എസ്.എഫ്.ഐ. നേതാവ് വിശാഖിന്റെ മരണത്തെ ആഘോഷമാക്കി സംഘപരിവാര്‍ അനുകൂലികള്‍; നിയമപരമായി നേരിട്ട് എസ്.എഫ്.ഐ
Focus on Politics
എസ്.എഫ്.ഐ. നേതാവ് വിശാഖിന്റെ മരണത്തെ ആഘോഷമാക്കി സംഘപരിവാര്‍ അനുകൂലികള്‍; നിയമപരമായി നേരിട്ട് എസ്.എഫ്.ഐ
അലി ഹൈദര്‍
Saturday, 23rd June 2018, 2:26 pm

തൃശൂര്‍: കഴിഞ്ഞ ദിവസം മരണപ്പെട്ട  കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ നേതാവും കലാകാരനുമായ ഒ.എസ് വിശാഖിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന്റെ വ്യാജപ്രചരണം. “സരസ്വതി ദേവിയെ അപമാനിച്ച് ചിത്രം വരച്ച സഖാവ് വിശാഖ് ആത്മഹത്യ ചെയ്തു” എന്ന തലക്കെട്ടോടെയാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വിശാഖിനെതിരെ വ്യാപക പ്രചരണം നടത്തുന്നത്.

കഴിഞ്ഞ പതിനാറിനാണ് വിശാഖ് ജീവനൊടുക്കിയത്. മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സംഘപരിവാര്‍ ഗ്രൂപ്പുകളിലും വാട്‌സാപ്പുകളിലും വിശാഖിനെതിരെ ഏറ്റവും മോശകരമായ കമന്റുകളും കുറിപ്പുകളും പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.

എന്നാല്‍, വിവാദ ചിത്രം വരച്ച വിദ്യാര്‍ഥി മറ്റൊരാളാണെന്നും വിശാഖിനെതിരെ നടക്കുന്നത് സംഘപരിവാറിന്റെ ഗൂഢാലോചനയാണെന്നും എസ്.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി സംഗീത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് വിശാഖ് ജീവനൊടുക്കിയതെന്നും എസ്.എഫ്.ഐ. നേതവ് പറഞ്ഞു.

കുപ്രചരണത്തിന് ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കി. ഡീ സോണ്‍ കലോല്‍സവങ്ങളില്‍ ചിത്രരചന, കാര്‍ട്ടൂണ്‍ മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ വിദ്യാര്‍ഥിയായിരുന്ന വിശാഖ്. ബി.എ. ഫിലോസഫി ബിരുദം കഴിഞ്ഞ വര്‍ഷമാണ് പൂര്‍ത്തിയാക്കിയത്. വിശാഖിന്റെ മരണത്തെ ഇല്ലാക്കഥകളുമായി ബന്ധിപ്പിക്കാനുള്ള നീക്കം ദുരൂഹമാണെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറയുന്നു.

“ഇത്തരം ജന്മങ്ങള്‍ ജീവിച്ചിരുന്നാല്‍ ഇതിലും വലിയ ദോഷം വന്നു ചേര്‍ന്നേനെ.””അവന്‍ ചാവേണ്ടവന്‍ തന്നെ.”ഈ നാറി എങ്ങനെയാ കലാകാരന്‍ ആകുന്നേ? കമ്യൂണിസം തലയ്ക്കു പിടിച്ച ഭ്രാന്തന്‍, ഇവന്‍ ചത്തൊടുങ്ങിയതില്‍ ഞാന്‍ എന്റെ സന്തോഷം പങ്കുവെക്കുന്നു. തുടങ്ങി നിരവധി കേട്ടാലറക്കുന്ന തെറിയും അതിക്ഷേപവുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.

സംഘപരിവാറിന്റെ ഈ പ്രചരണത്തിനെതിരെ ദുര്‍ഗാ ദേവിയുടെ ചിത്രവരച്ച യഥാര്‍ത്ഥയാള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

“സംഘപരിവാറിന് ഒരു കലാകാരന്റെ മരണം തീര്‍ച്ചയായും ആഹ്ലാദിക്കാന്‍ വക നല്‍കുന്ന ഒരു കാര്യമാണ് എന്നത് പുതിയ അറിവൊന്നുമല്ല. അതുതന്നെയാണ് അതിന്റെ പ്രസക്തിയും. ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കേരളവര്‍മ്മയിലെ ബോര്‍ഡിലെ എം. എഫ് ഹുസൈന്റെ സരസ്വതി എന്ന ചിത്രം പകര്‍ത്തിയത് വിശാഖ് അല്ല. ആ ചിത്രം വരച്ചത് ഞാനാണ്”. എന്നായിരുന്നു ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ജയകൃഷ്ണന്‍ പറഞ്ഞത്.

