തിരുവനന്തപുരം: സംഘപരിവാറിന്റെ പ്രൊപ്പഗണ്ട സിനിമ കേരള സ്റ്റോറി 2വിനെ പ്രതിരോധിക്കാനായി എസ്.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തുന്നതിനെ വിമര്‍ശിച്ച മുസ്‌ലിം ലീഗിനെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ. ബീഫാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമെന്നും ബി.ജെ.പിയേക്കാള്‍ ഈ വിഷയത്തില്‍ ആവേശം ലീഗിനാണെന്നും എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ് വിമര്‍ശിച്ചു.
ബീഫ് ഫെസ്റ്റ് നടത്തിയാലൊന്നും മുസ്‌ലിം വോട്ട് കിട്ടില്ല എന്നാണ് ലീഗ് നേതാവ് പറയുന്നത്. വോട്ട് എന്ന ഒറ്റ ചിന്തയെ നിര്‍ഭാഗ്യവശാല്‍ ലീഗിനുള്ളു. അതിപ്പൊ വോട്ട് ആര്‍.എസ്.എസ് കൊടുത്താലും ലീഗ് വാങ്ങും. വോട്ടിന് വേണ്ടി ലീഗ് എന്തും പറയും. ചെയ്യും. ഈ അടുത്ത കാലത്ത് സംഘപരിവാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ ലീഗ് ഒരു രാഷ്ട്രീയ ക്യാമ്പയിന്‍ മുന്നിലുണ്ടോയെന്നും ശിവപ്രസാദ് ചോദിച്ചു.
ഇതൊന്നും ചെയ്തില്ലെങ്കിലും വോട്ട് കിട്ടും എന്ന അഹങ്കാരമല്ലെ അപ്പൊ ആദ്യം ചോദ്യചെയ്യപ്പെടേണ്ടതെന്നും സംഘപരിവാറിനെ പ്രതിരോധിക്കുമ്പോള്‍ പൊള്ളുന്ന ലീഗിന് നല്ല നമസ്‌കാരം എന്ന തലക്കെട്ടിലെഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. ഭക്ഷണത്തെ മതവുമായി കൂട്ടി കെട്ടുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ മറുപുറമായി ലീഗ് മാറുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
ചില വിവാദങ്ങളില്‍ പ്രതികരിക്കാന്‍ ലീഗിന് പരിമിതി ഉണ്ടത്രെ. ഇടതുപക്ഷത്തിന് എതിരെ വര്‍ഗീയ പ്രചാരണം നടത്താന്‍ ലീഗിന് പരിമിതി ഇല്ല. പക്ഷെ ആര്‍.എസ്.എസിന് എതിരെ ക്യാമ്പയിന്‍ നടത്താന്‍ ലീഗിന് പരിമിതി ഉണ്ടെന്നും ശിവപ്രസാദ് വിമര്‍ശിച്ചു.
ആര്‍.എസ്.എസിന്റെ പണി എളുപ്പമാക്കുക എന്നതാണ് ഇപ്പോള്‍ ലീഗിന്റെ പണി.കേരള സ്റ്റോറി ഉയര്‍ത്തുന്നത് കേരളത്തിനും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ കുപ്രചരണമാണ്. ഇത് സംഘപരിവാര്‍ അജണ്ടയാണ്.
കേരളത്തില്‍ ഈ സംഘപരിവാര്‍ അജണ്ടയെ പ്രതിരോധിക്കാന്‍ എസ്.എഫ്.ഐ സാധ്യമായ എല്ലാ വഴികളും തേടും. ബീഫ് ഫെസ്റ്റ് ഒരു മാര്‍ഗ്ഗം മാത്രമാണ്. അത് മാത്രമാണ് മാര്‍ഗ്ഗമെന്നും എസ്.എഫ്.ഐക്ക് അഭിപ്രായം ഇല്ല. കേരള സ്റ്റോറി ഉയര്‍ത്തുന്ന അസത്യ പ്രചാരണത്തെ തകര്‍ക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുക എന്നത് കേരള സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും എം. ശിവപ്രസാദ് പറഞ്ഞു.
