യു.എസ് താവളങ്ങള്‍ യു.എ.ഇയ്ക്ക് ആസ്തിയല്ല, ബാധ്യതയാണ്: യു.എ.ഇ അക്കാദമീഷ്യന്‍
World
യു.എസ് താവളങ്ങള്‍ യു.എ.ഇയ്ക്ക് ആസ്തിയല്ല, ബാധ്യതയാണ്: യു.എ.ഇ അക്കാദമീഷ്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2026, 10:11 am

അബുദാബി: യു.എ.ഇയിലെ യു.എസ് സൈനിക താവളങ്ങള്‍ രാജ്യത്തിന് ഒരു തന്ത്രപരമായ ആസ്തി എന്നതിലുപരി ഒരു ബാധ്യത ആയി മാറിയിരിക്കുകയാണെന്ന് അക്കാദമീഷ്യന്‍ അബ്ദുള്‍ഖലീഖ് അബ്ദുള്ള. എത്രയും പെട്ടെന്ന് അവ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് യു.എ.ഇ നേതൃത്വം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവുകൂടിയാണ് അബ്ദുള്‍ഖലീഖ് അബ്ദുള്ള. എക്സിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ സ്വന്തം നിലയില്‍ പ്രതിരോധിക്കാന്‍ യു.എ.ഇക്ക് പ്രാപ്തിയുണ്ടെന്ന് രാജ്യം തെളിയിച്ചു കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

‘യു.എ.ഇക്ക് ഇനി അമേരിക്കയെ പ്രതിരോധത്തിനായി ആവശ്യമില്ല. അമേരിക്കയുടെ കൈവശമുള്ള ഏറ്റവും മികച്ചതും അത്യാധുനികവുമായ ആയുധങ്ങള്‍ സ്വന്തമാക്കുക എന്നതില്‍ മാത്രമാകണം നമ്മുടെ ശ്രദ്ധ. അതിനാല്‍, അമേരിക്കന്‍ താവളങ്ങള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’ അബ്ദുള്ള എക്‌സില്‍ കുറിച്ചു.

യു.എസ് താവളങ്ങള്‍ രാജ്യത്തിന് ഒരു ഭാരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ തന്ത്രപരമായ താത്പര്യങ്ങള്‍ക്ക് അവ ഗുണകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ അബ്ദുള്ളയുടെ നിലപാടിനോട് വിയോജിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകനും കമന്റേറ്ററുമായ നാദിം കൊട്ടെയ്ച്ച് രംഗത്തെത്തി.

എല്ലാ പ്രധാന മേഖലകളിലും യു.എസ് യു.എ.ഇയുടെ വിശ്വസ്ത സഖ്യകക്ഷിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. യുദ്ധകാലത്തെ സഹകരണം ഇതിന് തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അബുദാബിയും വാഷിങ്ടണും തമ്മിലുള്ള ബന്ധം കേവലം സൈനിക തലത്തില്‍ മാത്രമുള്ളതല്ല. സാങ്കേതികവിദ്യ, വ്യവസായം, ഊര്‍ജ്ജം, സാമ്പത്തികം എന്നിങ്ങനെ സങ്കീര്‍ണ്ണമായ ഒരു ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ഈ സഖ്യം കൂടുതല്‍ ശക്തമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, താന്‍ യു.എസ്-യു.എ.ഇ ബന്ധത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ ദേശീയ പ്രതിരോധ പോര്‍ട്ട്ഫോളിയോയില്‍ യു.എസ് താവളങ്ങളുടെ യഥാര്‍ത്ഥ മൂല്യം പുനഃപരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു ഇതിനോടുള്ള അബ്ദുള്ളയുടെ മറുപടി.

ഫെബ്രുവരി 28 ന് ഇസ്രഈലും അമേരിക്കയും ഏകപക്ഷീയമായി ഇറാനെ ആക്രമിച്ചതോടെ ആരംഭിച്ച യുദ്ധം യു.എ.ഇയെ സാരമായി ബാധിച്ചിട്ടുണ്ട്.

യു.എ.ഇയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ വലിയ തോതിലുള്ള ഡ്രോണ്‍-മിസൈല്‍ ആക്രമണം ഉണ്ടായിരുന്നു.

മാര്‍ച്ച് അവസാനത്തോടെ 398 ബാലിസ്റ്റിക് മിസൈലുകളും, 1,872 ഡ്രോണുകളും, 15 ക്രൂയിസ് മിസൈലുകളും യു.എ.ഇ ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ചിരുന്നു.

മിക്ക ആക്രമണങ്ങളും തടയാനായെങ്കിലും, ബുര്‍ജ് അല്‍ അറബ്, പാം ജുമൈറ, ദുബായ് എയര്‍പോര്‍ട്ട്, ഫുജൈറ ഓയില്‍ മേഖല എന്നിവിടങ്ങളില്‍ വീണ അവശിഷ്ടങ്ങള്‍ നാശനഷ്ടങ്ങള്‍ വരുത്തി.

പതിറ്റാണ്ടുകളിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് യു.എ.ഇ ഇപ്പോള്‍ കടന്നുപോകുന്നത്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് മേഖലകളെ ആശ്രയിച്ചു നില്‍ക്കുന്ന രാജ്യത്തിന് യുദ്ധം വലിയ തിരിച്ചടിയായെന്നതില്‍ സംശയമില്ല.

ദുബായ്, അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നായി 120 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യം നഷ്ടപ്പെട്ടു. ഇതുവരെ 18,400-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായിലെ റിയല്‍ എസ്റ്റേറ്റ് സൂചികയില്‍ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിന്റെ കണക്കനുസരിച്ച് മിഡില്‍ ഈസ്റ്റിലുടനീളം യു.എസിന് 19 സൈനിക കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ എട്ടെണ്ണം സ്ഥിരം താവളങ്ങളാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് 40,000 അമേരിക്കന്‍ സൈനികരാണ് മേഖലയില്‍ ഉണ്ടായിരുന്നത്.

നിലവില്‍ യു.എ.ഇയില്‍ മാത്രം 3,500 സൈനികര്‍ താമസിക്കുന്നുണ്ട്. കൂടാതെ അമേരിക്കയും ഫ്രാന്‍സും യു.എ.ഇയും സംയുക്തമായി ഉപയോഗിക്കുന്ന അല്‍-ദഫ്ര എയര്‍ബേസും ഇവിടെയാണുള്ളത്.

ഈ സാഹചര്യത്തില്‍, സൈനിക താവളങ്ങളുടെ ഭാവി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഗള്‍ഫ് മേഖലയിലെ പ്രതിരോധ നയതന്ത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറന്നേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Senior UAE scholar says US bases are ‘a burden and not a strategic asset’