'കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന് മുമ്പേ ഇന്ത്യയില്‍ മാസ്സ് ടെസ്റ്റിംഗ് നടത്തണം'; കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പ്രണോയ് റോയ്
national news
'കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന് മുമ്പേ ഇന്ത്യയില്‍ മാസ്സ് ടെസ്റ്റിംഗ് നടത്തണം'; കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പ്രണോയ് റോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th March 2020, 4:57 pm

ന്യൂദല്‍ഹി:ഒരു പാട് വൈകുന്നതിന് മുമ്പ് തന്നെ രാജ്യത്ത് കൊവിഡ് 19 മാസ്സ് ടെസ്റ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രണോയ് റോയ്. രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് പ്രണോയ് റോയുടെ ട്വീറ്റ്.

ടെസ്റ്റ് ചെയ്യുക എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതുപോലെ ഇന്ത്യ എത്രയും പെട്ടെന്ന് തന്നെ കൊവിഡ് 19 ടെസ്റ്റ് ചെയ്യണമെന്നാണ് പ്രണോയ് റോയ് മുന്നറിയിപ്പു നല്‍കിയത്.

‘ഇന്ത്യ നിര്‍ബന്ധമായും കൊവിഡ് 19 ഇനിയും കൂടുതല്‍ ടെസ്റ്റ് ചെയ്യണം. സൗത്ത് കൊറിയന്‍ ആരോഗ്യ അധികൃതര്‍ പറഞ്ഞ പോലെ നിങ്ങള്‍ക്ക് കാണാത്തതിനോട് നിങ്ങള്‍ക്ക് പൊരുതാന്‍ കഴിയില്ല. ‘ടെസ്റ്റ് ചെയ്യുക, ടെസ്റ്റ് ചെയ്യുക, ടെസ്റ്റ് ചെയ്യുക’ എന്നതാണ് നമ്മള്‍ പ്രധാനമായും ചെയ്യേണ്ട മൂന്ന് കാര്യങ്ങളായി ഡബ്ല്യു.എച്ച്.ഒ പറഞ്ഞത്. ഒരുപാട് വൈകി പോകുന്നതിന് മുമ്പ് ഇന്ത്യ ധാരാളമായി കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്,’ പ്രണോയ് റോയ് ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ കൊവിഡ്-19 സമൂഹവ്യാപനത്തിലെത്തിയെന്ന് വിദഗ്ദ്ധര്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടെസ്റ്റിംഗ് വൈകിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നു.

 

തമിഴ്നാടില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ കൊവിഡ് 19 കേസ് ഡൊമസ്റ്റിക് കേസാണെന്ന് ആരോഗ്യമന്ത്രി സി. വിജയകുമാര്‍ അറിയിച്ചതിന് പിന്നാലെ ഇന്ത്യയില്‍ കൊവിഡ് സമൂഹവ്യാപനം എന്ന ഘട്ടത്തിലേക്ക് എത്തിയെന്ന നിലക്കുള്ള ചര്‍ച്ചകള്‍ ശക്തമായി നടക്കുന്നു. ഇന്ത്യയില്‍ കൊവിഡ് മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിലേക്ക് എത്തിയിരിക്കാനാണ് സാധ്യതയെന്നും ഇനി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കല്‍ കടുപ്പമായിരിക്കുമെന്നും ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈന, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം കൊവിഡിന്റെ അടുത്ത ഹോട്ട്സ്പോട്ടാകാന്‍ സാധ്യത ഇന്ത്യക്കാണെന്നും ഇവിടെയുള്ള മൊത്തം ജനങ്ങളില്‍ 60 ശതമാനം വരെ ആളുകള്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടൈന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങിനെ 60 ശതമാനത്തിലെത്തിയാല്‍ 80 കോടി ജനങ്ങളെയായിരിക്കും രോഗം ബാധിക്കുകയെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്സ്, ഇക്കണോമിക്സ്, ആന്റ് പോളസി ഡയറക്ടറായ രമണന്‍ ലക്ഷമിനാരാണന്‍ ദി വൈറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ആശുപത്രികളില്‍ ടെസ്റ്റിംഗിനായി കൂടുതല്‍ സൗകര്യമൊരുക്കണമെന്നും ചെറിയ രോഗലക്ഷണങ്ങള്‍ പോലുമുള്ളവര്‍ സ്വയം തന്നെ റിപ്പോര്‍ട്ട് ചെയ്യാനും സെല്‍ഫ് ക്വാറന്റൈനും ഐസോലേഷനും വിധേയമാകാനും തയ്യാറാകണമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ദിവസവും 10,000 പേരെ എന്ന നിലയിലെങ്കിലും ടെസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും എന്നാല്‍ ഇതുവരെ 11,500 പേരെ മാത്രമേ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്തിട്ടുള്ളുവെന്ന് ആരോഗ്യ വിദഗ്ദ്ധന്‍ രമണന്‍ ലക്ഷമിനാരായണന്‍ പറഞ്ഞു. ഇപ്പോഴെങ്കിലും കൂടുതല്‍ പേരില്‍ ടെസ്റ്റിംഗ് നടത്തിയില്ലെങ്കില്‍ വല്ലാതെ വൈകിപ്പോകുമെന്നും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ 10,000ത്തിലേറെ തിരിച്ചറിയാത്ത കൊവിഡ് കേസുകള്‍ ഉണ്ടാകാനാണ് സാധ്യതയെന്നും മറ്റു രാജ്യങ്ങളിലെ സാഹചര്യത്തോട് താരതമ്യം ചെയ്തുകൊണ്ട് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവരെ കൃത്യമായ ടെസ്റ്റിംഗിനും നിരീക്ഷണത്തിനും വിധേയമാക്കാനും സ്‌കൂളുകളും കോളേജുകളും അടച്ചും പൊതുപരിപാടികള്‍ ഒഴിവാക്കാനും സ്വീകരിച്ച സര്‍ക്കാര്‍ നടപടികള്‍ ഏറെ ഗുണകരമാണ്. പക്ഷെ മാസ് ടെസ്റ്റിംഗ് നടപ്പാക്കിയില്ലെങ്കില്‍ ഇതെല്ലാം ഉപകാരപ്രദമാകാതെ പോകുമെന്നും അതിനാല്‍ എത്രയും വേഗം ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നത്.