ആസിഫ് കെ. യൂസഫിനെ മാറ്റിയത് ധാര്‍മികതയുടെ വിജയമെന്ന് വി.എച്ച്.പി: സംസ്ഥാന സര്‍ക്കാര്‍ വി.എച്ച്.പി പിന്തുണകൂടി നേടിയെന്ന് എസ്.എഫ്.ഐ
Kerala
ആസിഫ് കെ. യൂസഫിനെ മാറ്റിയത് ധാര്‍മികതയുടെ വിജയമെന്ന് വി.എച്ച്.പി: സംസ്ഥാന സര്‍ക്കാര്‍ വി.എച്ച്.പി പിന്തുണകൂടി നേടിയെന്ന് എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th June 2026, 8:16 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ പിന്തുണ കൂടി നേടി മുന്നോട്ട് പോവുകയാണെന്ന് എസ്.എഫ്.ഐ. സംഘപരിവാര്‍ താല്പര്യങ്ങള്‍ മുഖ്യമന്ത്രി വഴി നടപ്പാക്കുമ്പോള്‍ ലീഗ് ഒന്നും ചെയ്യുന്നില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരളത്തിലെ സമസ്ത വിദ്യാഭ്യാസ മേഖലയും സംഘപരിവാറിന്റെ കാല്‍ച്ചുവട്ടില്‍ അടിയറവ് വെച്ച് സംഘ പുത്രന്‍ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് ആസിഫ് കെ. യൂസഫിനെ മാറ്റിയ നടപടി ധാര്‍മികതയുടെ വിജയമാണെന്ന് വി.എച്ച്.പി അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ എസ്.എഫ്.ഐ പ്രസിഡന്റ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

യൂസഫ് എം ബഷീര്‍ വ്യാജ ഐ.പി.എസ് പദവിയിലാണെന്ന് വി.എച്ച്.പി ആരോപണം ഉന്നയിച്ചിരുന്നു. വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് മീറ്റിങ്ങിലായിരുന്നു യൂസഫ് എം. ബഷീറിനെ പൊതു വിദ്യാഭ്യാസ ഡയരക്ടറായി നിയമിച്ചത്. ഇത് മുസ്ലിം ലീഗിന്റെ താത്പര്യപ്രകാരമാമെന്ന് വി.എച്ച്.പി ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഈ ചൊവ്വാഴ്ച ഐ.എ.എസ് തലപ്പത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അഴിച്ചുപണിയില്‍ ആസിഫ് കെ. യൂസഫ് അടക്കുള്ള ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം വന്നിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ആസിഫ് കെ.യൂസഫിനെ നോര്‍ക്ക ഡയറക്ടറായിട്ടാണ് നിയമിച്ചത്. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനെ പൊതു വിദ്യാഭ്യാസ ഡയറക്ടറായും അഴിച്ചുപണിയുടെ ഭാഗമായി നിയമിച്ചിരുന്നു.

‘വിശ്വഹിന്ദു പരിഷത്തിന്റെ പിന്തുണ കൂടി നേടി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുകയാണ്. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ഇന്നലെ തന്നെ പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നിരുന്നു. മറ്റൊരു ബി.ജെ.പി നേതാവ് മേജര്‍ രവി ഗ്രൗണ്ടില്‍ ഇറങ്ങിയാണ് വി.ഡി. സതീശന് വേണ്ടി പി.ആര്‍ വര്‍ക്ക് നടത്തുന്നത്,’ ശിവപ്രസാദ് കുറിച്ചു.

കോണ്‍ഗ്രസും സംഘപരിവാറും ചേരുന്ന ഈ വിശാലമുന്നണി ഭരണത്തില്‍ ഞങ്ങളുമുണ്ട് എന്നറിയിക്കാന്‍ വേണ്ടി എങ്കിലും ലീഗ് ഇടയ്‌ക്കൊന്ന് മൂളുന്നത് നല്ലതാണെന്നും ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘ലോക കാര്യങ്ങളെപ്പറ്റി അഭിപ്രായം പറഞ്ഞില്ലെങ്കിലും ലീഗിന്റെ മന്ത്രിമാര്‍ക്ക് കൈകാര്യം ചെയ്യുന്ന വകുപ്പില്‍ എങ്കിലും സംഘപരിവാര്‍ താല്പര്യങ്ങള്‍ മുഖ്യമന്ത്രി വഴി നടപ്പിലാക്കപ്പെടുമ്പോള്‍ ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ’ എന്നെങ്കിലും പറയാനുള്ള ആര്‍ജ്ജവം ലീഗ് കാണിക്കണം,’ ശിവപ്രസാദ് അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിശ്വഹിന്ദു പരിഷത്തിന്റെ പിന്തുണ കൂടി നേടി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുകയാണ്. ബിജെപി നേതാവ് ശ്രീ. കെ സുരേന്ദ്രന്‍ ഇന്നലെ തന്നെ പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നിരുന്നു. മറ്റൊരു ബിജെപി നേതാവ് മേജര്‍ രവി ഗ്രൗണ്ടില്‍ ഇറങ്ങിയാണ് ശ്രീ വി.ഡി.എം. സതീശന് വേണ്ടി പി. ആര്‍ വര്‍ക്ക് നടത്തുന്നത്.

കോണ്‍ഗ്രസും സംഘപരിവാറും ചേരുന്ന ഈ വിശാലമുന്നണി ഭരണത്തില്‍ ഞങ്ങളുമുണ്ട് എന്നറിയിക്കാന്‍ വേണ്ടി എങ്കിലും ലീഗ് ഇടയ്‌ക്കൊന്ന് മൂളുന്നത് നല്ലതാണ്. ലോക കാര്യങ്ങളെപ്പറ്റി അഭിപ്രായം പറഞ്ഞില്ലെങ്കിലും ലീഗിന്റെ മന്ത്രിമാര്‍ക്ക് കൈകാര്യം ചെയ്യുന്ന വകുപ്പില്‍ എങ്കിലും സംഘപരിവാര്‍ താല്പര്യങ്ങള്‍ മുഖ്യമന്ത്രി വഴി നടപ്പിലാക്കപ്പെടുമ്പോള്‍ ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ’ എന്നെങ്കിലും പറയാനുള്ള ആര്‍ജ്ജവം ലീഗ് കാണിക്കണം.

കേരളത്തിലെ സമസ്ത വിദ്യാഭ്യാസ മേഖലയും സംഘപരിവാറിന്റെ കാല്‍ച്ചുവട്ടില്‍ അടിയറവ് വെച്ച് സംഘ പുത്രന്‍ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നു.

(താല്പര്യമില്ലെങ്കിലും ജനം ടിവിയില്‍ വന്ന വാര്‍ത്ത താഴെ നല്‍കുന്നു. ഇനി വാര്‍ത്ത നല്‍കുമ്പോള്‍ ജയ്ഹിന്ദ് ടിവിക്ക് ഈഗോ വരാതിരിക്കാന്‍ തുടര്‍ന്ന് ജനം ടിവി ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.)

Content Highlight: SFI Leader Sivaprasad Criticize Kerala Government On VHP comment on Moving Asif K Yusuf from General Education Director Post