ഡ്രൈവിംഗ് ലൈസന്‍സിനായുള്ള യുദ്ധം; അക്ഷയ്ക്കും ഇമ്രാനുമൊപ്പം മൃണാളും; സെല്‍ഫി ട്രെയ്‌ലര്‍
Film News
ഡ്രൈവിംഗ് ലൈസന്‍സിനായുള്ള യുദ്ധം; അക്ഷയ്ക്കും ഇമ്രാനുമൊപ്പം മൃണാളും; സെല്‍ഫി ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd January 2023, 3:47 pm

അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സെല്‍ഫിയുടെ ട്രെയ്‌ലര്‍ പുറത്ത്. സൂപ്പര്‍ സ്റ്റാര്‍ വിജയ് ആയി അക്ഷയ് കുമാറെത്തുമ്പോള്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് ഇമ്രാന്‍ ഹഷ്മി അവതരിപ്പിക്കുന്നത്. ആരാധന ഒടുവില്‍ ശത്രുതയിലേക്ക് മാറുന്നതും അത് പിന്നെ സൂപ്പര്‍ താരവും സാധാരണക്കാരനും തമ്മിലുള്ള പോരാട്ടമാവുന്നതുമാണ് ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കാണിക്കുന്നത്. അക്ഷയ് കുമാറിനും ഇമ്രാന്‍ ഹഷ്മിക്കുമൊപ്പം മൃണാള്‍ താക്കൂറും ട്രെയ്‌ലറിലെത്തുന്നുണ്ട്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച സൂപ്പര്‍ ഹിറ്റ് മലയാളം ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി.
ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളില്‍ എത്തും. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയുമാണ് ചെയ്തിരിക്കുന്നത്.

ഡയാന പെന്റി, നുഷ്രത്ത് ബറൂച്ച എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ ഭൂമി പഡ്നേക്കര്‍, സഹെജ്മീന്‍ കൗര്‍, ദീപിക ഖന്ന, സാദിയ ഖത്തീബ്, സ്മൃതി ശ്രീകാന്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പികക്കുന്നത്. ഗുഡ് ന്യൂസ്, ജഗ്ജഗ്ഗ് ജിയോ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജ് മേത്തയാണ് സെല്‍ഫി സംവിധാനം ചെയ്യുന്നത്.

അക്ഷയ് കുമാര്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രമാണ് സെല്‍ഫി. സാമ്രാട്ട് പൃഥ്വിരാജ്, രാമ സേതു, കട്ട് പുട്ട്ലി, ബച്ചന്‍ പാണ്ഡേ, രക്ഷാബന്ധന്‍ തുടങ്ങി 2022ല്‍ ഇറങ്ങിയ അക്ഷയ് കുമാര്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും പരാജയങ്ങളായിരുന്നു.

Content Highlight: selfie trailer starring akshay kumar and imran hashmi