സി.ബി.ഐ ഡയറക്ടറെ തീരുമാനിക്കാതെ സെലക്ഷന്‍ കമ്മിറ്റി; അടുത്ത യോഗത്തില്‍ തീരുമാനമായേക്കും
national news
സി.ബി.ഐ ഡയറക്ടറെ തീരുമാനിക്കാതെ സെലക്ഷന്‍ കമ്മിറ്റി; അടുത്ത യോഗത്തില്‍ തീരുമാനമായേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th January 2019, 10:14 pm

ന്യൂദല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗം തീരുമാനമില്ലാതെ പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കടുത്തിരുന്നു. സമിതി വെള്ളിയാഴ്ച വീണ്ടും യോഗം ചേരും.

അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനമെടുത്തതിന് ശേഷം ഇതാദ്യമായാണ് സമിതി യോഗം ചേരുന്നത്.അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് വിവാദമായിരുന്നു. മോദിയുടെ വിശ്വസ്തനായ രാകേഷ് അസ്താനയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് അലോക് വര്‍മ്മയെ മാറ്റിയതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

Also Read 2019ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല, പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകം; എ.ബി.പി ന്യൂസ്- സി വോട്ടര്‍ സര്‍വേ

അലോക് വര്‍മ്മയെ പുറത്താക്കി പകരം നാഗേശ്വര റാവുവിനെ ഇടക്കാല സി.ബി.ഐ ഡയരക്ടറെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇത് നിയവിരുദ്ധമായ നിയമനമാണെന്ന് ചൂണ്ടിക്കാട്ടി മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയിരുന്നു.

നാഗേശ്വര റാവുവിന്റെ നിയമനത്തെ ചോദ്യം ചെയ്തു കൊണ്ട് കോമണ്‍ കോസ് എന്‍.ജി.ഒ ഹൈക്കോടതിയില്‍ ഹരജിയും സമര്‍പ്പിച്ചിരുന്നു. ഈ ഹരജി ഇന്ന് പരിഗണിക്കാനിരിക്കെ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് സിക്രി പിന്മാറിയതോടെ വാദം കേള്‍ക്കല്‍ നാളത്തേക്ക് മാറ്റിയിരുന്നു. അലോക് വര്‍മ്മയെ പുറത്താക്കിയ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ജസ്റ്റിസ് സിക്രി നിഷ്പക്ഷതയെ മാനിച്ചു കൊണ്ട് വാദം കേള്‍ക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.