ന്യൂദല്‍ഹി: രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത മാധ്യമപ്രവര്‍ത്തകന്‍ അഭിസാര്‍ ശര്‍മയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. നാലാഴ്ചത്തേക്കാണ് സുപ്രീം കോടതി അറസ്റ്റ് തടഞ്ഞത്. ഇതോടെ അസം സര്‍ക്കാര്‍ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
അതേസമയം തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന അഭിസാര്‍ ശര്‍മയുടെ ഹരജിയില്‍ ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശമുണ്ട്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പി അധികാരത്തിലിരിക്കുന്ന അസം സര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ട് യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്തതിനാണ് അഭിസാര്‍ ശര്‍മക്കെതിരെ കേസെടുത്തത്. ഗുവാഹത്തി ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
152 (രാജ്യദ്രോഹക്കുറ്റം), 196, 197 എന്നീ ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സിമന്റ് ഫാക്ടറി നിര്‍മിക്കുന്നതിനായി ഒരു സ്വകാര്യ സ്ഥാപനത്തിന് 3,000 ബിഗാ ആദിവാസി ഭൂമി അനുവദിച്ചതില്‍ അസം സര്‍ക്കാരിനെ ചോദ്യം ചെയ്തുകൊണ്ടാണ് അഭിസാര്‍ വീഡിയോ ചെയ്തത്. ഇതിനെ അടിസ്ഥാനമാക്കിയാണ് അസം പൊലീസ് കേസെടുത്തത്.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് അഭിസാര്‍ ശര്‍മയ്ക്ക് വേണ്ടി ഹാജരായത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുക്കാനാകില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.
രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, ഐക്യം എന്നിവയെ ഹനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ സെക്ഷന്‍ 152 ചുമത്തുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അസം സര്‍ക്കാര്‍ മാധ്യമപ്രവത്തകര്‍ക്കെതിരെയാണ് ഈ സെക്ഷന്‍ ഉപയോഗിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.
പത്രപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഒരാളെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കുന്നത് അങ്ങേയറ്റം അനുചിതവും ഭരണഘടനാപരമായ അപമാനവുമാണെന്നാണ് അഭിസാര്‍ ശര്‍മ തന്റെ ഹരജിയില്‍ പറഞ്ഞത്.
വാര്‍ത്തകളില്‍ മുഖ്യധാര മാധ്യമങ്ങള്‍ അവഗണിക്കുന്ന വീക്ഷണങ്ങളാണ് അഭിസാര്‍ ശര്‍മ 30 ലക്ഷം സബ്‌സ്‌ക്രൈബര്‍ ഉള്ള തന്റെ യൂട്യൂബ് ചാനലിലൂടെ അവതരിപ്പിച്ചിരുന്നത്. 1.8 മില്യണ്‍ ഫോളോവേഴ്‌സുള്ള തന്റെ എക്സ് അക്കൗണ്ടിലൂടെയും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്താറുണ്ട്.