ അറിയിപ്പൊന്നും വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.
മുസ്തഫിസൂറിനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേക്ഷണം ചെയ്യുന്നതിന് ബംഗ്ലാദേശില്‍ അനിശ്ചിതകാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ടി-20 ലോകകപ്പ് കളിക്കാന്‍ താത്പര്യമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയെ അറിയിച്ചിരുന്നു.
തുടര്‍ന്ന് നടന്ന മീറ്റിങ്ങില്‍ ബംഗ്ലാദേശ് തങ്ങളുടെ തീരുമാനത്തില്‍ നിന്ന് മാറിയില്ലെങ്കില്‍ പോയിന്റ് വെട്ടിച്ചുരുക്കുകയോ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയോ ചെയ്യുമെന്ന് ഐ.സി.സി താക്കീത് നല്‍കിയിരുന്നു. ബംഗ്ലാദേശിന്റെ നാല് ലീഗ് മത്സരങ്ങളും ഇന്ത്യയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ബംഗ്ലാദേശില്‍ ഹിന്ദു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസും ഹിന്ദുത്വ വാദികളും മുസ്തഫിസുറിനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കാണമെന്ന് ആരോപിച്ചതിന് പിന്നാലെയായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
എന്നാല്‍ ബി.സി.സി.ഐ ഉന്നയിച്ച കാരണങ്ങള്‍ യുക്തിസഹമല്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ആരോപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനം ബംഗ്ലാദേശിലെ ജനങ്ങളെ ‘വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്‌തെന്ന് മന്ത്രാലയം വ്യക്തമാക്കി.
Content Highlight: SG to terminate contracts with Bangladesh cricketers