കാര്‍ഷിക സര്‍വകലാശാലയിലെ സമരം വി.സിക്കെതിരെ; കൃഷിമന്ത്രിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹം: എം. ശിവപ്രസാദ്
Kerala
കാര്‍ഷിക സര്‍വകലാശാലയിലെ സമരം വി.സിക്കെതിരെ; കൃഷിമന്ത്രിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹം: എം. ശിവപ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th October 2025, 7:38 pm

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയിലെ ഫീസ് വര്‍ധനവില്‍ കഴിഞ്ഞ ഒരു മാസമായി സമരം നടക്കുന്നുണ്ടെന്ന് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ്. തെറ്റിദ്ധരിപ്പിക്കും വിധം വാര്‍ത്ത നല്‍കാനാണെങ്കില്‍ കൂടി സര്‍വകലാശാലയിലെ സമരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ സന്തോഷമുണ്ടെന്നും ശിവപ്രസാദ് പറയുന്നു.

‘സി.പി.ഐ വകുപ്പിനെതിരെ എസ്.എഫ്.ഐ സമരം’ എന്ന തലക്കെട്ടോടുകൂടി വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് ശിവപ്രസാദിന്റെ പ്രതികരണം. ഈ അധ്യയന വര്‍ഷം അഡ്മിഷനെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ് 200 ശതമാനമാണ് വിവിധ കോഴ്‌സുകളിലായി വര്‍ധിപ്പിച്ചതെന്നും ശിവപ്രസാദ് പറയുന്നു.

വര്‍ധനവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയപ്പോള്‍ തന്നെ അമിതമായ ഈ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടതാണെന്നും ശിവപ്രസാദ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എസ്.എഫ്.ഐ അധ്യക്ഷന്‍ വിശദീകരണം നല്‍കിയത്.

തീരുമാനം നടപ്പിലാക്കുമെന്ന പിടിവാശിയാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബി. അശോക് കാണിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ഒരു മാസമായി സര്‍വകലാശാല ആസ്ഥാനത്തും ക്യാമ്പസുകളിലും എസ്.എഫ്.ഐ സമരത്തിലാണ്. ഈ സമരമാണ് എസ്.എഫ്.ഐയും ഇപ്പോഴും തുടരുന്നത്. ഈ സമരത്തെ തുടര്‍ന്ന് എസ്.എഫ്.ഐയുടെ നാല് സഖാക്കളാണ് ജയിലില്‍ അടയ്ക്കപ്പെട്ടതെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികളോട് ഒരു ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാത്ത അധികാര ഗര്‍വ്വിന്റെ ആള്‍ രൂപമാണ് വി.സിയായ ബി. അശോകെന്ന ഐ.എ.എസ് പുങ്കവനെന്നും ശിവപ്രസാദ് വിമര്‍ശിച്ചു. എന്നാല്‍ സമരം ശക്തിപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥി സമരം ന്യായമാണെന്ന് തിരിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ ഇടപെടലാണെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി.

മൂന്നാഴ്ച മുമ്പ് കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗത്തില്‍ എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികള്‍ തന്നെ നേരിട്ട് പങ്കെടുത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ അറിയിക്കുകയും ചെയ്തു. ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അന്യായമായ ഫീസ് വര്‍ധനവ് പുനപരിശോധിച്ച് ഫീസ് കുറക്കുന്നതിന് വി.സിയോട് ആവശ്യപ്പെട്ടതുമാണെന്നും ശിവപ്രസാദ് പറയുന്നു.

എന്നാല്‍ ഈ ധാരണ നടപ്പിലാക്കാന്‍ തയ്യാറാവാതെ നിഷേധാത്മകമായ സമീപനം വി.സി തുടരുകയാണ്. ഒന്നാം വര്‍ഷം അഡ്മിഷന്‍ ലഭിച്ച നിരവധി കുട്ടികളാണ് വര്‍ധിച്ച ഫീസ് താങ്ങാനാവാതെ ടി.സി വാങ്ങി പോയത്. അതുകൊണ്ടാണ് അതിശക്തമായ സമരവുമായി എസ്.എഫ്.ഐ മുന്നോട്ട് പോവുന്നതെന്നും ശിവപ്രസാദ് പറഞ്ഞു.

‘പഠനം ഉപേക്ഷിക്കേണ്ടി വന്ന കുട്ടികളുടെ പഠനം തുടരാന്‍ ഇടപെടുമെന്ന കൃഷിവകുപ്പ് മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഫീസ് കുറയ്ക്കില്ലെന്ന് ഇപ്പോഴും പിടിവാശിയില്‍ നിൽക്കുന്ന വി.സി നിലപാട് തിരുത്താന്‍ തയ്യാറാവേണ്ടത്,’ എസ്.എഫ്.ഐ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ഇടതുപക്ഷ മന്ത്രിമാരെയും സര്‍ക്കാരിനെയും എസ്.എഫ്.ഐയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിശ്വാസമാണ്. വിദ്യാര്‍ത്ഥി വിരുദ്ധമായ എന്തെങ്കിലും നടപടികളുണ്ടായാല്‍ അത് തിരുത്തിപ്പിക്കാന്‍ ഇടപെടുന്നവരാണ് അവര്‍. ഈ വിഷയത്തിലും ബന്ധപ്പെട്ട മന്ത്രി ആ ഇടപെടല്‍നടത്തിയിട്ടുണ്ടെന്നും എം. ശിവപ്രസാദ് പ്രതികരിച്ചു.

കേരള സര്‍വകലാശാലയിലെ വി.സിക്കെതിരായ സമരം ഉന്നത വിദ്യാഭ്യാസ വകുപ്പിന് എതിരെയാണെന്ന് വാര്‍ത്ത നല്‍കാത്തവര്‍ ഇന്ന്, കാര്‍ഷിക സര്‍വകലാശാല വി.സിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരായ സമരത്തെ കൃഷിവകുപ്പിനെതിരായ എസ്.എഫ്.ഐ സമരമെന്ന് വാര്‍ത്ത നല്‍കുന്നതിലെ കുബുദ്ധി ജനങ്ങള്‍ക്ക് മനസിലാകുമെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി.

Content Highlight: SFI says that the strike has been going on for the past one month at the Agricultural University