വൈസ് ചാന്‍സിലര്‍ സ്ഥാനം അല്‍പ്പന്മാര്‍ക്കുള്ളതല്ല, രാജിവെക്കണം: എസ്.എഫ്.ഐ
Kerala News
വൈസ് ചാന്‍സിലര്‍ സ്ഥാനം അല്‍പ്പന്മാര്‍ക്കുള്ളതല്ല, രാജിവെക്കണം: എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th July 2025, 10:11 am

 

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി താത്കാലിക വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ എസ്.എഫ്.ഐ. വൈസ് ചാന്‍സിലര്‍ സ്ഥാനം അല്‍പ്പന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അപമാനിച്ച വി.സി രാജി വെച്ച് പുറത്തുപോകണമെന്നും എസ്.എഫ്.ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വൈസ് ചാന്‍സിലര്‍ അരാഷ്ട്രീയ വാദികളുടെ കപടമൂടുപടം ധരിച്ച് തികച്ചും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് ആര്‍.എസ്.എസ് അജണ്ട നിറവേറ്റുകയാണെന്നും കേരളത്തിന്റെ ചരിത്രത്തില്‍ നിരവധി പ്രഗത്ഭരായ വ്യക്തികള്‍ അലങ്കരിച്ച വൈസ് ചാന്‍സലര്‍ പദവിയെയാണ് ഇന്ന് അസംബന്ധങ്ങള്‍ ഉദ്‌ഘോഷിക്കുന്ന, അസത്യങ്ങള്‍ വിളിച്ചുപറയുന്ന, കെടുകാര്യസ്ഥതയുടെ നിറകുടമായ അല്‍പ്പന്മാര്‍ കുടിയിരുന്ന് ലജ്ജിപ്പിക്കുന്നതെന്നും എസ്.എഫ്.ഐ പറഞ്ഞു.

സര്‍വകലാശാലകളെ കാവിവത്ക്കരിക്കുന്നതിനെതിരെ, വിദ്യാര്‍ത്ഥിദ്രോഹ നടപടികള്‍ വി.സി സ്വീകരിക്കുന്നതിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ‘ഗുണ്ടകള്‍’ എന്ന് വിശേഷിപ്പിച്ച മോഹനന്‍ കുന്നുമ്മലിന് ആരിഫ് മുഹമ്മദ് ഖാനിലേക്കും അധിക ദൂരമില്ലെന്നും എസ്.എഫ്.ഐ പറഞ്ഞു.

അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചന പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി രക്തസാക്ഷിത്വം വരിച്ച ചെഗുവേരയെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാല് നക്കിയ സവര്‍ക്കറേയും സമീകരിക്കാന്‍ മോഹനന്‍ കുന്നുമ്മല്‍ ശ്രമിച്ചത് സ്വന്തം തലച്ചോര്‍ സംഘപരിവാര്‍ ശാലയില്‍ പണയം വെച്ചതിനാലാണന്ന് പ്രസ്താവനയില്‍ വിമര്‍ശിച്ചു.

കേരള സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ആകെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്ത വി.സി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

SFI staged a massive protest against the Governor in Kerala University

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുവാനും വര്‍ഗീയവത്കരിക്കുവാനും ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ഏതറ്റം വരെയും ചെറുക്കുമെന്നും സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു.

നേരത്തെയും എസ്.എഫ്.ഐ വൈസ് ചാന്‍സിലര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിക്കുകയും സരമവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സര്‍വകലാശാല ആസ്ഥാനം കീഴടക്കി മുന്നേറിയ പ്രവര്‍ത്തകര്‍ പൊലീസിന്റെ പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് ഇരച്ച് കയറിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ പി.എസ്. സഞ്ജീവിനെ അടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

Case filed against SFI activists over Kerala University protest

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെയും സഞ്ജീവിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയിരുന്നു.

എസ്.എഫ്.ഐയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

വൈസ് ചാന്‍സിലര്‍ സ്ഥാനം അല്‍പ്പന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അപമാനിച്ച വി.സി രാജി വെച്ച് പുറത്ത് പോകുക: എസ്.എഫ്.ഐ

കേരള സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാനന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ അരാഷ്ട്രീയ വാദികളുടെ കപടമൂടുപടം ധരിച്ച് തികച്ചും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് ആര്‍.എസ്.എസ് അജണ്ട നിറവേറ്റുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ നിരവധി പ്രഗത്ഭരായ വ്യക്തികള്‍ അലങ്കരിച്ച വൈസ് ചാന്‍സിലര്‍ പദവിയെയാണ് ഇന്ന് അസംബന്ധങ്ങള്‍ ഉദ്‌ഘോഷിക്കുന്ന, അസത്യങ്ങള്‍ വിളിച്ചുപറയുന്ന, കെടുകാര്യസ്ഥതയുടെ നിറകുടമായ അല്‍പ്പന്മാര്‍ കുടിയിരുന്ന് ലജ്ജിപ്പിക്കുന്നത്.

സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് ക്ഷണിച്ച പൈതൃകം പേറുന്ന കേരള സര്‍വകലാശാലയില്‍ കുന്നുമ്മല്‍ മോഹനന്‍ കയറിയിരിക്കുമ്പോള്‍ ഗതി തെറ്റുന്നത് സര്‍വകലാശാലയും വിദ്യാര്‍ത്ഥി ജീവിതങ്ങളുമാണ്. ചോദ്യങ്ങളെയും സംവാദസ്ഥലികളെയും ഭയക്കുന്ന സംഘപരിവാര്‍ ശരീരത്തിന്റെ പ്രകടനങ്ങളാണ് ഇന്ന് മോഹനന്‍ കുന്നുമ്മലിന്റെ പത്രസമ്മേളനത്തില്‍ ദൃശ്യമായത്.

NIRF റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്ന കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ സ്ഥാനത്തിരിക്കാന്‍ തെല്ലും യോഗ്യതയില്ലാത്ത വ്യക്തിയാണ് അദ്ദേഹമെന്ന് ബോധ്യപ്പെടാന്‍ പത്രസമ്മേളനത്തിലെ പ്രകടനം മാത്രം മതിയാകുന്നതാണ്. 20 ദിവസങ്ങള്‍ക്കു ശേഷമാണ് ‘ഡിജിറ്റല്‍ കസേരയില്‍’ ഇരുന്ന് ഭരണനിര്‍വഹണം നടത്തിയ താത്കാലിക വി.സി സര്‍വകലാശാലയില്‍ എത്തി സര്‍വകലാശാല നിയമങ്ങള്‍ക്കും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്കും വിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയത്.

സര്‍വകലാശാലകളെ കാവിവത്കരിക്കുന്നതിനെതിരെ, വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ വി.സി സ്വീകരിക്കുന്നതിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ‘ഗുണ്ടകള്‍’ എന്ന് വിശേഷിപ്പിച്ച മോഹനന്‍ കുന്നുമ്മലിന് ആരിഫ് മുഹമ്മദ് ഖാനിലേക്കും ഇനി ദൂരമൊട്ടും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ വിമോചന പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി രക്തസാക്ഷിത്വം വരിച്ച വിപ്ലവപോരാളി ചെഗുവേരയെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാല് നക്കിയ സവര്‍ക്കറേയും സമീകരിക്കാന്‍ മോഹനന്‍ കുന്നുമ്മല്‍ ശ്രമിച്ചത് സ്വന്തം തലച്ചോര്‍ സംഘപരിവാര്‍ ശാലയില്‍ പണയം വച്ചതിനാലാണ്. അതിനാല്‍ തന്നെയാണ് രാമായണവും മഹാഭാരതവും ഇന്ത്യന്‍ ചരിത്ര ഗ്രന്ഥങ്ങളാണെന്ന് സര്‍വകലാശാല വി.സി പറയുന്നതും.

ആര്‍.എസ്.എസ്സിന് പാദസേവ ചെയ്ത് അല്‍പമാര്‍ഗങ്ങളിലൂടെ പ്രീതി സ്വരൂപിച്ച് യോഗ്യതയില്ലാത്ത ഇരിപ്പിടം നേടിയ വി.സി മോഹനന്‍ കുന്നുമ്മല്‍, ജയിലറകളെ പോലും തോല്‍പ്പിച്ച ത്യാഗസന്നദ്ധതയോടെ സമര പ്രക്ഷോഭം നയിക്കുന്ന എസ്.എഫ്.ഐയുടെ രാഷ്ട്രീയത്തെ ഇകഴ്ത്താന്‍ ശ്രമിക്കുന്നത് പൊതുസമൂഹം തള്ളിക്കളയുക തന്നെ ചെയ്യും.

സര്‍വകലാശാലകളെ സംഘപരിവാര്‍വത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിന്നും കുതറിയോടിയ സംഘപരിവാര്‍ ശരീരത്തിന്റെ കുടില താത്പര്യങ്ങളെ ചെറുത്ത് തോല്‍പ്പിക്കുവാന്‍ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണം.

കേരള സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ആകെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്ത വി.സി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുവാനും വര്‍ഗീയവത്കരിക്കുവാനും ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ഏത് അറ്റം വരെയും ചെറുക്കുമെന്നും വിദ്യാര്‍ത്ഥി വിരുദ്ധവും നിയമവിരുദ്ധവുമായി പ്രവര്‍ത്തിക്കുന്ന കേരള സര്‍വകലാശാല വി.സി രാജി വയ്ക്കണമെന്നും എസ്.എഫ്.ഐ കേരള സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രസിഡന്റ് എം. ശിവപ്രസാദ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

 

Content highlight: SFI demands Kerala University Vice Chancellor resign