എറാണകുളം: കാലടി സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറുടെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന വകുപ്പ് മേധാവിയുടെ ഭീഷണിക്ക് പിന്നാലെ പ്രതിഷേധവുമായി എസ്.എഫ്.ഐ.
ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്കെത്തിയില്ലെങ്കില്‍ ആര്‍.എ.സി ഓപ്പണ്‍ ഡിഫന്‍സ് സെഷനുകളില്‍ യാതൊരുവിധ സഹായവും നല്‍കില്ലെന്നാണ് വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ വകുപ്പധ്യക്ഷന്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയത്.
ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കാണിച്ച് സര്‍വകലാശാല നേരത്തെ ഇറക്കിയ സര്‍ക്കുലര്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതോടെ സര്‍ക്കുലര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.
സംഭവത്തില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ക്യാമ്പസില്‍ വലിയ പ്രതിഷേധം അരങ്ങേറി. സര്‍വകലാശാല ക്യാമ്പസിവല്‍ ഗവര്‍ണര്‍ രാജ് ഭരണം അനുവദിക്കില്ലെന്നാണ് എസ്.എഫ്.ഐ നിലപാട്. ഗവര്‍ണര്‍ രാജാവല്ലെന്നും സര്‍വകലാശാല രാജകൊട്ടാരമല്ലെന്നുമുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് എസ്.എഫ്.ഐ പ്രതിഷേധിച്ചത്.
എന്നാല്‍ ക്യാമ്പസിനുള്ളില്‍ യാതൊരു തരത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് പൊലീസ്. കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ക്യാംപസിന് പുറത്ത് കെട്ടിയ ബാനറുകള്‍ പോലീസ് അഴിച്ചുമാറ്റിയിരുന്നു.
സര്‍ക്കുലറും ഭീഷണി സന്ദേശവും സര്‍വകലാശാലയില്‍ വലിയ വിവാദമായി തുടരുകയാണ്.
Content highlight: SFI protest against governor Rajendra Arlekar