എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ തനിക്ക് മര്‍ദനമേറ്റുവെന്ന് കാണിച്ച് യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസ് പരാതി നല്‍കുകയായിരുന്നു. പൊലീസിനും ഭിന്നശേഷി കമ്മീഷനും അനസ് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
നേതാക്കളുടെ നേതൃത്വത്തില്‍ യൂണിയന്‍ റൂമില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും തന്റെ ശാരീരിക വൈകല്യത്തെ നിരന്തരമായി പരിഹസിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
നാല് തവണ യൂണിറ്റ് റൂമില്‍ കൊണ്ടുപോയി മര്‍ദിച്ചിട്ടുണ്ടെന്നും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മര്‍ദനം പതിവായെന്നും കമ്പികൊണ്ട് അടിക്കുകയും ബൂട്ട് കൊണ്ട് ചവിട്ടിയെന്നും അനസ് പരാതിയില്‍ പറയുന്നു.
അനസിനെ കൂടാതെ തന്റെ സുഹൃത്തുകളെയും നേതാക്കള്‍ മര്‍ദിച്ചതായും കൊടികെട്ടാനും മറ്റുമായി തന്നെ വിളിക്കാറുണ്ടെന്നും ഇതിന് മടിച്ചതോടെ മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.
വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം മഹസറുള്‍പ്പെടെയുള്ളവ തയ്യാറാക്കാന്‍ കോളേജില്‍ പ്രവേശിക്കണമെന്നും അതിന് പ്രിന്‍സിപ്പലിന്റെ അനുമതി വേണമെന്നും പൊലീസ് അറിയിച്ചു.