എം. ശിവപ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സംഘപരിവാറിനെ പ്രതിരോധിക്കുമ്പോള്‍ പൊള്ളുന്ന ലീഗിന് നല്ല നമസ്‌ക്കാരം. ഭക്ഷണത്തെ മതവുമായി കൂട്ടി കെട്ടുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ മറുപുറമായി ലീഗ് മാറുന്നു! ബീഫാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. BJP യെക്കാള്‍ ഇതില്‍ ആവേശം ലീഗിനും. ലീഗിന്റെ നേതാവ് പറയുന്നത് ഇതൊന്നും ചെയ്താല്‍ മുസ്ലിം വോട്ട് കിട്ടില്ല എന്നാണ്. വോട്ട് എന്ന ഒറ്റ ചിന്തയെ നിര്‍ഭാഗ്യവശാല്‍ ലീഗിനുള്ളു. അതിപ്പൊ വോട്ട് RSS കൊടുത്താലും ലീഗ് വാങ്ങും.
വോട്ടിന് വേണ്ടി ലീഗ് എന്തും പറയും. ചെയ്യും. ഈ അടുത്ത കാലത്ത് സംഘപരിവാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ ലീഗ് ഒരു രാഷ്ട്രീയ ക്യാമ്പയിന്‍ നമ്മുടെ മുന്നിലുണ്ടൊ? ഇതൊന്നും ചെയ്തില്ലെങ്കിലും വോട്ട് കിട്ടും എന്ന അഹങ്കാരമല്ലെ അപ്പൊ ആദ്യം ചോദ്യചെയ്യപ്പെടേണ്ടത്. വര്‍ത്തമാന കാല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമണങ്ങളില്‍ ലീഗ് തുടരുന്ന ഈ മൗനം ആരെ സഹായിക്കാന്‍? ഗുജറാത്ത് വംശഹത്യയുടെ പാപ കറ പോലും മോദിയില്‍ നിന്ന് തുടച്ച് നീക്കാന്‍ ലീഗ് പരിശ്രമിക്കുന്നത് ഏത് അധികാര കസേരക്ക് വേണ്ടി?
പക്ഷെ ചില വിവാദങ്ങളില്‍ പ്രതികരിക്കാന്‍ ലീഗിന് പരിമിതി ഉണ്ടത്രെ. ഇടതുപക്ഷത്തിന് എതിരെ വര്‍ഗീയ പ്രചാരണം നടത്താന്‍ ലീഗിന് പരിമിതി ഇല്ല. പക്ഷെ RSS ന് എതിരെ ക്യാമ്പയിന്‍ നടത്താന്‍ ലീഗിന് പരിമിതി ഉണ്ട്. ആ പരിമിതിയുടെ പേരാണ് ഭയം. തങ്ങള്‍ RSS നെ പ്രതിരോധിക്കില്ല എന്നു മാത്രമല്ല വേറെ ആരെങ്കിലും പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ അതിലും മതം കൂട്ടി കുഴച്ച് വഷളാക്കി RSS ന് അനുകൂലമാക്കി കൊടുക്കും. RSS ന്റെ പണി എളുപ്പമാക്കുക എന്നതാണ് ഇപ്പോ ലീഗിന്റെ പണി. കേരള സ്റ്റോറി ഉയര്‍ത്തുന്നത് കേരളത്തിനും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ കുപ്രചരണമാണ്. ഇത് സംഘപരിവാര്‍ അജണ്ടയാണ്.
കേരളത്തില്‍ ഈ സംഘപരിവാര്‍ അജണ്ടയെ പ്രതിരോധിക്കാന്‍ SFI സാധ്യമായ എല്ലാ വഴികളും തേടും. ബീഫ് ഫെസ്റ്റ് ഒരു മാര്‍ഗ്ഗം മാത്രമാണ്. അത് മാത്രമാണ് മാര്‍ഗ്ഗമെന്നും SFI യ്ക്ക് അഭിപ്രായം ഇല്ല. കേരള സ്റ്റോറി ഉയര്‍ത്തുന്ന അസത്യ പ്രചാരണത്തെ തകര്‍ക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുക എന്നത് കേരള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
ബീഫ് വിളമ്പിയാല്‍ പൊട്ടുന്ന ഒരു മത വികാരവും കേരളത്തില്‍ ഇല്ല. ഇല്ലാത്ത ഈ വികാരത്തെ ചൊറിഞ്ഞ് പൊട്ടിക്കാന്‍ സാധിക്കുമൊ എന്നാണ് സംഘപരിവാറിന് വേണ്ടി ലീഗ് നോക്കുന്നത്. ഭക്ഷണത്തെ മതവുമായി കൂട്ടി കെട്ടുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ മറുപുറമായി ലീഗ് മാറുന്നതിനെ ഗൗരവത്തോടെ കേരളം കാണണം.
Content Highlight: SFI State President M Shivaprasad Against Muslim League