അക്കാലയളവില്‍ വിശാഖും ഞാനും മറ്റു ചിത്രകാരന്‍മാരും ഞങ്ങളുടെ എസ്.എഫ്.ഐ ബോര്‍ഡുകളില്‍ മാനവികതയ്ക്കുവേണ്ടി സംസാരിക്കുന്ന, ആശയ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി സംസാരിക്കുന്ന ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെന്നും
മാനവികതയ്ക്കുവേണ്ടി ഞങ്ങളുടെ കാലഘട്ടത്തില്‍ ഒരുമിച്ച് അണിനിരന്ന ഒരുപാട് പേരില്‍ രണ്ടു പേര്‍ മാത്രമാണ് ഞങ്ങളെന്നും ജയകൃഷ്ണന്‍ വ്യക്തമാക്കി.

വിശാഖ് തന്നെയാണ് ഞങ്ങളുടെ കേരളവര്‍മ്മക്കാലത്തെ ഏറ്റവും മികച്ച കലാകാരന്‍- ജയകൃഷ്ണന്‍ പറഞ്ഞു. വിശാഖ് വരച്ച ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

 

വിശാഖ് എന്ന കലാകാരന്റെ മരണത്തെ വ്യാജ പ്രചരണങ്ങളിലൂടെ ആഘോഷിക്കുന്ന സംഘപരിവാറിന്റെ രീതി മനുഷ്യത്വ വിരുദ്ധമാണെന്ന് കേരള വര്‍മ കോളേജ് അദ്ധ്യാപിക ദീപാ നിശാന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. വിശാഖിന്റെ മരണത്തില്‍ ഞങ്ങളെല്ലാവരും പാടെ തകര്‍ന്നിരിക്കുന്ന സമയത്താണ് മരണത്തെ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചത്. എന്ത് മാത്രം മനുഷ്യത്വം മരവിച്ച കൂട്ടമാണവരെന്നും പ്രചരണത്തിനെതിരെ വിശാഖിന്റെ അചഛന്‍ കൊടുത്ത പരാതി പൊലീസ് സൈബര്‍ സെല്ലിന് കൈമാറിയെന്നും ദീപ നിശാന്ത് പറഞ്ഞു.

Image result for DEEPA NISHANTH

വിശാഖ് കഴിവുള്ള കലാകാരനായിരുന്നു. കലോത്സവങ്ങളില്‍ നിരവധി തവണ സര്‍ഗ പ്രതിഭയായ വിശാഖ് കോളേജിന് പ്രീയപ്പെട്ടവനായിരുന്നു. വിശാഖിന്റെ മരണത്തെ ഫേസ്ബുക്കില്‍ പോലും കുറിക്കാനാകാതെ തളര്‍ന്നിരിക്കുമ്പോഴാണ് ചിലര്‍ ഇത്തരം പ്രചരണം അഴിച്ചു വിടുന്നത്. ഒരു തരത്തിലും വെച്ച് പൊറുപ്പിക്കാനാകാത്ത കൂറ്റകൃത്യമാണിതെന്നും ദീപ നിശാന്ത് പറഞ്ഞു.

 

ഇവിടെ എം.എഫ് ഹുസൈന്റെ ചിത്രം ആര് വരച്ചു എന്നതല്ല വിഷയം, ചിത്രം എസ്.എഫ്.ഐയുടെ ബോര്‍ഡില്‍ വന്നാല്‍ അതിന്റെ ഉത്തരവാദിത്വം ആ സംഘടനയ്ക്കാണ്. എം.എഫ് ഹുസൈന്റെ ദുര്‍ഗാ ദേവിയുടെ ചിത്രം പകര്‍ത്തി വരച്ചതില്‍ മനംനൊന്താണ് വിശാഖ് ആത്മഹത്യ ചെയ്തത് എന്നാണ് സംഘപരിവാറിന്റെ പ്രചരണം എങ്കില്‍ എം.എഫ് ഹുസൈന്‍ എങ്ങനെയാണ് 95 വയസുവരെ ജീവിച്ചതെന്നും ദീപാ നിശാന്ത് ചോദിച്ചു.

ഈ വിഷയത്തില്‍ തനിക്കെതിരെയും ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. ഞാന്‍ കലാകാരന്റെ ആവിഷ്‌ക്കാരത്തിന് വേണ്ടിയാണ് ശബ്ദിച്ചതെന്നും അത് ഇനിയും തുടരുമെന്നും ദീപ നിശാന്ത് വ്യക്തമാക്കി.

