കോഴിക്കോട്: ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ്. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം കുത്തനെ ഇടിയാന്‍ കാരണം ഇവിടുത്തെ മാധ്യമങ്ങള്‍ തന്നെയാണ് എന്നാണ് ശിവപ്രസാദ് കുറ്റപ്പെടുത്തുന്നത്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് മെലഡി നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഘോഷിക്കുന്ന ഇന്ത്യയിലെ മാധ്യമങ്ങള്‍, രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം കുത്തനെ ഇടിഞ്ഞതിന്റെ സ്വയം സാക്ഷ്യപ്പെടുത്തലാണെന്ന് ശിവപ്രസാദ് വിമര്‍ശിച്ചു.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്റെ വിമര്‍ശനം.
‘നോര്‍വീജിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം കേട്ടിട്ടും ഉത്തരം പറയാന്‍ ധൈര്യമില്ലാതെ ആര്‍.എസ്.എസ് കൊട്ടിഘോഷിക്കുന്ന വിശ്വഗുരു ശ്രീ. നരേന്ദ്ര മോദി തല താഴ്ത്തി പോവുന്നത് കാണുമ്പോഴാണ് ഇന്ത്യയില്‍ രൂപപ്പെടുന്ന ഫാസിസത്തെ അലോസരപ്പെടുത്തുന്ന ഒരു ചോദ്യവും ഉന്നയിക്കാതെ നിശ്ശബ്ദമായി ഇതിനോട് സന്ധി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളുടെയും നേര്‍ചിത്രം വ്യക്തമാക്കുന്നത്,’ ശിവപ്രസാദ് ഫേസ്ബുക്കിലെഴുതി.
ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് മെലഡി നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഘോഷിക്കുന്ന ഇന്ത്യയിലെ മാധ്യമങ്ങള്‍ നടത്തുന്നത് ഒരു സ്വയം സാക്ഷ്യപ്പെടുത്തലാണ്. എന്തുകൊണ്ടാണ് രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം കുത്തനെ ഇടിഞ്ഞത് എന്ന് മാധ്യമങ്ങള്‍ തങ്ങളുടെ ഉള്ളിലേക്ക് നോക്കിയാണ് ആദ്യം ചോദിക്കേണ്ടത് എന്ന സാക്ഷ്യപ്പെടുത്തല്‍!
നോര്‍വീജിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം കേട്ടിട്ടും ഉത്തരം പറയാന്‍ ധൈര്യമില്ലാതെ ആര്‍.എസ്.എസ് കൊട്ടിഘോഷിക്കുന്ന വിശ്വഗുരു ശ്രീ. നരേന്ദ്ര മോദി തല താഴ്ത്തി പോവുന്നത് കാണുമ്പോഴാണ് ഇന്ത്യയില്‍ രൂപപ്പെടുന്ന ഫാസിസത്തെ അലോസരപ്പെടുത്തുന്ന ഒരു ചോദ്യവും ഉന്നയിക്കാതെ നിശ്ശബ്ദമായി ഇതിനോട് സന്ധി ചെയ്യുന്ന ഭൂരിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളുടെയും നേര്‍ചിത്രം വ്യക്തമാക്കുന്നത്.
ചെയ്യുന്ന ജോലി സ്വതന്ത്രമായും സത്യസന്ധമായും ചെയ്യാനുള്ള അവകാശത്തിനായി വേണം മാധ്യമ പ്രവര്‍ത്തകര്‍ ആദ്യം ശബ്ദമുഴര്‍ത്തേണ്ടത്. സ്വന്തം കൈയിലെ ചങ്ങലപൊട്ടിക്കാന്‍ സാധിക്കാത്തവര്‍ ലോകം നിയന്ത്രിക്കുന്നതായി നടിക്കുന്ന കാലം കൂടിയാണ് ഇത് എന്ന് ഓര്‍ത്തു പോകുന്നു!
അതേസമയം, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റ സസ്‌പെന്‍ഡ് ചെയ്തതായി പ്രധാനമന്ത്രിയോട് ചോദ്യം ചോദിച്ച നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ് വ്യക്തമാക്കിയിരുന്നു.
ഓസ്‌ലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ദിനപത്രമായ ‘ഡാഗ്‌സാവിസെന്റെ’ റിപ്പോര്‍ട്ടറായ ഹെല്ലെ ലിങ്ങിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് മെറ്റ സസ്പെന്‍ഡ് ചെയ്തത്.
തന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ നഷ്ടപ്പെട്ടതായി വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അവര്‍ പങ്കുവെച്ചത്.
പത്രസ്വാതന്ത്ര്യത്തിന് നല്‍കേണ്ടി വന്ന ചെറിയ വിലയാണ് ഇതെന്നായിരുന്നു തന്റെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള ഹെല്ലെ ലിങ്ങിന്റെ പ്രതികരണം.
ഇവര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ അറ്റാക്കും ഇന്ത്യന്‍ ഹാന്‍ഡിലുകള്‍ നടത്തിയിരുന്നു.
Content Highlight: SFI leader M Sivaprasad criticize Indian Medias