സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് സേതു ലക്ഷ്മി. നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ അവര്‍ മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തിയ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സേതു ലക്ഷ്മി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കഥാപാത്രം. ഇന്ദ്രജിത് അവതരിപ്പിച്ച വട്ട് ജയന്റെ അമ്മയായാണ് സേതുലക്ഷ്മി വേഷമിട്ടത്. കരിയറില്‍ ഒരുപാട് അവസരങ്ങള്‍ ആ സിനിമക്ക് ശേഷം തനിക്ക് ലഭിച്ചെന്ന് പറയുകയാണ് സേതുലക്ഷ്മി. ആ സിനിമയിലെ പെര്‍ഫോമന്‍സ് പൃഥ്വിരാജ് കണ്ടെന്ന് സേതുലക്ഷ്മി പറഞ്ഞു.
അതിന് ശേഷം പൃഥ്വി ചെയ്ത ഡാര്‍വിന്റെ പരിണാമം എന്ന സിനിമയില്‍ അയാളുടെ അമ്മവേഷത്തിലേക്ക് തന്നെ വിളിച്ചെന്നും തന്നെ കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ തന്നെ അമ്മ വേഷം ചെയ്യണമെന്ന് പൃഥ്വിരാജ് എല്ലാവരോടും പറഞ്ഞിരുന്നെന്ന് താന്‍ പിന്നീട് അറിഞ്ഞെന്നും താരം പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു സേതുലക്ഷ്മി.
‘ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയിലെ വേഷമാണ് പലരും ആദ്യമായി ശ്രദ്ധിച്ചത്. ഇപ്പോഴും എല്ലാവരും പ്രത്യേകം എടുത്തുപറയുന്നതും ആ സിനിമയിലെ റോളിനെക്കുറിച്ചാണ്. അതുപോലെ പ്രധാനപ്പെട്ട സിനിമയായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ഇന്ദ്രജിത്തിന്റെ അമ്മയുടെ വേഷമായിരുന്നു ആ സിനിമയില്‍. എല്ലാവരും നല്ലത് പറഞ്ഞ റോളായിരുന്നു. ആ സിനിമ കണ്ടിട്ട് പൃഥ്വിരാജിന്റെ അമ്മവേഷം ചെയ്യാന്‍ എന്നെ വിളിച്ചു.
ഡാര്‍വിന്റെ പരിണാമം എന്ന പടത്തില്‍ പൃഥ്വിയുടെ അമ്മയായിട്ട് അഭിനയിച്ചത് ഞാനാണ്. ഇന്ദ്രജിത്തിന്റെ അമ്മയായിട്ട് അഭിനയിച്ചത് കണ്ടിട്ടാണ് പൃഥ്വി ആ വേഷത്തിലേക്ക് എന്നെ വിളിച്ചത്. ഇത് എന്നോട് പറയുകയും ചെയ്തു. ‘ഞാന് പറഞ്ഞിട്ടാണ് കേട്ടോ ഈ പടത്തിലേക്ക് വിളിച്ചത്. ഇന്ദ്രന്റെ അമ്മയായിട്ട് അഭിനയിച്ച് ഇഷ്ടപ്പെട്ടു. എനിക്ക് ഈ അമ്മ തന്നെ മതി എന്നാണ് പറഞ്ഞത്’ എന്ന് പൃഥ്വിരാജ് എന്നോട് പറഞ്ഞു. അത് വലിയ കാര്യമായിരുന്നു,’ സേതുലക്ഷ്മി പറഞ്ഞു.
പൃഥ്വിരാജ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. ഗൊറില്ല ഡാര്‍വിന്‍ എന്ന ഗുണ്ടയുടെയും അയാളോട് പോരാടുന്ന അനില്‍ ആന്റോ എന്ന സാധാരണക്കാരന്റെയും കഥയാണ് ചിത്രം പറഞ്ഞത്. ബോക്‌സ് ഓഫീസില്‍ വലിയ വിജയമാകാന്‍ ചിത്രത്തിന് സാധിച്ചില്ല.
Content Highlight: Sethulakshmi about Prithviraj and Darvinte Parinamam movie