അഭിമന്യുവിനെ കുത്തിയ കത്തി ഉപേക്ഷിക്കരുതെന്ന് നേതാക്കള്‍ പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് പ്രതികള്‍
abhimanyu murder
അഭിമന്യുവിനെ കുത്തിയ കത്തി ഉപേക്ഷിക്കരുതെന്ന് നേതാക്കള്‍ പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് പ്രതികള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2018, 11:02 am

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്ന് പ്രതികളുടെ മൊഴി. എറണാകുളം നോര്‍ത്തിലെ ഒരുവീട്ടില്‍ താമസിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നും കുത്തിയശേഷം കത്തി ഉപേക്ഷിക്കരുതെന്ന് നേതാക്കള്‍ പ്രത്യേക നിര്‍ദേശം നല്‍കിയെന്നും പ്രതികള്‍ മൊഴി നല്‍കി.

ഹോസ്റ്റലിലെ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിമന്യു തടസ്സംനിന്നതാണ് വൈരാഗ്യത്തിന് കാരണമെന്നും പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.


Read Also : അഭീ…ഇന്ന് നിന്റെ ടീമിന്റെ കളിയുണ്ടെടാ…കാണാന്‍ നീയില്ല, നിന്റെ ടീം ജയിക്കണം അത് കണ്ടെങ്കിലും ഞങ്ങള്‍ക്ക് സന്തോഷിക്കാലോ; കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൂട്ടുകാരന്റെ ഹൃദയഭേദകമായ കുറിപ്പ്


അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കായി ആലപ്പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും സഹായം ചെയ്തതായി പൊലീസ് പറഞ്ഞു.


Read Also : കൊടിയും ബാനറും ഞങ്ങള്‍ കെട്ടിത്തരാം പകരം ഞങ്ങളുടെ സഖാവിന്റെ ജീവന്‍ തരുമോ; എം.സ്വരാജ്


കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്.ഡി.പി.ഐ സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം 80 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതികളെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതികളില്‍ ചിലര്‍ ആലപ്പുഴയിലുണ്ടെന്ന സൂചന പൊലീസിന് ലഭിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ചോദ്യംചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.