എങ്ങനെയാണ് ചിലര്‍ക്ക് സ്വന്തം പ്രിയപെട്ടവരുടെയൊഴികെ ബാക്കിയുള്ളവരുടെ മരണങ്ങള്‍ ഇങ്ങനെ ആഘോഷിക്കുവാന്‍ കഴിയുന്നത് എന്ന് കേരളവര്‍മയിലെ മുന്‍ എസ്.എഫ്.ഐ നേതാവ് അഭിഷേക് ചോദിക്കുന്നു. മരണത്തിനുശേഷം പോലും ഒരാളെ തെറി പറഞ്ഞും അധിക്ഷേപിച്ചും സന്തോഷം കൊള്ളൂന്നവരും അത് പങ്ക് വെച്ചും കമന്റിട്ടും സായൂജ്യമടയുന്നവരും എത്രത്തോളമാണെന്നത് ഞെട്ടിക്കുന്നതാണ്. അഭിഷേക് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

മുന്‍കാലങ്ങളില്‍ ഞാന്‍ എസ്.എഫ്.ഐ എന്ന എന്റെയും അവന്റെയും പ്രസ്ഥാനത്തിന്റെ ശ്രീകേരളവര്‍മ്മ കോളേജ് യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് യൂണിറ്റ് പ്രസിഡന്റ് അഖിലിന്റെയും യൂണിറ്റ് കമ്മിറ്റിയുടെയും മുഴുവന്‍ സഖാക്കളുടെയും ഒറ്റക്കെട്ടായ തിരുമാനപ്രകാരം എം.എഫ്. ഹുസൈന്റെ വിശ്വവിഖ്യാതമായ ചിത്രം നവാഗതരെ വരവേല്‍ക്കുന്ന ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്. രാജ്യമെമ്പാടും കലകളോട് അസഹിഷ്ണുത പുലര്‍ത്തിപോരുന്ന സംഘപരിവാര്‍ ഭരണകൂടത്തോടുള്ള ശക്തമായ പ്രതിഷേധം കൂടിയായിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചത്. ഇന്നും ആ നിലപാടില്‍ നിന്നും കേരളവര്‍മ്മ കലാലയത്തിലെ എസ്.എഫ്.ഐക്കാര്‍ പിന്നോട്ട് പോയിട്ടില്ല. അഭിഷേക് കുറിച്ചു.

ഇക്കഴിഞ്ഞ കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍കലോത്സവത്തില്‍ ചിത്രപ്രതിഭയായിരുന്നു വിശാഖ്. ചിത്രകാരന്‍ പോസ്റ്റര്‍ മേക്കിങ്ങ്, കാര്‍ട്ടൂണ്‍, ക്ലേ മോഡലിങ് എന്നീ മത്സരങ്ങളില്‍ ഒന്നാമനായിരുന്നു ഈ കലാകാരന്‍. ഓയില്‍ പെയിന്റിങ്ങിലും ജലച്ഛായത്തിലും രണ്ടാം സ്ഥാനവും നേടിയിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഡീസോണ്‍ കലോത്സവത്തില്‍ ചിത്രപ്രതിഭയാണ്.

വാടാനപ്പിള്ളി സര്‍ഗചിത്ര കലാവിദ്യാലയത്തിലെ അധ്യാപകന്‍ ബിജു വിശ്വനാഥില്‍ നിന്ന് ഒമ്പതാംക്ലാസില്‍ പഠിക്കവെ ചിത്രകലയില്‍ ബാലപാഠം പഠിച്ചാണ് തുടക്കം. 2011-12, 12-13 വര്‍ഷങ്ങളില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ഓയില്‍ പെയിന്റിങ്ങില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു.

ക്ലേമോഡലിങ്ങില്‍ റാഞ്ചിയില്‍ നടന്ന ദേശീയ യൂണിവേഴ്സിറ്റി മത്സരത്തില്‍ ജേതാവായിരുന്നു. കഴിഞ്ഞവര്‍ഷം ചെന്നൈയില്‍ നടന്ന സൗത്ത് സോണ്‍ യൂണിവേഴ്സിറ്റി മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. കേരളവര്‍മയില്‍ അവസാനവര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയായിരുന്നു.

വിശാഖ് വരച്ച ചിത്രങ്ങളില്‍ ചിലത്. 

Image may contain: one or more people and outdoor

Image may contain: outdoor

Image may contain: sky, cloud and outdoor

No automatic alt text available.

അലി ഹൈദര്‍
മാധ്യമപ്രവര്‍ത്തകന്‍