ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് സി.പി.ഐ.എം മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. തനിക്കെതിരായ പടയൊരുക്കത്തിന് പിന്നില്‍ സജി ചെറിയാനാണെന്ന് അദ്ദേഹം ആരോപിച്ചു. തന്നോട് ഏറ്റുമുട്ടാന്‍ സജി ചെറിയാന്‍ വരേണ്ട എന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കാന്‍ സജി ചെറിയാന്‍ ശ്രമിച്ചെന്നും പടക്കം പൊട്ടിച്ച് ടീ പാര്‍ട്ടി നടത്തിയെന്നും ജി. സുധാകരന്‍ പറഞ്ഞു.
തന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല. എന്നും പാര്‍ട്ടിക്കൊപ്പമാണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നടപടി എടുക്കണം. പാര്‍ട്ടി നശിക്കാന്‍ പാടില്ല. പാര്‍ട്ടി നയം അനുസരിച്ചാണ് പ്രവര്‍ത്തനം. പുന്നപ്ര വയലാറിന്റെ മണ്ണില്‍ നിന്നുകൊണ്ടാണിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.കെ. ബാലനെ പോലെ തനിക്ക് മാറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാന്റെ പ്രതികരണം ഇങ്ങനെയായിരുന്നില്ല വരേണ്ടത്. തന്നെ ആക്രമിച്ചവരോട് പാര്‍ട്ടിയോട് ചേര്‍ന്ന് പോകാന്‍ പറയുകയാണോ വേണ്ടത്. ബാലനെയോ സജി ചെറിയാനെയോ സെമിനാറില്‍ വിളിക്കാത്തതില്‍ താന്‍ ആണോ ഉത്തരവാദി. രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളുടെ ഒരു ചെറിയ ഗ്രൂപ്പ് ആലപ്പുഴയിലുണ്ട്. സജി ചെറിയാന്‍ വന്ന് നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.