ചെന്നൈ: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി വിട്ട് എം.ജി.ആര്‍ യുഗം മുതല്‍ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴക (എ.ഐ.എ.ഡി.എം.കെ)ത്തിനൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് ജെ.സി.ഡി പ്രഭാകര്‍. പാര്‍ട്ടി വിട്ട അദ്ദേഹം വിജയ്‌യുടെ തമിഴക വെട്രി കഴക (ടി.വി.കെ)ത്തില്‍ ചേര്‍ന്നു.
വിജയ്‌യുടെ വസതിയില്‍ നേരിട്ടെത്തിയാണ് പ്രഭാകര്‍ ടി.വി.കെയുടെ ഭാഗമാകുമെന്നുവെന്ന് അറിയിച്ചത്. രണ്ട് തവണ അണ്ണാ ഡി.എം.കെ ടിക്കറ്റില്‍ ജയിച്ച് എം.എല്‍.എ ആയ വ്യക്തിയാണ് പ്രഭാകര്‍. 1980ലും 2011ലും വില്ലിവാക്കം മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ മോശം പ്രകടനത്തിന് പിന്നാലെ ഒ. പനീര്‍സെല്‍വം വിഭാഗവുമായുള്ള ബന്ധം വേര്‍പെടുത്തിയ പ്രഭാകര്‍ പാര്‍ട്ടി വിട്ടിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ പിന്തുണയുള്ള സ്വതന്ത്രനായാണ് ഒ.പി.എസ്. മത്സരിച്ചത്. രാമനാഥപുരം മണ്ഡലത്തില്‍ നിന്നുമാണ് പനീര്‍സെല്‍വം ജനവധി തേടിയത്. ഡി.എം.കെ നയിച്ച ഇന്ത്യ സഖ്യത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ. നവാസ് കനിയോടായിരുന്നു തോല്‍വി.
ഈ മണ്ഡലത്തില്‍ മാത്രമല്ല, ആകെയുള്ള 39 മണ്ഡലത്തിലും ഡി.എം.കെയും സഖ്യകക്ഷികളുമാണ് വിജയം സ്വന്തമാക്കിയത്.
പനീര്‍സെല്‍വം എന്‍.ഡി.എ പിന്തുണ തേടിയതിനും തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ടതിനും പിന്നാലെ പ്രഭാകറിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ എ.ഐ.എ.ഡി.എം.കെ ഏകോപന സമിതി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
പാര്‍ട്ടിയില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രഭാകറിന്റെ നീക്കം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ടി.വി.കെ ക്യാമ്പിലെത്തിയിരിക്കുകയാണ്.
മുതിര്‍ന്ന നേതാവ് സെങ്കോട്ടയ്യന് ശേഷം എം.ജി.ആര്‍ യുഗത്തില്‍ നിന്നുള്ള സമുന്നതനായ നേതാവ് പാര്‍ട്ടി വിട്ടത് അണ്ണാ ഡി.എം.കെയ്ക്ക് ക്ഷീണം ചെയ്യും.
അതേസമയം, അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ നേതാക്കള്‍ ടി.വി.കെയിലെത്തുന്നത് തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പിന്തുണ വര്‍ധിക്കുന്നതിന്റെ തെളിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ദ്രാവിഡ സ്വത്വത്തിലധിഷ്ഠിതമായ തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂമികയില്‍ ടി.വി.കെ സാന്നിധ്യമറിയിക്കുമോ എന്നാണ് നിരീക്ഷികര്‍ ഉറ്റുനോക്കുന്നത്.