കൊച്ചി: ലൈംഗിക പീഡന പരാതിയിലെടുത്ത രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് വിലക്കില്ലെന്ന് കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടെതാണ് വിധി. ബംഗളൂരുവില്‍ താമസിക്കുന്ന 23കാരി നല്‍കിയ പരാതിയിലെടുത്ത കേസിലാണ് കോടതി നടപടിയെടുത്തിരിക്കുന്നത്.
പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷം മാത്രമെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാനാകൂവെന്ന് കോടതി നിരീക്ഷിച്ചു. തിങ്കളാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.
രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്നും പരാതിക്കാരിയുടെ പേര് പോലുമില്ലാതെയാണ് പരാതി നല്‍കിയിരിക്കുന്നതെന്നും രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പരാതി നല്‍കാന്‍ വൈകിയെന്ന വാദമുന്നയിച്ചെങ്കിലും അതിനെ തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
പരാതിക്കാരി സ്വന്തം പേര് പോലും നല്‍കാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇ-മെയില്‍ ഐ.ഡിയില്‍ പോലും വ്യക്തമല്ല. പീഡനത്തിനിരയായെന്ന് പറയുന്നുണ്ടെങ്കിലും സംഭവം നടന്ന സ്ഥലമോ സമയമോ ഉള്‍പ്പെടെയുള്ള വിവരങ്ങളൊന്നും പരാതിയിലില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാലത്ത് പുറത്തുവന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും അഭിഭാഷകന്‍ വാദിച്ചു.
ശനിയാഴ്ച രാവിലെ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ആദ്യ കേസില്‍ രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഈ മാസം 15ന് ഹരജി വീണ്ടും പരിഗണിക്കും.
പ്രത്യേക അന്വേഷണ സംഘത്തിനോട് റിപ്പോര്‍ട്ട് തേടിയ ഹൈക്കോടതി പ്രോസിക്യൂഷനും നോട്ടീസ് അയച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസ് ഇനി കോടതി പരിഗണിക്കുക തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. കേസില്‍ പെട്ടെന്ന് തീരുമാനമെടുക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.