അഭിമന്യു വധം: രണ്ട് പേര്‍ കൂടി പിടിയില്‍: പ്രതികള്‍ എസ്.ഡി.പി.ഐ ഓഫീസിനു നേരെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
Kerala News
അഭിമന്യു വധം: രണ്ട് പേര്‍ കൂടി പിടിയില്‍: പ്രതികള്‍ എസ്.ഡി.പി.ഐ ഓഫീസിനു നേരെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2018, 8:13 am

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്ന്പേര്‍ അറസ്റ്റിലായിരുന്നു. എസ്.ഡി.പിഐ പ്രവര്‍ത്തകരായ കോട്ടയം സ്വദേശി ബിലാല്‍ (19), പത്തനംതിട്ട സ്വദേശി ഫാറൂഖ് (19), ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് (37) എന്നിവരെയാണ് പൊലീസ് അദ്യം കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

മുഹമ്മദാണ് കേസില്‍ മുഖ്യ പ്രതി. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അക്രമത്തില്‍ പങ്കാളികളായവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇവര്‍ എങ്ങനെ കാമ്പസില്‍ എത്തി എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിയായ പ്രതിയുടെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ കാമ്പസില്‍ എത്തിയതെന്നാണ് നിഗമനം.


Read Also : ഇതായിരുന്നു അഭിമന്യുവിന്റെ രാഷ്ട്രീയം; ജാര്‍ഖണ്ഡിലെ മുസ്‌ലിം ജനതയ്‌ക്കെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് കൊണ്ടുള്ള പോസ്റ്റ് വൈറലാകുന്നു


 

കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ മട്ടാഞ്ചേരി ചുള്ളിക്കലില്‍ ചെന്നിറങ്ങിയ പ്രതികള്‍ എസ്.ഡി.പി.ഐ ഓഫീസിനു നേരെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന സംഘം കോളേജിലേക്ക് ആതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

അക്രമത്തില്‍ അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ജന്മനാടായ വട്ടവടയില്‍ എത്തിച്ച അഭിമന്യുവിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംസ്‌കരിച്ചത്.

മഹാരാജാസിലെ എന്‍.എസ്.എസ് സ്‌കീമിന്റെ സെക്രട്ടറി കൂടിയാണ് പഠനത്തില്‍ മോശമല്ലാത്ത അഭിമന്യു. ഇടുക്കി മേഖലയില്‍ നിന്നും സി.പി.ഐ.എം സംഘടനാ നേതൃത്വത്തിലെത്താന്‍ കഴിവുള്ള ആളായിരുന്നു അഭിമന്യുവെന്ന് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവും വ്യക്തമാക്കുന്നുണ്ട്. എസ്.എഫ്.ഐയുടെ ഇടുക്കി ജില്ലാ കമ്മറ്റിയില്‍ അംഗം കൂടിയാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി.