പഞ്ചാഗ്നി ആദ്യം മമ്മൂട്ടിയെ വെച്ച് ചെയ്യാനായിരുന്നു തീരുമാനം: സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍
Malayalam Cinema
പഞ്ചാഗ്നി ആദ്യം മമ്മൂട്ടിയെ വെച്ച് ചെയ്യാനായിരുന്നു തീരുമാനം: സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th August 2025, 7:41 pm

മലയാളത്തിലെ അറിയപ്പെടുന്ന നിര്‍മാതാക്കളില്‍ ഒരാളാണ് സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍. സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ബാനറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, രജിനികാന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങളുമായി ചേര്‍ന്ന് സിനിമാപ്രേമികള്‍ക്ക് നിരവധി സിനിമകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.

സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സിനിമയാണ് പഞ്ചാഗ്നി. 1986ല്‍ എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

ഗീത നായികയായി എത്തിയ സിനിമയില്‍ മോഹന്‍ലാല്‍, നദിയ മൊയ്തു, തിലകന്‍, ദേവന്‍, നെടുമുടി വേണു, മുരളി തുടങ്ങി മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. ഇപ്പോള്‍ പഞ്ചാഗ്നി സിനിമയെ കുറിച്ച് പറയുകയാണ് സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍.

ആദ്യം എം.ടി വാസുദേവന്‍ നായര്‍ പഞ്ചാഗ്നി സിനിമ പ്ലാന്‍ ചെയ്തത് ഒരു പുരുഷകേന്ദ്രീകൃത കഥയായിട്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. റെവല്യൂഷണറി ആയിട്ടുള്ള വര്‍ഗീസ് എന്നയാളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട കഥാപാത്രമായിരുന്നു അതെന്നും വിജയകുമാര്‍ പറയുന്നു.

പഞ്ചാഗ്നി ആരെ വെച്ച് ചെയ്യണമെന്ന ചോദ്യം വന്നപ്പോള്‍ മമ്മൂട്ടിയെ വെച്ച് ചെയ്യാം എന്നായിരുന്നു തീരുമാനിച്ചിരുന്നതെന്നും പക്ഷെ മമ്മൂട്ടിക്ക് ആ സമയത്ത് മേജര്‍ ഫിലിം കമ്മിറ്റ്‌മെന്റ്‌സ് ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘അതോടെ ഹരിഹരന്‍ സാറും എം.ടി സാറും ചര്‍ച്ചയിലായി. അവസാനം എന്നെ വിളിച്ച് സംസാരിച്ചു. ‘നമുക്ക് അങ്ങനെ കാത്തിരിക്കാന്‍ പറ്റില്ല. പകരം നമുക്ക് ഈ സബ്‌ജെക്ടില്‍ ചെറിയൊരു മാറ്റം വരുത്താം. ഹീറോയുടെ സബ്‌ജെക്ട് എന്നത് നമുക്ക് ഹീറോയിന്റെ സബ്‌ജെക്ടായി മാറ്റാം’ എന്ന് പറഞ്ഞു.

പക്ഷെ എനിക്ക് അത് സംബന്ധിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ രണ്ടുപേരും എന്ത് തീരുമാനിച്ചാലും എനിക്കത് ഓക്കെയായിരുന്നു. എനിക്ക് അതിലൊന്നും ഇടപെടേണ്ട ആവശ്യവും ഇല്ലായിരുന്നു,’ സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ പറയുന്നു.

അങ്ങനെയാണ് പഞ്ചാഗ്നി ഒരു ഫീമെയില്‍ സബ്‌ജെക്ടായി മാറുന്നതെന്നും നായികയായി ആരെ കാസ്റ്റ് ചെയ്യാമെന്ന ചോദ്യം വന്നതോടെ പലരെയും നായികയായി ആലോചിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ അതൊരു പുതിയ ആളാകട്ടെയെന്ന് തീരുമാനിക്കുകയും ഗീത എന്ന ആര്‍ട്ടിസ്റ്റിനെ കണ്ടെത്തിയെന്നും വിജയകുമാര്‍ പറഞ്ഞു. വെള്ളിത്തിര എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Content Highlight: Seven Arts Vijayakumar Talks About Mammootty And Panchagni Movie