ഇ.ഡിക്ക് തിരിച്ചടി; മമതക്കെതിരായ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി കല്‍ക്കട്ട ഹൈക്കോടതി
India
ഇ.ഡിക്ക് തിരിച്ചടി; മമതക്കെതിരായ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി കല്‍ക്കട്ട ഹൈക്കോടതി
രാഗേന്ദു. പി.ആര്‍
Saturday, 10th January 2026, 1:33 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ ഹരജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. മമതക്കെതിരായ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന ഇ.ഡിയുടെ ആവശ്യം കല്‍ക്കട്ട ഹൈക്കോടതി തള്ളി.

ജനുവരി 14ന് തന്നെ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. മമതക്കെതിരായ ഇ.ഡിയുടെ ഹരജിയും ഇ.ഡിക്കെതിരായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹരജികളും ഹൈക്കോടതി ഇന്നലെ (വെളളി) വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ഇരുപക്ഷവും തമ്മില്‍ കോടതിക്കുള്ളില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹരജികളില്‍ വാദം കേള്‍ക്കുന്നത് ജനുവരി 14ലേക്ക് മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് സുവ്ര ഘോഷാണ് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചത്.

ഇതിനെതിരെ ഇ.ഡി സമര്‍പ്പിച്ച അടിയന്തിര ഹരജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്. ഇ.ഡിയുടെ അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ മൂന്ന് ദിവസം കൂടി നിങ്ങള്‍ക്ക് ക്ഷമിക്കാൻ കഴിയില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

മമതക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അതിന് സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഇ.ഡിയുടെ ആവശ്യം. തങ്ങള്‍ക്ക് ആവശ്യമായ ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ള രേഖകള്‍ കൊല്‍ക്കത്ത പൊലീസ് മുഖേന മമത പിടിച്ചെടുത്തിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്.

ജനുവരി എട്ടിന് ടി.എം.സിയുടെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായ ഐ-പാക്കിന്റെ ഓഫീസിലും സ്ഥാപന മേധാവി പ്രതീക് ജെയ്‌നിന്റെ വീട്ടിലുമായി നടന്ന ഇ.ഡി റെയ്ഡാണ് ഹരജിക്കാസ്പദമായ സംഭവം.

റെയ്ഡ് നടക്കുന്നതിനിടെ മമത ഐ-പാക്കിലെത്തിയത് നാടകീയസംഭവങ്ങള്‍ക്ക് കാരണമായിരുന്നു. ഐ-പാക്കിന്റെ ഓഫീസില്‍ നിന്നിറങ്ങിയ മമത പച്ച നിറത്തിലുള്ള ഒരു ഫയലുമായാണ് പുറത്തെത്തിയത്.

തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ അടക്കം ചോര്‍ത്താനാണ് ഇ.ഡി ഐ-പാക്കിലെത്തിയതെന്ന് മമത ആരോപിച്ചു.

ഐ-പാക്കിന് മുന്നില്‍ തടിച്ചുകൂടിയ ടി.എം.സി പ്രവര്‍ത്തകര്‍ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനും ഇ.ഡിക്കുമെതിരെ പ്രതിഷേധമുയര്‍ത്തി.

ഇന്നലെയും ഇ.ഡി റെയ്ഡിനെതിരെ കൊല്‍ക്കത്തയില്‍  മമതയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ച് നടന്നിരുന്നു. ബി.ജെ.പിയെ ഇന്ത്യ ഭരിക്കാന്‍ അനുവദിക്കില്ലെന്ന മുദ്രവാക്യവുമായാണ് മമത തെരുവിലിറങ്ങിയത്.

Content Highlight: Setback for ED; Calcutta High Court rejects plea seeking urgent consideration of plea against Mamata

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.