ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലെത്തി; ഓസ്ട്രേലിയന്‍ സെനറ്റര്‍ക്ക് സസ്പെന്‍ഷന്‍
World
ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലെത്തി; ഓസ്ട്രേലിയന്‍ സെനറ്റര്‍ക്ക് സസ്പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th November 2025, 9:16 pm

കാന്‍ബറ: ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലെത്തിയ ഓസ്ട്രേലിയന്‍ സെനറ്റര്‍ക്ക് സസ്പെന്‍ഷന്‍. വലതുപക്ഷ അനുകൂലിയും വണ്‍ നേഷന്‍ പാര്‍ട്ടി നേതാവുമായ പോളിന്‍ ലീ ഹാന്‍സണാണ് സസ്പെന്‍ഷന്‍ നേരിട്ടത്.

മുസ്‌ലിങ്ങൾ ഓസ്ട്രേലിയ കീഴടക്കുമെന്ന് ആരോപിച്ച് സഭയിലേക്ക് ബുര്‍ഖ ധരിച്ചെത്തിയതിന് പിന്നാലെയാണ് പോളിനെതിരായ നടപടി. ഇത് രണ്ടാം തവണയാണ് സഭയ്ക്കുള്ളിൽ പോളിൻ ഇത്തരത്തിൽ പ്രതിഷേധിക്കുന്നത്. ഓസ്ട്രേലിയയിലെ പൊതുയിടങ്ങളില്‍ ബുര്‍ഖ നിരോധിക്കുന്ന നിയമം പാസാക്കണമെന്നാണ് പോളിന്റെ ആവശ്യം.

ഇന്നലെ (തിങ്കളാഴച)യാണ് തീവ്ര വലതുപക്ഷ നേതാവായ പോളിന്‍ ബുര്‍ഖ ധരിച്ച് സഭയിലെത്തിയത്. തുടര്‍ന്ന് പാര്‍ലമെന്റിനുള്ളില്‍ ക്വീന്‍സ്‌ലാന്‍ഡ് സെനറ്റര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പോളിനെ സഭയിലെ മറ്റു സെനറ്റര്‍മാര്‍ രൂക്ഷമായി വിമര്‍ശിച്ചു.

‘വസ്ത്രധാരണം പോളിന്‍ അടക്കമുള്ള ഓരോ വ്യക്തിയുടെയും അവകാശമാണ്. എന്നാല്‍ വംശീയത ഓസ്ട്രേലിയന്‍ സെനറ്റിന്റെ ചോയ്‌സ് അല്ല. പാര്‍ലമെന്റിനകത്ത് ഇവര്‍ ഇസ്‌ലാമോഫോബിയയാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ആരെങ്കിലും ഇവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടതാണ്,’ സെനറ്റര്‍ മെഹ്രീന്‍ ഫാറൂഖി പറഞ്ഞു.

‘പക്വതയില്ലാത്ത ഒരു നീക്കമാണ് പോളിന്‍ ഹാന്‍സണ്‍ നടത്തിയത്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു ശ്രമം മാത്രം. പോളിന്‍ ഒരു വിശ്വാസത്തെ പരിഹസിക്കുകയും നിന്ദിക്കുകയുമാണ് ചെയ്തത്. ഈ രാജ്യത്തെ ഏകദേശം പത്ത് ലക്ഷം പൗരന്മാര്‍ ആചരിക്കുന്ന ഒരു വിശ്വാസത്തെയാണ് പോളിന്‍ നിന്ദിച്ചത്,’ സസ്പെന്‍ഷന്‍ നിര്‍ദേശിച്ചുകൊണ്ട് ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ് പറഞ്ഞു.

‘പോളിന്‍ ഒരു വിശ്വാസത്തെയാണ് അവഹേളിച്ചത്. ഇവര്‍ അവഹേളിച്ചത് മുസ്‌ലിം ജനതയെയാണ്, ഓസ്ട്രേലിയന്‍ മുസ്‌ലിങ്ങളെയാണ്. ഈ നീക്കം തികച്ചും ഭരണഘടനാ വിരുദ്ധമാണ്,’ സ്വതന്ത്ര സെനറ്റര്‍ ഫാത്തിമ പേമാന്‍ പ്രതികരിച്ചു.

2017ലാണ് പോളിന്‍ ഹാന്‍സണ്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധം നടത്തിയത്. എന്നാല്‍ അക്കാലയളവില്‍ പാര്‍ലമെന്റിനുള്ളില്‍ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിച്ച് സെനറ്റര്‍മാര്‍ ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ താനും ഫാത്തിമയും ഈ സഭയ്ക്കുള്ളില്‍ ഉണ്ടെന്നും മെഹ്രീന്‍ ഫാറൂഖി ഓര്‍മിപ്പിച്ചു.

അതേസമയം 2017ല്‍ പോളിന്‍ ഹാന്‍സണെതിരെ സ്പീക്കര്‍ നടപടി സ്വീകരിച്ചിരുന്നില്ല. മുസ്‌ലിം കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് പോളിന്റെ പ്രവര്‍ത്തനം. 2016 മുതല്‍ ക്വീന്‍സ്‌ലാന്‍ഡിനെ പ്രതിനിധീകരിച്ചുകൊണ്ട് പോളിന്‍ സെനറ്റിലുണ്ട്.

1990ല്‍ ഓസ്‌ട്രേലിയ ഏഷ്യന്‍ കുടിയേറ്റക്കാരാല്‍ കീഴടക്കപ്പെടുമെന്നും രാജ്യത്തിന്റെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് അവരാണ് ഉത്തരവാദികളെന്നും പോളിന്‍ ഹാന്‍സണ്‍ ആരോപിച്ചിരുന്നു. 2025 സെപ്റ്റംബറില്‍ ഓസ്ട്രേലിയയില്‍ നടന്ന കുടിയേറ്റ വിരുദ്ധ റാലി ആഗോള തലത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ ഈ ലക്ഷ്യമിട്ടായിരുന്നു ഓസ്ട്രേലിയയിലെ മെഗാ റാലി. ഇതിനുപിന്നാലെയാണ് പോളിന്‍ ഹാന്‍സണിന്റെ പ്രതിഷേധവും ചര്‍ച്ചയാകുന്നത്.

Content Highlight: Senator suspended for wearing burqa in parliament, saying ‘Muslims will take over Australia’