ഗ്വാട്ടിമാലയിലെ ജയില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഏഴ് പേര്‍; ആറ് പേരുടെ തലയറുത്തു
World News
ഗ്വാട്ടിമാലയിലെ ജയില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഏഴ് പേര്‍; ആറ് പേരുടെ തലയറുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th May 2021, 10:23 pm

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ ജയിലില്‍ തടവുകാര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഏഴില്‍ ആറ് പേരുടെയും തലയറുത്തതായും അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെസ്‌റ്റേണ്‍ ഗ്വാട്ടിമാലയിലെ കാന്റല്‍ ജയിലിലായിരുന്നു സംഭവം. അന്താരാഷ്ട്ര ക്രിമിനല്‍ ഗ്യാങ്ങ് ആയ മാര സാല്‍വത്രുച്ഛയും അവരുടെ ബദ്ധശത്രുക്കളായ ബാരിയോ 18 എന്ന ക്രമിനല്‍ ഗ്യാങ്ങും തമ്മിലാണ് അക്രമമുണ്ടായത്. ബുധനാഴ്ചയും ഇവര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന അക്രമമെന്നാണ് അധികൃതര്‍ പറയുന്നത്.

സ്ഥലത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ 500ഓളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു.

പ്രാഥമികമായി ലഭിക്കുന്ന വിവരം അനുസരിച്ച് ഏഴു പേര്‍ മരിച്ചുവെന്നാണ് ഗ്വാട്ടിമാലയിലെ ആഭ്യന്തര മന്ത്രാലയം പറഞ്ഞത്. ജയിലില്‍ നടന്നത് ഒരു കലാപമാണെന്നും മന്ത്രാലയം പ്രതികരിച്ചു.

ജയിലിലെ രണ്ട് ക്രിമിനല്‍ വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നും ആറോളം പേരുടെ തലയറുക്കപ്പെട്ടെന്നും ഗ്വാട്ടിമാലയിലെ നാഷണല്‍ സിവില്‍ പൊലീസ് വക്താവ് ജോര്‍ജ് ആഗ്വിലാര്‍ പറഞ്ഞു.

അതേസമയം ഇത്തരം ഗ്യാങ്ങ് അക്രമങ്ങളും കലാപങ്ങളും കാന്റല്‍ ജയിലില്‍ സ്ഥിരം കാഴ്ചയാണ്. അക്രമങ്ങളെ ഗ്വാട്ടിമാലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു.

ഗ്വാട്ടിമാലയില്‍ 3500 ഓളം കൊലപാതകങ്ങളാണ് ഒരു വര്‍ഷത്തില്‍ ഇത്തരം ഗ്യാങ്ങുകള്‍ നടത്തുന്നതെന്നും അധികൃതര്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അക്രമം നിറഞ്ഞ കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യവും ഗ്വാട്ടിമാലയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Several inmates beheaded in gang violence in Guatemala prison