ഓപ്പറേഷൻ സിന്ദൂരിനെ പ്രകീർത്തിച്ച് റെയിൽവേ ടിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം; രൂക്ഷ വിമർശനവുമായി കോൺഗ്രസ്
national news
ഓപ്പറേഷൻ സിന്ദൂരിനെ പ്രകീർത്തിച്ച് റെയിൽവേ ടിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം; രൂക്ഷ വിമർശനവുമായി കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th May 2025, 4:04 pm

ന്യൂദൽഹി: ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തി റെയിൽവേ. ഓൺലൈൻ ടിക്കറ്റുകളിലാണ് മോദിയുടെ ചിത്രമുള്ളത്. ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ച് കൊണ്ട് മോദിയുടെ ചിത്രം ഉൾപ്പെടുത്തി രൂപകൽപന ചെയ്ത റെയിൽവേ ടിക്കറ്റുകൾ വിൽക്കുന്നത് സൈന്യത്തിന്റെ വീര്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി വിൽക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് വിമർശിച്ചു.

മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാറാണ് തന്റെ എക്സ് അക്കൗണ്ടിൽ മോദിയുടെ ചിത്രമുള്ള ഒരു ടിക്കറ്റ് പങ്കുവെച്ചുകൊണ്ട് ബി.ജെ.പിയെ വിമർശിച്ചത്. കേണൽ സോഫിയ ഖുറേഷിയെയും സായുധ സേനയെയും അപമാനിച്ച മധ്യപ്രദേശ് ബി.ജെ.പി മന്ത്രിയെക്കുറിച്ചും  അദ്ദേഹം പരോക്ഷമായി വിമർശിച്ചു.

‘രാഷ്ട്രീയ നേട്ടങ്ങൾക്കായി സൈന്യത്തിന്റെ വീര്യം പോലും ഒരു ഉത്പന്നം പോലെ വിൽക്കപ്പെടുന്നു. പരസ്യങ്ങളിലൂടെ മാത്രമാണ് കേന്ദ്ര സർക്കാരിന് ഇപ്പോൾ നിലനിൽക്കാൻ സാധിക്കുകയുള്ളു എന്ന നില വന്നിരിക്കുകയാണ്. അതിനുള്ള  ഒരു പുതിയ ഉദാഹരണം ഇതാ. റെയിൽവേ ടിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ പ്രചാരണത്തിനുള്ള ഒരു ഉപകരണമായി ഓപ്പറേഷൻ സിന്ദൂരിനെ ഉപയോഗിക്കുന്നു. ഇതുവരെ മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കൾ മാത്രമാണ് സൈന്യത്തോട് അനാദരവ് കാണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി പോലും അവരുടെ കൂടെ ചേർന്നിരിക്കുന്നു,’ അദ്ദേഹം വിമർശിച്ചു.

മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗാർ

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള മാധ്യമ സമ്മേളനങ്ങളുടെ മുഖമായ കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്ന് വിളിച്ച് മധ്യപ്രദേശ് ഗോത്രകാര്യ മന്ത്രി വിജയ് ഷാ അപമാനിച്ചിരുന്നു. തുടർന്ന് ബി.ജെ.പിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

അതേസമയം മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവായ പിയൂഷ് ബാബെലെയും മോദിയെ വിമർശിച്ചു. മോദി സർക്കാർ എത്രമാത്രം പരസ്യ ഭ്രമത്തിലാണെന്നതിന്റെ ഒരു ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഐ.ആർ.സി.ടി.സി ഇ-ടിക്കറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. റെയിൽവേ ടിക്കറ്റുകളിലെ പരസ്യമായി അവർ ‘ഓപ്പറേഷൻ സിന്ദൂർ’ ഉപയോഗിക്കുന്നു. സൈന്യത്തിന്റെ വീര്യം പോലും അവർ ഒരു ഉത്പന്നം പോലെ വിൽക്കുന്നു. ഇത് ദേശസ്‌നേഹമല്ല, വില പേശലാണെന്നും പിയൂഷ് ബാബെലെ കുറിച്ചു.

പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പിലാക്കിയതുമുതൽ, ഇന്ത്യൻ സായുധ സേനയുടെ നേട്ടങ്ങൾ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കാൻ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പിയൂഷ് ബാബെലെ ആരോപിച്ചു.

 

Content Highlight: Selling Army’s valour for political mileage: Cong targets BJP over PM’s pic on railway tickets