ടെല്‍ അവീവ്: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗ്ലോബല്‍ ബ്രാന്‍ഡിങ് ഇന്‍ഡക്‌സില്‍ അവസാന സ്ഥാനത്തേക്ക് തള്ളപ്പെട്ട് ഇസ്രഈല്‍. BrandIL Initiative-ന്റെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവാണിത്. 2025 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ നടത്തിയ സര്‍വേയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇസ്രഈലിന്റെ ആകെ സ്‌കോര്‍ 6.1 ശതമാനം കുറഞ്ഞു.
2024ല്‍ നിന്നും 2025ലേക്കെത്തുമ്പോള്‍ ഗസ വംശഹത്യയില്‍ ഇസ്രഈല്‍ ഭരണകൂടത്തോട് മാത്രമല്ല, ആഗോള തലത്തിലും ഇസ്രഈലികളോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടായെന്നും, ഇത് നെഗറ്റീവാണെന്നുമാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.
ഇസ്രഈലിനെതിരായ ആഗോള വിമര്‍ശനം വര്‍ധിക്കുന്നതിനൊപ്പം തന്നെ രാജ്യത്തെ നിയമവിരുദ്ധമായും കൊളോണിയലെന്നും വിലയിരുത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
ഇസ്രഈല്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം: Photo: Wikipedia
ഇത് ആഗോള തലത്തില്‍ ഇസ്രഈലിനോടുള്ള വിശ്വാസം കുറയുക, വിദേശ നിക്ഷേപം കുറയുക, ടൂറിസത്തില്‍ ഇടിവ് സംഭവിക്കുക, അന്താരാഷ്ട്ര സമൂഹത്തിനിടയിലെ മതിപ്പ് കുറയുക തുടങ്ങിയ സാമ്പത്തിക തിരിച്ചടികളുണ്ടാകാനുള്ള സാധ്യതകളെ കുറിച്ചും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു.
ഇസ്രഈലുമായി ബന്ധമുള്ള വസ്തുക്കള്‍ വാങ്ങുന്നതിലോ സേവനങ്ങള്‍ സ്വീകരിക്കുന്നതിലോ ആളുകള്‍ക്ക് വിമുഖത വര്‍ധിക്കുന്നുവെന്നും, ഇത് ‘മെയ്ഡ് ഇന്‍ ഇസ്രഈല്‍’ ലേബലുള്ള വസ്തുക്കളെ നേരിട്ട് ബാധിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2023 ഒക്ടോബറിലെ സംഭവങ്ങള്‍ക്ക് ശേഷം ഇസ്രഈലിന്റെ ഫലസ്തീന്‍ ആക്രമണത്തിന് പിന്നാലെ നടത്തിയ സര്‍വേകളിലെല്ലാം തന്നെ ഇസ്രഈലിന്റെ റാങ്കിങ്ങില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
YouGov-ന്റെ സര്‍വേ പ്രകാരം 2025ല്‍ യൂറോപ്പിലെ ജനങ്ങള്‍ക്കിടയില്‍ ഇസ്രഈലിന്റെ ജനപിന്തുണ വന്‍ തോതില്‍ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍ എന്നിവിടങ്ങളിലായി നടത്തിയ സര്‍വേയില്‍ 20 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇസ്രഈലിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
അമേരിക്കയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച പ്യൂ റിസേര്‍ച്ചിന്റെ സര്‍വേ പ്രകാരം 53 ശതമാനത്തിലേറെ അമേരിക്കക്കാരും ഇസ്രഈലിനോട് പ്രതികൂലമായ നിലപാടാണ് വെച്ചുപുലര്‍ത്തുന്നത്. 2023ല്‍ ഇത് 42 ശതമാനമായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം. Photo: Wikimedia Commons
2025 ജനുവരി മുതല്‍ ഏപ്രില്‍ വരെ പ്യൂ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 24 രാജ്യങ്ങളില്‍ 20ലും ഇസ്രഈലിനെ കുറിച്ച് പ്രതികൂല നിലപാടെടുത്തവരായിരുന്നു കൂടുതലും.