ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ആഹ്ലാദപ്രകടനം; കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി കോടതി
national news
ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ആഹ്ലാദപ്രകടനം; കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th May 2025, 4:36 pm

ബെംഗളൂരു: ജാമ്യത്തിനിറങ്ങിയതിന് പിന്നാലെ ആഹ്ലാദപ്രകടനം നടത്തിയ കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി കോടതി. 2024 ലെ ഹാവേരി കൂട്ടബലാത്സംഗ കേസിലെ ഏഴ് പ്രതികളുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. ഇവരെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. മോചിതരായ ശേഷം, പ്രതികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഇവരെ സബ് ജയിലിൽ നിന്ന് അവരുടെ ജന്മനാടായ അക്കിഹല്ലൂരിലേക്ക് ആഘോഷ ഘോഷയാത്രയായി കൊണ്ടുപോയി. ഏകദേശം 30 കിലോമീറ്ററാണ് ഇവർ ഘോഷയാത്രയായി പോയത്.

ആഘോഷ ഘോഷയാത്രയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് ഉടൻ തന്നെ ഇടപെടുകയായിരുന്നു. തുടർന്ന്, ഏഴ് പ്രതികളുടെയും ജാമ്യം റദ്ദാക്കി അവരെ സബ് ജയിലിലേക്ക് തിരികെ അയയ്ക്കാൻ കോടതി ഉത്തരവിട്ടു.

2024 ജനുവരിയിൽ, മറ്റൊരു മതത്തിൽപ്പെട്ട ആൺകുട്ടിയോടൊപ്പം കണ്ടതിന്റെ പേരിൽ സ്വന്തം സമുദായത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ പ്രതികൾ ആക്രമിക്കുകയും തുടർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. പെൺകുട്ടി ഹംഗൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് 19 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 12 പേർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും, ബാക്കിയുള്ള ഏഴ് പേർക്ക് മെയ് 20 തിനായിരുന്നു ജാമ്യം ലഭിച്ചത്.

സബ് ജയിൽ മുതൽ അക്കിഹല്ലൂർ വരെ ഏകദേശം 10 കാറുകളും 30 ബൈക്കുകളുമായി ഇവർ ഘോഷയാത്ര നടത്തി. പ്രതികൾ വിജയചിഹ്നവുമായി പോസ് ചെയ്യുകയും അനുയായികൾ അവരുടെ പേരുകൾ ആർത്തുവിളിക്കുകയും ചെയ്തിരുന്നു.

ഹംഗൽ കൂട്ടബലാത്സംഗ കേസിൽ ജില്ലാ കോടതി അടുത്തിടെ ജാമ്യം അനുവദിച്ച ഏഴ് പ്രതികളെയും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് എസ്. അൻഷു കുമാർ പറഞ്ഞു.

നിയമവിരുദ്ധമായ ഘോഷയാത്രയ്‌ക്കെതിരെ ഐ.പി.സി 189(2), 191(2), 281, 351(2), 351(3), 190 ബി.എൻ.എസ്-2023 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഹംഗൽ ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതിനുശേഷം പൊലീസ് വീഡിയോകൾ പരിശോധിക്കുകയും എല്ലാ കുറ്റവാളികളും ഘോഷയാത്രയിൽ പങ്കെടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlight: Seven accused in 2024 Haveri gang rape case re-arrested after viral bail celebration procession in Karnataka