കൊവിഡ് ഭീതി ഒഴിയുന്നു? ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; 10 വര്‍ഷത്തിനിടയിലെ മികച്ച നേട്ടം
Share Market
കൊവിഡ് ഭീതി ഒഴിയുന്നു? ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; 10 വര്‍ഷത്തിനിടയിലെ മികച്ച നേട്ടം
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 6:33 pm

മുംബൈ: കൊവിഡ് വ്യാപനത്തിന് പിന്നാലെയുണ്ടായ ഇടിവിനെ അട്ടിമറിച്ച് ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്. വ്യാപാരം ആരംഭിച്ചതുമുതല്‍ സെന്‍സെക്‌സും നിഫ്റ്റിയും മികച്ച പ്രകടനമായിരുന്നു. സെന്‍സെക്‌സ് 2,476 പോയിന്റ് ഉയര്‍ന്ന് 30,067ല്‍ എത്തിയാണ് അവസാനിച്ചത്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന കുതിപ്പാണിത്.

നിക്ഷേപകരുടെ ആസ്തിയില്‍ എട്ട് ലക്ഷം കോടിയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിഫ്റ്റി 8.76 ശതമാനം ഉയര്‍ന്ന് 8,792ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്ക്, ഊര്‍ജ്ജം എന്നീ മേഖലകളിലെ സൂചികകള്‍ പത്ത് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ആഗോള തലത്തില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത കുറയുന്നതിന്റെ സൂചനയാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക്, യൂറോപ് എന്നിവിടങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേയമാവുന്നു എന്നത് വാള്‍സ്ട്രീറ്റിലും പ്രതിഫലിച്ചിട്ടുണ്ട്. നിക്കി രണ്ട് ശതമാനം നേട്ടം കൊയ്തു.

മരുന്നുകളുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുത്തിയത് ഫാര്‍മ കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ട്. മികച്ച ഓഹരികള്‍ താഴ്ന്ന നിലവാരത്തിലെത്തിയപ്പോള്‍ ആവശ്യക്കാരുണ്ടായി എന്നതും വിപണിയില്‍ ഉണര്‍വുണ്ടാക്കി. ഓഹരികള്‍ നിലംപതിച്ചത് ആവശ്യക്കാരായ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മികച്ച അവസരമായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